ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ പോലും ഭയന്നു, പക്ഷെ ഇന്ന് അവന്റെ റേഞ്ച് മാറി; സൂപ്പര്‍ താരത്തെക്കുറിച്ച് ഭരത് അരുണ്‍
Sports News
ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ പോലും ഭയന്നു, പക്ഷെ ഇന്ന് അവന്റെ റേഞ്ച് മാറി; സൂപ്പര്‍ താരത്തെക്കുറിച്ച് ഭരത് അരുണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th March 2025, 10:50 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്.

ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിലായിരുന്നു വരുണ്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത വരുണിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ഫൈനലിലും വരുണ്‍ തന്റെ മാജിക് സ്‌പെല്‍ തുടര്‍ന്നിരുന്നു. 45 റണ്‍സ് വഴങ്ങി നിര്‍ണായകമായ രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 4.53 എക്കോണമിയില്‍ പന്തെറിഞ്ഞ് താരം ഒമ്പത് വിക്കറ്റെടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

33 കാരനായ വരുണ്‍ 2021ല്‍ ശിഖര്‍ ധവാന്റെ കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2021ലെ ടി-20 ലോകകപ്പില്‍ വിരാട് കോഹ്‌ലിയുടെ കീഴില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച വരുണിന് ടൂര്‍ണമെന്റില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. അന്നുള്ള വരുണല്ല ഇപ്പോള്‍ ഉള്ളതെന്നും താരത്തിന് വലിയ വ്യത്യാസ്ങ്ങള്‍ ഉണ്ടായെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍.

‘അരങ്ങേറ്റത്തില്‍ അയാള്‍ തീര്‍ച്ചയായും അല്‍പ്പം ഭയന്നുപോയി. വിരാട് കോഹ്‌ലിയോട് തനിക്ക് എന്ത് ഫീല്‍ഡ് സെറ്റിങ് വേണമെന്ന് പറയാന്‍ പോലും അയാള്‍ ഭയപ്പെട്ടിരുന്നു. ഒടുവില്‍ അയാള്‍ക്ക് നല്‍കിയ ഫീല്‍ഡിലേക്ക് പന്തെറിയാന്‍ കഴിഞ്ഞു.

ഇപ്പോള്‍ അയാളെ നോക്കൂ, അയാള്‍ തികച്ചും വ്യത്യസ്തമായ ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ഇപ്പോള്‍ അവന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. പന്ത് ലഭിക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അവന് കൃത്യമായി അറിയാം. അയാള്‍ക്ക് തന്നില്‍ത്തന്നെ കൂടുതല്‍ വിശ്വാസമുള്ളതിനാല്‍ അയാള്‍ സ്വന്തം ഫീല്‍ഡ് സജ്ജമാക്കുകയാണ്,’ ഭരത് പറഞ്ഞു.

Content Highlight: Bharat Arun Praises Indian Spinner Varun Chakravarthy