ഒരു നൂറു പ്രാവിശ്യം നിര്‍ത്തി പോകാന്‍ തോന്നും, മുന്നോട്ട് നയിക്കുന്നത് സിനിമയോടുള്ള ഗ്രീഡാണ്: ഭാവന
Malayalam Cinema
ഒരു നൂറു പ്രാവിശ്യം നിര്‍ത്തി പോകാന്‍ തോന്നും, മുന്നോട്ട് നയിക്കുന്നത് സിനിമയോടുള്ള ഗ്രീഡാണ്: ഭാവന
അശ്വിന്‍ രാജേന്ദ്രന്‍
Friday, 6th February 2026, 8:28 am

 

2002 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മളില്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ഭാവന. പിന്നീട് ഒട്ടനവധി നായികാ വേഷങ്ങളിലൂടെയും അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ഭാവന ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളിലൊരാളാണ്.

ഭാവന കേന്ദ്രകഥാപാത്രമായി ഇന്ന് (വെള്ളി) തിയേറ്ററുകളിലേക്കെത്തുന്ന അനോമിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അനോമിയുമായി ബന്ധപ്പെട്ട് ഭാവന ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും താന്‍ എങ്ങനെയാണ് ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നത് എന്നതിനെക്കുറിച്ചും ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഭാവന. Photo: OTT Play

‘നമ്മുടെ കരിയറില്‍ ഒരുപാട് ഹിറ്റുകളുണ്ടാകാം, എന്റെ ഫിലിമോഗ്രാഫി നോക്കുകയാണെങ്കില്‍ അതില്‍ ഭൂരിഭാഗം ചിത്രങ്ങളും ഹിറ്റാണ്. പക്ഷേ അതവിടെ തീര്‍ന്നു. ഒരു ചിത്രം ഹിറ്റായാലും അടുത്ത ചിത്രത്തിലും ഹിറ്റ് വേണം, അങ്ങനെയാണ് ഇതിന്റെ രീതി. മുമ്പ് നമ്മള്‍ ചെയ്ത് വെച്ച ചിത്രങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ആളുകള്‍ സംസാരിക്കും. പക്ഷേ ആ പേരും പറഞ്ഞ് നമുക്ക് ലൈഫ് ലോങ് നില്‍ക്കാന്‍ പറ്റില്ല.

നമ്മള്‍ ഓരോ ദിവസവും സിനിമയില്‍ റെലവെന്റാവാന്‍ ശ്രമിച്ചുകൊണ്ടേയിരിണം. ഇത് ഫിലിം ഇന്റസ്ട്രിയില്‍ എപ്പോഴും വെല്ലുവിളിയാണ്. നമുക്ക് ആരും ഒരു തരത്തിലുമുള്ള ഉറപ്പും ഈ മേഖലയില്‍ നല്‍കുന്നില്ല. ഇനിയങ്ങോട്ട് പത്ത് വര്‍ഷം ഞാന്‍ സിനിമ തരാമെന്നോ ഇനിയങ്ങോട്ട് പത്ത് വര്‍ഷം ഞാന്‍ സിനിമ ചെയ്യാമെന്നോ ആര്‍ക്കും ഉറപ്പുണ്ടാവില്ല,’ ഭാവന പറയുന്നു.

അതിനാല്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്തെങ്കിലും പുതിയതോ രസകരമായതോ ആയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുള്ള തന്റെ ഉള്ളിലെ അത്യാഗ്രഹമാണെന്നും താരം പറയുന്നു. പലപ്പോഴും മാനസികമായി തളരുമെന്നും നമ്മള്‍ വിചാരിച്ച ഗ്രാഫുണ്ടാവില്ലെന്നും ഇത് ഒരു നൂറു പ്രാവിശ്യം നമ്മള്‍ക്ക് നിര്‍ത്തിപോവാനുള്ള തോന്നലുണ്ടാക്കുമെന്നും എങ്കിലും ഉള്ളിലെ ഗ്രീഡാണ് മുന്നോട്ട് നയിക്കുന്നതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

അനോമി. Photo: T Series Malayalam

ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത്തെ ചിത്രമെന്ന പ്രത്യേകതയും റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന അനോമിക്കുണ്ട്. ഇന്ത്യയില്‍ ആദ്യമായി സൗണ്ട് പാര്‍ട്ടിക്കിള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുള്ള അനോമിയില്‍ റഹ്‌മാന്‍, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ബിനു പപ്പു, ദൃശ്യ രഘുനാഥ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത് അനിമല്‍ ഫെയിം ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറാണ്.

Content Highlight: Bhavana talks about challenges in Film Industry

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.