രണ്ട് കാരണങ്ങളാല്‍ ലോകകപ്പ് ഇന്ത്യയിലേക്ക് മാറ്റണമെന്ന് അമിതാഭ് ബച്ചന്‍
ICC WORLD CUP 2019
രണ്ട് കാരണങ്ങളാല്‍ ലോകകപ്പ് ഇന്ത്യയിലേക്ക് മാറ്റണമെന്ന് അമിതാഭ് ബച്ചന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2019, 6:02 pm

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് മഴയെടുക്കുമെന്ന ഭീതി നിലനില്‍ക്കെ ടൂര്‍ണമെന്റ് തന്നെ ഇന്ത്യയിലേക്ക് മാറ്റണമെന്ന് അമിതാഭ് ബച്ചന്‍. ഇന്ത്യയിലിരുന്ന് കളി കാണാമെന്നത് മാത്രമല്ല കടുത്ത വേനലില്‍ ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോള്‍ ഇവിടെയും മഴ പെയ്‌തേക്കാമെന്നതാണ് ബിഗ് ബിയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

ഉത്തരേന്ത്യയിലിപ്പോള്‍ കനത്ത ചൂട് തുടരുകയാണ്. ദല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത ചൂടിനെ തുടര്‍ന്ന് കേരളാ എക്‌സ്പ്രസില്‍ തമിഴ്‌നാട്ടുകാരായ 4 യാത്രക്കാര്‍ മരണപ്പെട്ടിരുന്നു.

മഴയെ തുടര്‍ന്ന് ഇത്തവണ ലോകകപ്പില്‍ നാല് മത്സരങ്ങളാണ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നത്. കാലാവസ്ഥ പരിഗണിക്കാതെ ഇംഗണ്ടില്‍ ടൂര്‍ണമെന്റ് വെച്ച ഐ.സി.സിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഇന്നലെ നോട്ടിങ്ഹാമില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരവും മഴ മുടക്കിയിരുന്നു. നേരത്തെ പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളാണ് ഉപേക്ഷിച്ചിരുന്നത്.