'മദ്യം വാങ്ങാന്‍ യു.പി.ഐ, എ.ടി.എം ഓണ്‍ലി' തീരുമാനം മാറ്റി ബെവ്‌കോ; പ്രീമിയം കൗണ്ടറുകളില്‍ പണമടയ്ക്കാം
Kerala
'മദ്യം വാങ്ങാന്‍ യു.പി.ഐ, എ.ടി.എം ഓണ്‍ലി' തീരുമാനം മാറ്റി ബെവ്‌കോ; പ്രീമിയം കൗണ്ടറുകളില്‍ പണമടയ്ക്കാം
രാഗേന്ദു. പി.ആര്‍
Saturday, 14th February 2026, 10:15 am

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളില്‍ നിന്ന് മദ്യം വാങ്ങാന്‍ യു.പി.ഐയും എ.ടി.എമ്മും മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന തീരുമാനം മാറ്റി ബെവ്‌കോ. തീരുമാനം നാളെ (ഞായര്‍) നടപ്പിലാകാനിരിക്കെയാണ് ബെവ്‌കോയുടെ പിന്മാറ്റം.

ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് മദ്യവില്‍പന യു.പി.ഐ ട്രാന്‍സാക്ഷന്‍ മുഖേന നടത്താന്‍ ബെവ്‌കോ തീരുമാനിച്ചത്. ആദ്യം ഈ പ്രഖ്യാപനം പ്രീമിയം കൗണ്ടറുകളില്‍ തുടങ്ങി പിന്നീട് മറ്റു മേഖലകളിലേക്കും വ്യാപിക്കാനായിരുന്നു തീരുമാനം.

പണമടച്ച് മദ്യം വാങ്ങുന്നത് ഒഴിവാക്കിയാല്‍ കൗഡറുകളിലെ തിരക്ക് കുറയ്ക്കാനും രേഖകള്‍ സൂക്ഷിക്കാനും മറ്റു സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നായിരുന്നു ബെവ്‌കോയുടെ വിലയിരുത്തല്‍.

എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. യു.പി.ഐ പേയ്മെന്റുകളെ കുറിച്ച് അറിവില്ലാത്ത ഉപഭോക്താക്കളില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കൗണ്ടറുകളില്‍ തർക്കമുണ്ടാകാൻ കാരണമാകുമെന്നുമാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍, മറ്റു സാങ്കേതിക തകരാറുകള്‍ എന്നിവ വെല്ലുവിളിയാകുമെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മദ്യം വാങ്ങുന്നത് രഹസ്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നത് പ്രയാസകരമായിരിക്കുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബെവ്‌കോ തീരുമാനം പിൻവലിച്ചത്.

അതേസമയം പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന പരസ്യവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബെവ്കോ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യ ഉത്പാദനത്തില്‍ ബെവ്കോ നേരിട്ട് ഇടപെട്ടാത്തതിനാല്‍ തങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു വാദം.

എന്നാല്‍ പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്താക്കുറിപ്പ്.

മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടുകയായിരുന്നു. പുതിയ മദ്യം നിര്‍മിക്കുന്നില്ലെന്നും ബെവ്‌കോ കോടതിയെ അറിയിച്ചു.

Content Highlight: Bevco changes decision to allow UPI and ATM only for liquor purchase

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.