കനത്ത മഴയിലും ബാറ്റുമെടുത്ത് 25 കിലോമീറ്റര്‍ താണ്ടി സഞ്ജു അവിടെയെത്തി, അതെന്നെ അത്ഭുതപ്പെടുത്തി: ഇന്ത്യൻ ഫീൽഡിങ് കോച്ച്
Cricket
കനത്ത മഴയിലും ബാറ്റുമെടുത്ത് 25 കിലോമീറ്റര്‍ താണ്ടി സഞ്ജു അവിടെയെത്തി, അതെന്നെ അത്ഭുതപ്പെടുത്തി: ഇന്ത്യൻ ഫീൽഡിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2024, 3:48 pm

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇടം നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് ശേഷം സഞ്ജുവുമായി സംസാരിച്ചതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫീല്‍ഡിങ് പരിശീലകന്‍ ബിജു ജോര്‍ജ്.

കേരള ക്രിക്കറ്റിനെ കുറിച്ചും അതിന്റെ വികസനത്തെക്കുറിച്ചും ആണ് സഞ്ജു കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത് എന്നാണ് ജോര്‍ജ് പറഞ്ഞത്.

‘വരാനിരിക്കുന്ന ടി-20 ലോകകപ്പിനുഉള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കുറച്ച് മിനിട്ടുകള്‍ ഞങ്ങള്‍ സംസാരിച്ചു. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ കേരളം ഒരു ട്രോഫി എങ്കിലും നേടണം എന്നായിരുന്നു അവന് കൂടുതല്‍ സംസാരിച്ചത്. കൂടുതല്‍ താരങ്ങള്‍ കേരളത്തില്‍ നിന്ന് ക്രിക്കറ്റ് കളിക്കണം എന്നും നാഷണല്‍ ലെവലില്‍ എത്തണമെന്നും സഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു,’ ബിജു ജോര്‍ജ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചെറുപ്പകാലം മുതല്‍ തന്നെ സഞ്ജു ക്രിക്കറ്റിലെ തന്റെ കഴിവുകള്‍ എങ്ങനെയാണ് മെച്ചപ്പെടുത്തിയത് എന്നതിനെക്കുറിച്ചും ജോര്‍ജ് പറഞ്ഞു.

‘മഴയായാലും വെയിലായാലും സഞ്ജുവും അവന്റെ സഹോദരന്‍ സാലിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരിക്കും. ഒരു ദിവസം ഇവിടെ കനത്ത മഴ പെയ്തിരുന്നു. വിഴിഞ്ഞത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള നെറ്റ്‌സില്‍ സഞ്ജു കളിക്കാന്‍ വരില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ അവന്‍ കൃത്യസമയത്ത് അവിടെ എത്തിയിരുന്നു. ഇതിലൂടെ അവന്‍ ഇനിയും ഉയരങ്ങളിലേക്ക് പോവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

2015ല്‍ സിംബാബ്വെക്കെതിരെയാണ് സഞ്ജു ടി-20യില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കൊപ്പം 22 ഇന്നിങ്സില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറി അടക്കം 374 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിനത്തില്‍ കളിക്കുന്നത്. ഏകദിനത്തില്‍ 14 ഇന്നിങ്സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം ഐ.പി.എല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 471 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 67.29 ആവറേജിലും 163.54 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു ബാറ്റ് വീശിയത്.

സഞ്ജുവിന്റെ കീഴില്‍ അവിസ്മരണീയമായ മുന്നേറ്റമാണ് ഈ സീസണില്‍ രാജസ്ഥാന്‍ നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും മൂന്ന് തോല്‍വിയും അടക്കം 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.

മെയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Biju George talks about Sanju Samson