Bhramam Movie Review| ഭ്രമം റീമേക്കല്ല, വെറും മൊഴിമാറ്റം മാത്രം
Film Review
Bhramam Movie Review| ഭ്രമം റീമേക്കല്ല, വെറും മൊഴിമാറ്റം മാത്രം
അന്ന കീർത്തി ജോർജ്
Thursday, 7th October 2021, 8:31 pm

റീമേക്കുകള്‍ അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന പണിയല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ഭ്രമം. തബുവിനെയും ആയുഷ്മാന്‍ ഖുരാനയെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത് 2018ലിറങ്ങി വന്‍വിജയമായി മാറിയ അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം.

അന്ധാധുന്‍ മലയാളത്തില്‍ ഭ്രമമായെത്തുമ്പോള്‍ മികച്ച ഒരു അനുഭവമല്ല പ്രേക്ഷകന് സമ്മാനിക്കുന്നത്. ഇനി അന്ധാധുന്‍ കാണാത്തവരാണെങ്കിലും ഭ്രമം മികച്ച ഒരു ചിത്രമാണെന്ന് പറയാന്‍ സാധ്യതയില്ല.

റീമേക്കുകളെ പുതിയ ചിത്രമായി തന്നെ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെങ്കിലും റീമേക്ക് ചെയ്യപ്പെടുന്ന ഭാഷയുടെ പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താന്‍ ശ്രമിക്കാത്ത ചിത്രങ്ങളെ അത്തരത്തില്‍ കാണുക എന്നത് ഒരല്‍പം പ്രയാസമാണ്. അത്തരത്തിലൊരു ചിത്രമാണ് ഭ്രമം.

അതിഗംഭീര ചിത്രമാണെന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും മികച്ച ഒരു വണ്‍ടൈം വാച്ചായിരുന്നു അന്ധാധുന്‍. ഡാര്‍ക്ക് ഹ്യൂമറും സങ്കീര്‍ണമായ കഥാപാത്രങ്ങളും ചടുലമായ തിരക്കഥയും ഇവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ച ബ്രില്യന്റ് പെര്‍ഫോമന്‍സുകളുമായിരുന്നു അന്ധാധുനിനെ മികച്ചതാക്കിയിരുന്നത്. ഇതെല്ലാം ഒന്നൊഴിയാതെ ഭ്രമത്തില്‍ നഷ്ടപ്പെടുന്നുണ്ട്.

നടീനടന്മാരുടെ മുഖങ്ങളും അന്ധാധുനിലെ മുയലിന് പകരം വന്ന കാട്ടുപന്നിയും ഒഴിച്ചുനിര്‍ത്തിയാല്‍ ഭ്രമത്തില്‍ സീനുകളെല്ലാം ഒട്ടുമിക്കവാറും അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ്. ഈ ആവര്‍ത്തനം അമ്പേ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

അന്ധാധുനിലെ മുംബൈയില്‍ ജീവിച്ചിരുന്ന കഥാപാത്രത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ ഒരു മുറി നല്‍കി എന്നതല്ലാതെ മലയാളികളുമായി കണക്ട് ചെയ്യുന്ന പ്രത്യേകിച്ച് ഒരു ഘടകവും ചിത്രത്തില്‍ കാണാന്‍ കഴിയില്ല. ഇവിടങ്ങളിലാണ് ശരത് ബാലന്റെ സംഭാഷണങ്ങളും രവി കെ. ചന്ദ്രന്റെ സംവിധാനവും വല്ലാതെ പാളിപ്പോകുന്നത്.

അന്ധാധുനില്‍ തബു ചെയ്ത സിമിയായിരുന്നു ആ ചിത്രത്തിന്റെ നെടുംതൂണെങ്കില്‍ ഭ്രമത്തില്‍ മംമ്ത അവതരിപ്പിച്ച സിമി പ്രേക്ഷക മനസില്‍ കാര്യമായ പ്രതിഫലമൊന്നുണ്ടാക്കാതെയാണ് കടന്നുപോകുന്നത്.

