| Saturday, 7th June 2025, 8:31 am

സിനിമയില്‍ ഒരു പാല്‍ക്കാരന്റെ വേഷമെങ്കിലും തരണമെന്ന് പറഞ്ഞു; ആ സംവിധായന്‍ അത് സീരിയസായി എടുത്തു: ഭഗത് മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടനാണ് ഭഗത് മാനുവല്‍. പിന്നീട് തട്ടത്തിന്‍ മറയത്ത്, ആട്,ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ഗഗനചാരിയുടെ സംവിധായകന്‍ അരുണ്‍ ചന്തു അണിയിച്ചൊരുക്കുന്ന വല എന്ന ചിത്രത്തില്‍ ഭഗത് മാനുവലും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഏറെക്കാലത്തിന് ശേഷം പ്രധാനവേഷത്തിലെത്തുന്ന വല മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം കൂടെയാണ്. ഇപ്പോള്‍ സംവിധായകന്‍ അരുണ്‍ ചന്തുവിനെ കുറിച്ചും വല എന്ന ചിത്രത്തിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഭഗത് മാനുവല്‍.

അരുണ്‍ ഗഗനാചാരി എന്ന സിനിമയില്‍ തന്നെ വിളിച്ചില്ലെന്നും അതുകൊണ്ട് വലയില്‍ തനിക്ക് ഒരു വേഷം തരണമെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നും ഭഗത് പറയുന്നു. ഒരു പാല്‍ക്കാരന്റെ വേഷമെങ്കിലും തനിക്ക് തരണമെന്ന് അറിയാതെ അദ്ദേഹത്തോട് പറഞ്ഞുപോയെന്നും അരുണ്‍ ചന്തു പറഞ്ഞതുപോലെ എല്ലാം സീരിയസാക്കിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

സെറ്റില്‍ വന്നപ്പോള്‍ കുറെ സോംബികള്‍ ഉണ്ടായിരുന്നുവെന്നും ഇടാനുള്ള ഡ്രസ് പോലും തനിക്ക് അവിടെ ഇല്ലായിരുന്നുവെന്നും ഭഗത് കൂട്ടിച്ചേര്‍ത്തു. ഒരു മുണ്ടും ബെനിയനും ഇട്ടോളാന്‍ പറഞ്ഞുവെന്നും എന്നിട്ട് പശുവിന്റെ ചുവട്ടില്‍ കിടക്കുവോ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ഭഗത്.

‘ചന്തു ഗഗനചാരിക്ക് എന്നെ കൂട്ടിയില്ല. വല തുടങ്ങുമ്പോള്‍ എന്നെ കൂടെ കൂട്ടണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു പാല്‍ക്കാരനായിട്ടെങ്കിലും മതി എന്ന് ഞാന്‍ അറിയാതെ പറഞ്ഞുപോയി, കറക്റ്റ് അത് അവന്‍ സീരയസ് ആക്കി വെച്ചു. എന്നിട്ട് സെറ്റില്‍ വന്നപ്പോള്‍ എന്റെയടുത്ത് ചോദിച്ചു. ‘ചേട്ടാ റെഡിയല്ലേ’. ഞാന്‍ നോക്കിയപ്പോള്‍ സോംബികളൊക്കെ അതിലെ നടപ്പുണ്ട്. എനിക്ക് മാത്രം ഡ്രസ് ഇല്ല.

എന്നിട്ട് എന്നോട് എനിക്ക് കംഫര്‍ട്ടായിട്ടുള്ള ഡ്രസ് ഇട്ടോളാന്‍ പറഞ്ഞു. ‘ഷര്‍ട്ടും മുണ്ടും ഇടട്ടേ’എന്ന് ചോദിച്ചോപ്പോള്‍, ഷര്‍ട്ട് വേണ്ട ബെനിയന്‍ ഇട്ടാല്‍ മതിയെന്ന് പറഞ്ഞു. വൈകുന്നേരം ആയപ്പോഴും ഷൂട്ട് ചെയ്യുന്നില്ല. എന്നിട്ട് രാത്രിയായപ്പോള്‍ ഇവന്‍ വന്ന് പറഞ്ഞു,’ ചേട്ടാ പശുവിന്റെ ചുവട്ടില്‍ ഒന്ന് കിടക്കാവോ’എന്ന്(ചിരി). പക്ഷേ എന്തായാലും ഇതിങ്ങനെ ആയി മാറുമെന്ന് ഞാന്‍ ജന്മത്ത് വിചാരിച്ചിട്ടില്ല. ഒത്തിരി താങ്ക്‌സ് ഉണ്ടെടാ,’ ഭഗത് മാനുവല്‍ പറയുന്നു.

Content highlight: Bhagath Manuel talks about director Arun Chandu and how he got involved in the film Vala.

Latest Stories

We use cookies to give you the best possible experience. Learn more