ഭൂവനേശ്വര്‍ കുമാറിന് രണ്ടോ മൂന്നോ മത്സരങ്ങളില്‍ കളിക്കാനാവില്ല പകരം ഷമി
ICC WORLD CUP 2019
ഭൂവനേശ്വര്‍ കുമാറിന് രണ്ടോ മൂന്നോ മത്സരങ്ങളില്‍ കളിക്കാനാവില്ല പകരം ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2019, 7:54 am

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ത്രസിപ്പിക്കുന്ന ജയത്തിന് പിന്നാലെ പരിക്കേറ്റ പേസ് ബൗളര്‍ ഭൂവനേശ്വര്‍ കുമാറിന് ലോകകപ്പിലെ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകും. ഇന്നലെ മത്സരത്തിനിടെ ഇടത് കാലിനേറ്റ പരിക്കാണ് ഭൂവിയ്ക്കും ഇന്ത്യയ്ക്കും തിരിച്ചടിയായത്.

ലാന്‍ഡിങ്ങ് ക്രീസില്‍ തെന്നിപ്പോയ ഭൂവനേശ്വര്‍ കുമാര്‍ മൂന്നാം ഓവര്‍ പൂര്‍ത്തിയാക്കാനാവാതെയാണ് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്.

ഭൂവനേശ്വര്‍ കുമാറിന് പകരം ഷമിയെ ഇറക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു. ഇന്ത്യയ്ക്കിനി അഫ്ഗാനിസ്താനോടും വെസ്റ്റിന്‍ഡീസിനോടും ഇംഗ്ലണ്ടിനോടുമാണ് കളിയുള്ളത്.

ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഭൂവനേശ്വര്‍ കുമാറിനും മത്സരങ്ങള്‍ നഷ്ടമാവുന്നത്.

ഇന്നലെ ഇന്ത്യ പാകിസ്താനെതിരെ  89 റണ്‍സിന്റെ ജയമാണ് നേടിയത്. പാകിസ്താന്‍ ഇന്നിങ്സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചെങ്കിലും 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.