ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഭോജ്ശാല- കമാല്‍ മൗലാ മസ്ജിദ് ഹിന്ദു ദേവതയായ സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
പതിനൊന്നാം നൂറ്റാണ്ടിലെ നിര്‍മിതിയാണ് മസ്ജിദല്ലെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഭോജ്ശാല ക്ഷേത്രം-കമാല്‍ മൗലാ മസ്ജിദ് എന്ന നിര്‍മിതിയില്‍ മുസ്‌ലിം പ്രാര്‍ത്ഥന വിലക്കണമെന്നും ഉടമസ്ഥാവകാശം വേണമെന്നും ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികള്‍ക്ക് നല്‍കിയ ഹരജിയിലാണ് വിധി.
ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താനും ബാക്കി ദിവസങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് നമസ്‌ക്കരിക്കാനും അനുമതി നല്‍കി കൊണ്ടുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2003ലെ ഉത്തരവും കോടതി റദ്ദാക്കി.
ജസ്റ്റിസുമാരായ വിജയ് കുമാര്‍ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ധാര്‍ ജില്ലയില്‍ പുതിയൊരു മസ്ജിദ് നിര്‍മിക്കാന്‍ മുസ് ലിം വിഭാഗത്തിന് അനുമതി തേടാമെന്നും ജില്ലാ ഭരണകൂടം അതിനായുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്ഥലം സംസ്‌കൃത പഠനത്തിനുള്ള കേന്ദ്രമായിരുന്നുവെന്നും സരസ്വതി ദേവിക്കായി സമര്‍പ്പിച്ച ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ബെഞ്ച് പറഞ്ഞു.
ഭോജ്ശാലയെ സംരക്ഷിത നിര്‍മിതിയായും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണവും മാനേജ്‌മെന്റും കേന്ദ്ര സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും നല്‍കുകയും ചെയ്തു.
‘ചരിത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ പുരാതന സ്മാരകങ്ങളുടെയും അതിന്റെ ഘടനകളുടെയും മാത്രമല്ല, ശ്രീകോവിലുകളുടെയും ആത്മീയ പ്രാധാന്യമുള്ള ദേവതകളുടെ സംരക്ഷണവും കൂടി ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഭരണഘടനാ ബാധ്യതയുണ്ട്,’ ഹൈക്കോടതി പറഞ്ഞു.
ഖില്‍ജി കാലഘട്ടത്തിലെ ചരിത്ര രേഖകളിലൊന്നും ക്ഷേത്രത്തിന്റെ നാശം പരാമര്‍ശിക്കുന്നില്ലെന്നും 1935 ല്‍ മുസ്‌ലിങ്ങള്‍ക്ക് ആരാധാന സ്വാതന്ത്ര്യം നല്‍കി കൊണ്ടുള്ള ധര്‍ രാജാവിന്റെ ഉത്തരവ് നിലവിലുണ്ടെന്നും മുസ് ലിം വിഭാഗം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
എന്നാല്‍ ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ് ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഷര്‍ വാര്‍സി പറഞ്ഞു.
സുപ്രീം കോടതി വാദങ്ങള്‍ അംഗീകരിക്കുമെന്നും സ്ഥലത്ത് പ്രാര്‍ത്ഥന നടത്താനുള്ള അനുമതി പുനസ്ഥാപിക്കുമെന്നും മുസ് ലിം വിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാജ്യത്തെ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന 2024 ലെ സുപ്രീം കോടതി വിധി നിലനില്‍ക്കേയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്.
ആരാധാനാലയ നിയമത്തിന്റെ ഭരണഘടനാ സാധ്യതയില്‍ തീര്‍പ്പാക്കുന്നത് വരെ പുതിയ ഹരജികള്‍ സ്വീകരിക്കരുതെന്നും നിലവിലുള്ളതില്‍ ഉത്തരവുകളോ സര്‍വേകളോ പാടില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇവിടെ സര്‍വേ നടത്തുകയും ചെയ്തു.
Content Highlight: Bhojshala is not a mosque, but a temple dedicated to Goddess Saraswati; Madhya Pradesh High Court issues controversial order
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.