| Tuesday, 16th September 2025, 5:40 pm

ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവത്ത് ചികിത്സയ്ക്കായി ഇടക്കാല ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയുടെ ആവശ്യത്തിനായാണ് ആറ് ആഴ്ചത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതിഷ് കുമാര്‍ ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. 2018 ജൂണില്‍ അറസ്റ്റിലായതുമുതല്‍ റാവത്ത് തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

പേശികളേയും എല്ലിനേയും ബാധിക്കുന്ന റൂമത്തോയ്ഡ് ആര്‍ത്രൈറ്റിസ് അസുഖം കാരണം ബുദ്ധിമുട്ടുന്ന മഹേഷ് റാവത്തിന്റെ അവസ്ഥ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങ് കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍, ജാമ്യാപേക്ഷയെ എന്‍.ഐ.എ കോടതിയില്‍ എതിര്‍ത്തു. മാവോയിസ്റ്റുകള്‍ക്ക് ധനസഹായം നല്‍കിയെന്ന ഗുരുതര ആരോപണമാണ് റാവത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു.

2023 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി മഹേഷ് റാവത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും എന്‍.ഐ.എയുടെ അപേക്ഷ പരിഗണിച്ച് ഒരാഴ്ചത്തേക്ക് ജാമ്യം സ്‌റ്റേ ചെയ്തിരുന്നു.

പിന്നീട് സുപ്രീംകോടതി മുഖാന്തരം തുടര്‍ച്ചയായി ഈ ഉത്തരവിന് സ്‌റ്റേ വാങ്ങി എന്‍.ഐ.എ റാവത്തിനെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ജാമ്യത്തിലുള്ള മഹേഷ് റാവത്തിന് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് ആരോഗ്യനില കണക്കിലെടുത്താണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു.

പൂനെയിലെ ഭീമ കൊറേഗാവില്‍ 2018 ജനുവരി ഒന്നിന് നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയ മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപിച്ചാണ് മഹേഷ് റാവത്ത്, സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്ഖാല, ആക്ടിവിസ്റ്റ് ജ്യോതി ജഗ്തപ് ഉള്‍പ്പടെയുള്ള 16 പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എതിരെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്.

Content Highlight: Bhima Koregaon case: Mahesh Rawat granted interim bail for treatment

We use cookies to give you the best possible experience. Learn more