ബിബീ നിങ്ങള്‍ കുറച്ച് സൂക്ഷിച്ചോളൂ, അല്ലെങ്കില്‍ ഇറാനെതിരായ ആക്രമണത്തില്‍ ഒറ്റപ്പെടും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്
World
ബിബീ നിങ്ങള്‍ കുറച്ച് സൂക്ഷിച്ചോളൂ, അല്ലെങ്കില്‍ ഇറാനെതിരായ ആക്രമണത്തില്‍ ഒറ്റപ്പെടും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്
നിഷാന. വി.വി
Tuesday, 9th June 2026, 9:54 am

വാഷിങ്ടണ്‍: ഇറാനെതിരായി വീണ്ടുമൊരു ആക്രമണം നടത്തിയാല്‍ ഇസ്രഈല്‍ ഇനി ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രംപ്. ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചബിന്‍ നെതന്യാഹുവിനാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വീണ്ടും ആരംഭിച്ച സംഘര്‍ഷം നിര്‍ത്തുമെന്ന് ഇറാാനും ഇസ്രഈലും അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ താക്കീത്. യു.എസ് മാധ്യമമായ ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപ് തന്റെ നിലപാടറിയിച്ചത്.

താന്‍ നെതന്യാഹുവിനെ വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

‘ബിബീ നിങ്ങള്‍ കുറച്ച് ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെടും,’ ട്രംപ് പറഞ്ഞു.

നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ഇതോടെ ഇറാന് നേരെയുള്ള ഇസ്രഈല്‍ ആക്രമണത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ താന്‍ ശ്രമിച്ചുവെന്നും ട്രംപ് പറഞ്ഞു.

എന്നല്‍ ഇസ്രഈലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നും അത് തങ്ങള്‍ ആവശ്യാനുസരണം പ്രയോഗിക്കുന്നുണ്ടെന്നും ട്രംപിനോട് പറഞ്ഞതായി ടെലിവിഷന്‍ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രഈല്‍ നടത്തിയ മാരകമായ ബോംബാക്രമണത്തെ തുടര്‍ന്നായിരുന്നു ഇറാന്‍ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തിയത്. തുടര്‍ന്ന് ഇസ്രഈല്‍ ഇറാനിലും വ്യോമാക്രമണങ്ങള്‍ നടത്തി. ഈ ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

‘ലെബനനില്‍ ഇസ്രഈല്‍ വ്യാപകമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരെയാണ് തങ്ങളുടെ സൈനിക നടപടി’ എന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) അഭിപ്രായപ്പെട്ടിരുന്നു. ഇസ്രഈലിന്റെ നെവാതിം, ടെല്‍ നോഫ് വ്യോമതാവളങ്ങള്‍ ആക്രമിച്ചതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് ആക്രമണ നടപടികള്‍ നിര്‍ത്തിവെക്കുകയാണെന്ന് ഇറാന്‍ സൈനിക ആസ്ഥാനം അറിയിച്ചു. ഇസ്രഈല്‍ ഭരണകൂടത്തിന് വേദനിപ്പിക്കുന്ന ഒരു മറുപടി നല്‍കാന്‍ സാധിച്ചെന്നും ഇറാന്റെ ഉന്നത സംയുക്ത സൈനിക കേന്ദ്രമായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്സിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

തെക്കന്‍ ലെബനനിലും ദഹിയേ ജില്ലയിലും ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയ ശേഷമാണ് സൈനിക നടപടി അവസാനിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. യു.എസ് പിന്തുണയോട് കൂടിയാണ് ഇസ്രഈല്‍ ലെബനനില്‍ ആക്രമിച്ചതെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ക്രിമിനല്‍ അമേരിക്ക എന്നാണ് പ്രസ്താവനയില്‍ യു.എസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ ഈ പ്രതികരണത്തില്‍ നിന്ന് വ്യാജ സയണിസ്റ്റ് ഭരണകൂടവും അതിനെ പിന്തുണക്കുന്നവരും ഒരു പാഠം പഠിച്ചിട്ടുണ്ടാവും എന്നും,’ ഇറാന്‍ സൈനിക ആസ്ഥാനത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Bibi, be careful or you will be isolated in an attack on Iran; Trump warns Netanyahu

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.