| Friday, 7th March 2025, 8:30 pm

മമ്മൂക്ക എന്നെ മടിയനെന്നാണ് വിളിക്കുന്നത്; അദ്ദേഹം അങ്ങനെ വിളിക്കാന്‍ കാരണമുണ്ട്: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പ്രശസ്തനായ അഭിനേതാവാണ് ബിജു മേനോന്‍. നായകന്‍, സഹനായകന്‍, സപ്പോര്‍ട്ടിങ് ആക്ടര്‍, വില്ലന്‍ എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച നടനാണ് അദ്ദേഹം.

ടി.വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ബിജു മേനോന്‍ സിനിമാരംഗത്തേക്ക് കടന്ന് വന്നത്. 1991ല്‍ റിലീസ് ചെയ്ത ഈഗിള്‍ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1999ല്‍ പുറത്തിറങ്ങിയ പത്രം എന്ന സിനിമയിലെ എസ്.പി. ഫിറോസ് എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മധുരനൊമ്പരക്കാറ്റിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ബിജു മേനോന്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ്, ഓര്‍ഡിനറി തുടങ്ങിയ സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളും ചെയ്തു. വെള്ളിമൂങ്ങ എന്ന സിനിമയിലെ മാമച്ചന്‍ എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടിക്കൊടുത്തതാണ്.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ കഥാപാത്രത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ സെക്കന്‍ഡ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്,
ഗദ്ദാമ എന്ന ചിത്രങ്ങളിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടി തന്നെ മടിയന്‍ എന്ന് വിളിച്ചതിനെപ്പറ്റിയും അതിന്റെ കാരണങ്ങളും തുറന്ന് പറയുകയാണ് ബിജു മേനോന്‍. അദ്ദേഹം (മമ്മൂട്ടി) വിശ്രമിക്കാതെ പണിയെടുക്കുന്നത് കൊണ്ടാണ് തന്നെ മടിയനെന്ന് വിളിക്കുന്നതെന്നും അത്യാവശ്യം ജോലിയൊക്കെ താന്‍ ചെയ്തിട്ടുണ്ടെന്നുമാണ് ബിജു മേനോന്‍ പറയുന്നത്. സില്ലിമോങ്ക്‌സ് മലയാളം എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ബ്രേക്ക് എടുക്കാതെ തുടരെ സിനിമ ചെയ്യുന്നുണ്ട്. പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്,’ എന്നാണ് അദ്ദേഹം പറയുന്നത്. എന്നിട്ടും ഇത്രയും പണിയെടുക്കുന്നയാള്‍ക്ക് എങ്ങനെ മടിയന്‍ ടാഗ് വന്നുവെന്ന ചോദ്യത്തിന് ‘ മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരും’ എന്നാണ് ബിജു മേനോന്‍ പറയുന്നത്.

മമ്മൂക്കയുമായി കമ്പയര്‍ ചെയ്യുമ്പോള്‍ എല്ലാവരും മടിയന്‍മാരാണെന്നും, അദ്ദേഹം ഒരു നിമിഷം പോലും വിശ്രമിക്കാത്തയാളാണെന്നും സംവിധായകന്‍ റാഫി പറയുന്നതിനോട് ‘അത്രയും ജോലി ചെയ്യാത്തത് കൊണ്ടാണ് മമ്മൂക്ക ഞാന്‍ മടിയനാണെന്ന് പറയുന്നത്. ഞാന്‍ അത്യാവശ്യം ജോലിയൊക്കെ ചെയ്യുന്നുണ്ട്,’ എന്നാണ് ബിജു മേനോന്‍ പ്രതികരിച്ചത്.

Content Highlight: Biju Menon Talks About Mammootty

We use cookies to give you the best possible experience. Learn more