| Sunday, 20th April 2025, 12:50 pm

എല്ലാവരും വിളിക്കുന്നത് സൂസിയെന്ന്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര് മറ്റൊന്ന്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് ഭാവന. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.

ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.

2006ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി ആയിരുന്നു ഭാവനയുടെ ആദ്യ തമിഴ് സിനിമ. നടന്‍ നരേന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമയും ഇതുതന്നെയായിരുന്നു. ചിത്രത്തില്‍ ചാരു എന്ന കഥാപാത്രമായിട്ടാണ് ഭാവന അഭിനയിച്ചത്.

എന്നാല്‍ ഭാവനയെ ഇന്നും തമിഴ് ആരാധകര്‍ ഓര്‍ക്കുന്നത് സൂസി എന്ന പേരിലാണ്. 2007ല്‍ പുറത്തിറങ്ങിയ ദീപാവലി എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രമായിരുന്നു സൂസി. രവി മോഹന്‍ (ജയം രവി) നായകനായ ചിത്രം ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.

തനിക്ക് തമിഴ് സിനിമയിലെ തന്റെ കഥാപാത്രങ്ങളില്‍ ഒരുപാട് ഇഷ്ടമുള്ള പേരിനെ കുറിച്ച് പറയുകയാണ് ഭാവന. ആദ്യ തമിഴ് ചിത്രമായ ചിത്തിരം പേസുതടിയിലെ ചാരുവാണ് ഇഷ്ടമുള്ള പേര് എന്നാണ് നടി പറയുന്നത്.

എന്നാല്‍ ഏറ്റവും പോപ്പുലറായ തന്റെ കഥാപാത്രം സൂസിയാണെന്നും ഇന്നും ആളുകള്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഭാവന പറഞ്ഞു. അത് ആ കഥാപാത്രത്തിന്റെ വിജയമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തമിഴ് സിനിമയിലെ എന്റെ കഥാപാത്രങ്ങളില്‍ ഒരുപാട് ഇഷ്ടമുള്ള ഒരു പേരാണ് ചാരു. വളരെ പ്രിയപ്പെട്ട പേരാണ് അത്. വിളിക്കാനും കേള്‍ക്കാനും ക്യൂട്ടായ പേരല്ലേ.

പക്ഷെ എന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും പോപ്പുലറായത് സൂസിയാണ്. ഇപ്പോള്‍ പോലും ഓരോ പോസ്റ്റിനും താഴെ ആളുകള്‍ സൂസിയെന്ന് വിളിച്ച് കമന്റിടാറുണ്ട്.

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒരു കഥാപാത്രത്തെ വെച്ചിട്ട് ആളുകള്‍ നമ്മളെ വിളിക്കുന്നുവെന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ. ആ കഥാപാത്രത്തിന്റെ റീച്ച് അത്രയും ഉണ്ടെന്നല്ലേ അതിന്റെ അര്‍ത്ഥം.

ആളുകള്‍ക്ക് എന്റെ പേര് ഭാവന എന്നാണെന്ന് ഓര്‍ത്തുവെയ്ക്കാവുന്നതേയുള്ളൂ. എന്നിട്ടും അവര്‍ക്ക് ആദ്യം ഓര്‍മ വരുന്നത് ഞാന്‍ ചെയ്ത ഒരു കഥാപാത്രത്തെയാണ്. അത് ആ കഥാപാത്രത്തിന്റെ വിജയമാണ്. അതുകൊണ്ട് ആ പേരും സ്‌പെഷ്യലാണ്,’ ഭാവന പറയുന്നു.


Content Highlight: Bhavana Talks About Her Fav Characters In Tamil Cinema

We use cookies to give you the best possible experience. Learn more