ഭ്രമത്തിന്റെ തുടക്കത്തിലെ സീനുകള്‍ ശരാശരി നിലവാരത്തില്‍ മൊഴിമാറ്റം നടത്തിയ ഒരു ചിത്രം എന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നില്ല. ഡയലോഗുകളിലെയും അഭിനയത്തിലേയും കൃത്രിമത്വം കുറച്ചു കഴിയുമ്പോഴേക്കും വളരെ മോശം ഡബ്ബിംഗ് ആയിപ്പോയല്ലോ എന്നുവരെ ചിന്തിപ്പിക്കും.

ഇനി സിനിമയില്‍ ഒരല്‍പം നല്ലതായിരുന്നു എന്നു തോന്നിയ ചില കാര്യങ്ങളെ കുറിച്ച് പറയാം. വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷിനെ മികച്ച റോളില്‍ കണ്ട ചിത്രമാണ് ഭ്രമം. പകുതിക്ക് ശേഷമാണ് ജഗദീഷിന്റെ ഡോ. സ്വാമി വരുന്നതെങ്കിലും തന്റെ ഭാഗങ്ങളിലെല്ലാം സ്വാഭാവിക അഭിനയം കൊണ്ട് ജഗദീഷ് മികച്ചു നില്‍ക്കുന്നുണ്ട്.

അടുത്തിടെ ഇറങ്ങിയ വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ നടനെത്തിയിരുന്നെങ്കിലും ഒന്നും തന്നെ അങ്ങനെ മനസില്‍ നില്‍ക്കുന്നതായിരുന്നില്ല. എന്നാല്‍ ഭ്രമത്തിലെത്തുമ്പോള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സിലൂടെ മറ്റെല്ലാവരേക്കാളും ഒരു പടി മുന്നില്‍ നില്‍ക്കുകയാണ് ജഗദീഷ്.

മാര്‍ത്ത എന്ന റോളിലൂടെ മികച്ച പെര്‍ഫോമന്‍സാണ് നടി സ്മിനു നല്‍കുന്നത്. മലയാളത്തിലെ സഹനടിമാരുടെ കൂട്ടത്തില്‍ സ്ഥാനം ഉറപ്പിക്കുക കൂടി ചെയ്യുകയാണ് സ്മിനു ഭ്രമത്തിലൂടെ.

ഭ്രമത്തിലെ റേ മാത്യൂസിലൂടെ ഹ്യൂമര്‍ കൈകാര്യം ചെയ്യാനുള്ള തീവ്രമായ ശ്രമമാണ് പൃഥ്വിരാജ് നടത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് എല്ലാ സത്യവും തുറന്നുപറയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ഭാഗത്തും സിമി റേയുടെ മുറിയിലേക്ക് എത്തുന്ന ഭാഗത്തുള്ള സംഭാഷണങ്ങളിലും ഈ ശ്രമം കുറച്ചെങ്കിലും വിജയിക്കുന്നുണ്ട്.

ചിത്രത്തിലെ സംഗീതത്തെ കുറിച്ച് പറയുകയാണെങ്കില്‍ പിയാനിസ്റ്റ് കേന്ദ്ര കഥാപാത്രമാകുന്ന ഭ്രമത്തില്‍ ചില പാട്ടുകളില്‍ ഫ്യൂഷന്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബിജോയ് നടത്തിയിട്ടുണ്ടെന്ന് പറയാം. അതേസമയം പാട്ടുകളേക്കാള്‍ മികച്ചത് പശ്ചാത്തല സംഗീതമായിരുന്നു.

ഭ്രമത്തിന്റെ റിലീസിന് പിന്നാലെ റീമേക്കുകളെ കുറിച്ചുള്ള സിനിമാലോകത്ത് സജീവമായിട്ടുണ്ട്. റീമേക്കുകള്‍ വെറും ആവര്‍ത്തനങ്ങളല്ലെന്നും കഥയിലും കഥാപരിസരങ്ങളിലും അവതരണത്തിലും പുതുമ സൃഷ്ടിക്കാന്‍ റീമേക്കുകള്‍ക്കാവണമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

Content Highlight: Bhramam movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.