2025 ഏഷ്യാ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇ ആണ് എതിരാളികള്‍. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഉണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ അര്‍ഷ്ദീപിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍.
ഏഷ്യാ കപ്പിന് മുന്നോടിയായി ആഭ്യന്തര ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ ഒരു മത്സരത്തില്‍ മാത്രമേ അര്‍ഷ്ദീപ് പങ്കെടുത്തിരുന്നുള്ളൂ. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലുടനീളം അര്‍ഷ്ദീപ് നെറ്റ്‌സില്‍ പരിശീലനം നടത്തിയെങ്കിലും താരത്തിന് നിലവില്‍ മാച്ച് ഫിറ്റ്‌നസ് കുറവാണെന്നാണ് ഭരത് അരുണ്‍ പറഞ്ഞത്.
‘അര്‍ഷ്ദീപിന് തന്റെ കഴിവുകളെക്കുറിച്ച് നന്നായി അറിയാം. ഇംഗ്ലണ്ടില്‍ അവന് ധാരാളം പന്തെറിഞ്ഞിട്ടുണ്ടാകാം, പക്ഷേ അവന് മാച്ച് പ്രാക്ടീസ് കുറവാണ്. നെറ്റ്‌സിലോ പ്രാക്ടീസ് സെഷനുകളിലോ നിങ്ങള്‍ എത്ര പന്തെറിഞ്ഞാലും മത്സരങ്ങളില്‍ കളിക്കുന്നതിലൂടെയാണ് താളമുണ്ടാകുന്നത്.
മത്സരങ്ങളില്‍ ബൗളിങ് നിര്‍ണായകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അര്‍ഷ്ദീപിന് അത് ഒരു പ്രധാന വെല്ലുവിളിയാണ്. എത്ര വേഗത്തില്‍ അദ്ദേഹം മത്സരത്തിലേക്കെത്തുന്നുവോ വീണ്ടെടുക്കുന്നു അത്രയും അത് നല്ലതാണ്. ചിലപ്പോള്‍ താളം കണ്ടെത്താന്‍ അവന് രണ്ട് മത്സരങ്ങള്‍ വേണ്ടി വന്നേക്കാം,’ ഭരത് അരുണ്‍ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 63 മത്സരങ്ങള്‍ കളിച്ച അര്‍ഷ്ദീപിന് ഒരു തകര്‍പ്പന്‍ നേട്ടവും മുന്നിലുണ്ട്. വരാനിരിക്കുന്ന മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയാല്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക.