പൊതുജന വിശ്വാസത്തോടുളള വഞ്ചന; ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ജോണ്‍ ബ്രിട്ടാസ്
India
പൊതുജന വിശ്വാസത്തോടുളള വഞ്ചന; ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ജോണ്‍ ബ്രിട്ടാസ്
നിഷാന. വി.വി
Saturday, 25th April 2026, 1:07 pm

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവും എം.പിയുമായ ജോണ്‍ ബ്രിട്ടാസ് എം.പി.

ഇത് പൊതുജന വിശ്വാസത്തോടുള്ള ലജ്ജയില്ലാത്ത വഞ്ചനയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഭരണ കക്ഷിയായ ബി.ജെ. പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളെ ഇത്തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘അശോക് മിത്തലിനും മറ്റ് നേതാക്കള്‍ക്കുമെതിരെ ഇ.ഡി റെയ്ഡ് നടന്നു. ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എന്നിട്ടും ഇന്ത്യയെ നാം ഇപ്പോഴും ജനാധിപത്യത്തിന്റെ മാതാവെന്നാണ് വിളിക്കുന്നത്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബി.ജെ.പി വിരുദ്ധ വേദിയില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി എം.പിമാര്‍ പാര്‍ട്ടി മാറുന്നതിന് മുമ്പ് രാജിവെക്കണമായിരുന്നുവെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

‘ബി.ജെ.പി വിരുദ്ധ വോട്ടില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ബി.ജെ.പിയില്‍ ചേരുന്നത് വോട്ടര്‍മാരുടെ വിശ്വാസത്തെയും ജനവിധിയെയും വഞ്ചിക്കുന്നതിന് തുല്യമാണ്. ഈ എം.പിമാര്‍ക്ക് അവരുടെ രാഷ്ട്രീയം മാറ്റാന്‍ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അവരുടെ വോട്ടര്‍മാരെ അപമാനിക്കാന്‍ അവകാശമില്ല,’ അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരാണ് രാഘവ് ഛദ്ദയ്‌ക്കൊപ്പം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

തെറ്റായ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ ആം ആദ്മി പാര്‍ട്ടി വിട്ടു പോവുകയാണ്, അതായത്, ഞാന്‍ കുറച്ചുകൂടി ജനങ്ങളിലേക്ക് പോകുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതത്തിലെ 15 വര്‍ഷം എ.എ.പിക്കായി സമര്‍പ്പിച്ചു. എന്നാല്‍ അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പാര്‍ട്ടി ഇപ്പോള്‍ അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്നും അകന്നുപോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എ.എ.പിയുടെ ആകെയുള്ള പത്ത് രാജ്യസഭാ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്ന് ഛദ്ദ അവകാശപ്പെട്ടു.

ബി.ജെ.പി വീണ്ടും പഞ്ചാബികളെ വഞ്ചിച്ചിരിക്കുന്നുവെന്നതായിരുന്നു വിഷയത്തില്‍ ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌റിവാളിന്റ പ്രതികരണം.

Content Highlight: Betrayal of public trust; John Brittas slams Aam Aadmi Party leaders joining BJP

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.