മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാവന. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി ഒരുപിടി മികച്ച വേഷങ്ങള്‍ മലയാളത്തിലും തമിഴിലുമായി താരം കൈകാര്യം ചെയ്തിരുന്നു. 2002 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പരിമളം എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ഭാവന വേഷമിട്ടത്.
തന്റെ പതിനഞ്ചാം വയസില്‍ സിനിമയിലേക്കെത്തിയ അനുഭവത്തെക്കുറിച്ച് ഭാവന കഴിഞ്ഞ ദിവസം രേഖാ മോനോന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. താരത്തിന്റെതായി പുറത്ത് വരാനിരിക്കുന്ന പുതിയ ചിത്രമായ അനോമിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് താരം ഓര്‍മ പങ്കിട്ടത്.
‘ചെറിയ പ്രായം മുതല്‍ തന്നെ എന്റെ ഉള്ളില്‍ സിനിമയോട് ഇഷ്ടം ഉണ്ടായിരുന്നു. അച്ഛന്‍ ഒരു അസിസ്റ്റന്റ് ക്യാമറാമാന്‍ ആയതിനാല്‍ ലൊക്കേഷനില്‍ നടക്കുന്ന സിനിമാക്കഥകളെല്ലാം കേട്ടിട്ടുണ്ട്. അതുകൊണ്ടെല്ലാം ആവും ഞാനറിയാതെ തന്നെ എന്റെ ഉള്ളില്‍ സിനിമ എന്ന ആഗ്രഹം വന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കുടയുടെ പരസ്യത്തിലും ചെറിയൊരു ടെലിഫിലിമിലും അഭിനയിച്ചിരുന്നു.
അങ്ങനെയാണ് നമ്മളിലേക്കെത്തുന്നത്. തൃശ്ശൂരില്‍ എ.സി.വി എന്ന ചാനലില്‍ ഞാനൊരു പ്രോഗ്രാം ചെയ്തിട്ടുണ്ടായിരുന്നു. അത് കണ്ടിട്ട് നമ്മളിന്റെ തിരക്കഥാകൃത്തായ കലവൂര്‍ രവിചേട്ടനാണ് എന്നെ ചിത്രത്തിലേക്ക് വിളിക്കുന്നത്. അങ്ങനെ കമല്‍ സാറുമായി സംസാരിച്ച് എന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിപ്പെടുന്നത്. ആരും അതിന് വേണ്ടി ശ്രമിച്ചിട്ടില്ല’ ഭാവന പറയുന്നു.
Photo: Bhavana/ instagram.com
നമ്മളില്‍ ചേരിയില്‍ താമസിക്കുന്ന കഥാപാത്രമായി വേഷമിട്ട ഭാവനയെ അടിമുടി കറുപ്പിച്ചതിന് സിനിമയിറങ്ങിയ സമയത്ത് സംവിധായകന്‍ കമലിന് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഭാവനയോട് ചെയ്തത് അപരാധമായി പോയെന്നും ഇരുണ്ട നിറമുള്ള പെണ്‍കുട്ടിയെ അഭിനയിപ്പിക്കേണ്ടതിന് പകരം ഭാവനയെ അങ്ങനെയാക്കിയത് ശരിയായില്ലെന്നും കമല്‍ പറഞ്ഞിരുന്നു.
നമ്മളിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ താരം 2005 ല്‍ പുറത്തിറങ്ങിയ ദൈവനാമത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ നൂറോളം ചിത്രങ്ങളുടെ ഭാഗമായ ഭാവനയുടെ പുതിയ ചിത്രം അനോമി ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും. റിയാസ് മാരത്ത് സംവിധാനം ചെയുന്ന അനോമിയില്‍ ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Bhavana talks about her debut film Nammal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.