ന്യൂദല്‍ഹി: ലോക്‌സഭയില്‍ പക്ഷപാതപരമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് കാണിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചു. ചട്ടം94സി പ്രകാരം പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചതായി അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ് അറിയിച്ചു.
എന്‍.ഡി.എ സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷം സ്പീക്കര്‍ക്കെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയത്തിനാണ് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്പീക്കര്‍ സഭയിലെ ചട്ടങ്ങള്‍ നിരന്തരം ലംഘിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭയിലെ കാര്യങ്ങള്‍ വ്യക്തമായി പക്ഷപാതപരമായി നടപടിയെടുക്കുന്നുണ്ട്.
പൊതുതാത്പര്യ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പ്രതിപക്ഷ എം.പിമാരെ സ്പീക്കര്‍ നിരന്തരം തടയുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതും പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തില്‍ നടപടിയെടുക്കാത്തതുമെല്ലാം ഓം ബിര്‍ളയുടെ പക്ഷപാതപരമായ നടപടിക്ക് ഉദാഹരണമായി പ്രതിപക്ഷം ചടൂണ്ടിക്കാണിക്കുന്നു.
അതേസമയം, പ്രതിപക്ഷത്തിന് പ്രമേയം പാസാക്കാന്‍ ആവശ്യമായ അംഗബലം ഇല്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.
ഭരണഘടന ആര്‍ട്ടിക്കിള്‍ 94 സി പ്രകാരം 14 ദിവസത്തെ നോട്ടീസ് പിരിയഡിന് ശേഷം ലോക്‌സഭ പാസാക്കുന്ന പ്രമേയം വഴി സ്പീക്കറെ നീക്കം ചെയ്യാനാകും.
Content Highlight: Bias in House proceedings; 118 opposition MPs sign no-confidence motion against Om Birla