| Wednesday, 5th November 2025, 7:16 pm

ബീഹാര്‍ വോട്ടെടുപ്പിന് ഒരു ദിവസം ബാക്കി; കാലുമാറി ബി.ജെ.പിയില്‍ ചേര്‍ന്ന് ജന്‍ സുരാജ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍സുരാജിന്റെ സ്ഥാനാര്‍ത്ഥി ബി.ജെ.പിയില്‍ ചേര്‍ന്നു.

ബീഹാര്‍ മുന്‍ഗര്‍ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ജയ് സിങ്ങാണ് ബുധനാഴ്ച കാലുമാറിയത്.

മുന്‍ഗറിലെ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കുമാര്‍ പ്രണയുടെ കയ്യില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുന്‍ഗറില്‍ ത്രികോണ മത്സരം പ്രതീക്ഷിച്ചിരിക്കെയാണ് സഞ്ജയ് സിങ് രാഷ്ട്രീയ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കാലുമാറിയിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ മത്സരം എന്‍.ഡി.എയും ആര്‍.ജെ.ഡി-കോണ്‍ഗ്രസ് നേതൃത്വത്തിന്റ മഹാഗഡ്ബന്ധനും തമ്മിലായി.

സഞ്ജയ് സിങ്

ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും നിതീഷ് കുമാറിനെയും പുകഴ്ത്തി സംസാരിച്ച സഞ്ജയ് സിങ്, ജന്‍ സുരാജ് പാര്‍ട്ടിയുടെ ആശയം നല്ലതാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിധ്വനിക്കുന്നതാണെന്നും പ്രതികരിച്ചു.

എന്നാല്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാന്‍ ഉറച്ചതും ശക്തവുമായ ഒരു നേതൃത്വം ആവശ്യമാണെന്നും ജന്‍സുരാജ് പാര്‍ട്ടിക്ക് അതില്ലെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി.

നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എന്‍.ഡി.എയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, നേരത്തെ തന്നെ ബി.ജെ.പി തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാനായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയിരുന്നു.

ബന്ധുക്കളെയടക്കം സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാനാര്‍ത്ഥികളെ പിന്മാറാന്‍ പ്രേരിപ്പിക്കുകയാണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം. ബി.ജെ.പി ബലപ്രയോഗം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഒക്ടോബറില്‍ മൂന്ന് ജന്‍ സുരാജ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയിരുന്നു. ഗോപാല്‍ഗഞ്ച്, ദാനാപൂര്‍, ബ്രഹ്‌മപൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചത്.

അതേസമയം, വരും ദിവസങ്ങളില്‍ ജന്‍ സുരാജ്-ബി.ജെ.പി വാക്‌പോരിന് സഞ്ജയ് സിങ്ങിന്റെ നീക്കം കാരണമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Content Highlight: Bihar polls: One day left; Jan Suraj candidate joins BJP

We use cookies to give you the best possible experience. Learn more