പതിനാറാമത്തെ വയസില്‍ സിനിമാലോകത്തേക്കെത്തിയ നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമാജീവിതം ആരംഭിച്ച ഭാവന വളരെവേഗത്തില്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 90ഓളം സിനിമകളില്‍ താരം ഭാഗമായിട്ടുണ്ട്. കരിയറില്‍ ആദ്യമായി ഭാവന നിര്‍മാതാവിന്റെ കുപ്പായമണിയുന്ന അനോമി റിലീസിനൊരുങ്ങുകയാണ്.

ഭാവന Photo: Screen Grab/ Pearley Manney show

24 വര്‍ഷത്തെ കരിയറില്‍ പഴയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭാവന. സിനിമയെക്കുറിച്ച് യാതൊരു ഐഡിയയുമില്ലാത്ത സമയത്തായിരുന്നു ഒന്നിന് പിന്നാലെ ഒന്നായി സിനിമകള്‍ ചെയ്തിരുന്നതെന്ന് താരം പറയുന്നു. കഥാപാത്രത്തെക്കുറിച്ച് അധികം ചോദ്യമൊന്നും ചോദിക്കാതെയായിരുന്നു സിനിമകള്‍ ചെയ്തതെന്നും അപ്പോള്‍ പറയുന്ന സീന്‍ കൃത്യമായി പെര്‍ഫോം ചെയ്യുമായിരുന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആദ്യകാലങ്ങളില്‍ ചെയ്ത സിനിമകളെക്കുറിച്ച് അത്ര വലിയ ഓര്‍മയൊന്നും പങ്കുവെക്കാനില്ല. പോകുന്നു, സിനിമ ചെയ്യുന്നു, വരുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുമ്പത്തെ സീന്‍ എന്താണെന്നോ അടുത്ത സീന്‍ എന്താണെന്നോ ഒന്നും ചോദിക്കാറില്ല. സിനിമ റിലീസായി തിയേറ്ററില്‍ നിന്ന് കാണുമ്പോഴാണ് കഥ എന്താണെന്ന് മനസിലാകുന്നത്.

ക്രോണിക് ബാച്ചിലര്‍ Photo: Screen Grab/ Music Zone

നമ്മളിന് ശേഷം ചെയ്തത് ക്രോണിക് ബാച്ചിലറൊക്കെയാണ്. സെറ്റില്‍ എന്ത് ചെയ്യണമെന്നൊന്നും ഒരു ഐഡിയയും ആ സമയത്ത് ഇല്ലായിരുന്നു. മമ്മൂക്കയൊക്കെ സെറ്റിലെത്തുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം എന്റെ മുന്നില്‍ കൂടി പോകുമ്പോഴെല്ലാം അങ്ങനെ എഴുന്നേറ്റ് നില്‍ക്കുന്നത് ശീലമായി. ഒരുദിവസം അഞ്ചോ ആറോ തവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ ‘നീ എപ്പോഴും എഴുന്നേറ്റ് ബഹുമാനിക്കുകയൊന്നും വേണ്ട’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്,’ ഭാവന പറയുന്നു.

അതോടെ താന്‍ ആ സെറ്റില്‍ കംഫര്‍ട്ടായെന്നും താരം പറഞ്ഞു. ഒരുപാട് സിനിമകള്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ ചെയ്ത സമയമായിരുന്നു അതെന്നും എന്നാല്‍ ഇന്ന് കഥയും കഥാപാത്രവും എന്താണെന്ന് ചോദിക്കാതെ ചെയ്യാറില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. സിനിമയുടെ മേക്കിങ് രീതികള്‍ ഒരുപാട് മാറിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി Photo: Screen grab/ Mammootty Kampany

‘അന്നൊന്നും വലിയ ടെന്‍ഷനുണ്ടായിരുന്നില്ല. ഒരു സിനിമ കഴിഞ്ഞ് അടുത്ത സെറ്റില്‍ നില്‍ക്കുമ്പോഴാകും മുമ്പ് ചെയ്ത പടം റിലീസാകുന്നത്. ആരെങ്കിലുമൊക്കെ വിളിച്ച് ഹിറ്റാണോ അല്ലയോ എന്ന് അറിയിക്കും. ഓണ്‍ലൈന്‍ മീഡിയാസൊന്നും അന്ന് ഇല്ലായിരുന്നു. വല്ലപ്പോഴും മാത്രമേ പ്രൊമോഷന്‍ ഉണ്ടായിരുന്നുള്ളൂ. ക്രോണിക് ബാച്ചിലറിന്റെ ആദ്യദിവസം ഇന്നസെന്റേട്ടനും മമ്മൂക്കയുമൊക്കെ അടുത്ത് വിളിച്ച് ഇരുത്തി സംസാരിക്കുമായിരുന്നു.

അത്രയും വലിയ ലെജന്‍ഡുകളുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്തതൊക്കെ വലിയ കാര്യമാണ്. അതുമാത്രമല്ല, ആക്ടറും ടെക്‌നീഷ്യനും തമ്മില്‍ ഇപ്പോള്‍ കൂടുതല്‍ ഫ്രണ്ട്‌ലിയായിട്ടുണ്ട്. അതൊക്കെ നല്ല മാറ്റങ്ങളായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്,’ ഭാവന പറയുന്നു.

Content Highlight: Bhavana shares the memories with Mammootty in Chronic Bachelor