സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ വന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളത്തിലെ യൂത്ത് ഐക്കണായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ഓ കാതല്‍ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രങ്ങളിലൂടെ തമിഴ് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്കും ദുല്‍ഖര്‍ ചേക്കേറി. സീതാരാമം, മഹാനടി, ലക്കി ഭാസ്‌ക്കര്‍ എന്നീ തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യമറിയിച്ചു. നെപ്പോ കിഡ് ആണെന്ന് പറഞ്ഞ് കരിയറിന്റെ തുടക്കത്തില്‍ ഒട്ടനവധി ആക്ഷേപങ്ങള്‍ നേരിട്ടെങ്കിലും ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെടുന്ന നടനാണ് അദ്ദേഹം. ഇന്ന് (തിങ്കള്‍) 42ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ ചില മികച്ച കഥാപാത്രങ്ങള്‍ ഏതെന്ന് നോക്കാം.
ഉസ്താദ് ഹോട്ടല്‍
‘മോനേ..ഫൈസി…’ ആ വിളി കേട്ടാല്‍ തന്നെ മലയാള സിനിമ പ്രേമികളുടെ മനസിലേക്ക് ബിരിയാണിയുടെ മണം പടര്‍ന്നെത്തും. അഞ്ജലി മേനോന്റെ കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു ഇത്. പാരീസില്‍ സ്റ്റാര്‍ ഷെഫ് ആകാന്‍ കൊതിക്കുന്ന പച്ച പരിഷ്‌ക്കാരി ഫൈസിയില്‍ നിന്നും ഭക്ഷണത്തിലെ ‘മൊഹബത്ത്’ കണ്ടെത്തുന്ന ഫൈസിയായി അനായാസമായാണ് ദുല്‍ഖര്‍ വേഷപ്പകര്‍ച്ച നടത്തിയത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ യൂത്ത് ഐക്കണായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മലയാളത്തില്‍ ഇന്നും പകരം വെയ്ക്കാനില്ലാതെ ഒരു ജിന്നാണ് ചാര്‍ളി. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു മായാജാലക്കാരനെപ്പോലെയാണ് ചാര്‍ളി. ചാര്‍ളിയെ അന്വേഷിച്ചുകൊണ്ടുള്ള ടെസയുടെ പ്രയാണം പ്രേക്ഷകരെയും ചാര്‍ളിയിലേക്ക് അടുപ്പിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രം ദുല്‍ഖറിന് ഒട്ടേറെ ജനപ്രീതി നേടിക്കൊടുത്തു. ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ഈ വേഷത്തിലൂടെ അദ്ദേഹം സ്വന്തമാക്കി.
ഓ കാതല്‍ കണ്‍മണി
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ മനോഹാരിത കാണിച്ചുതന്ന മണിരത്നം ചിത്രമാണ് ഓ കാതല്‍ കണ്‍മണി അഥവാ ഓക്കെ കണ്‍മണി. ആദിത്യയുടെയും താരയുടെയും പ്രണയം പറഞ്ഞ ചിത്രം ദുല്‍ഖറിന്റെ തമിഴ് അരങ്ങേറ്റമായിരുന്നു. ആദ്യ തമിഴ് ചിത്രത്തിലൂടെത്തന്നെ തമിഴ് മക്കളുടെ കാതല്‍ മന്നനാകാന്‍ ഡി.ക്യൂവിന് കഴിഞ്ഞു.
മഹാനടിയിലൂടെ ജെമിനി ഗണേശന്‍ ആയാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറുന്നത്. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ജെമിനി ഗണേശന്റെ സ്വഭാവത്തിലെ സങ്കീര്‍ണതകളും സാവിത്രിയുമായുള്ള ബന്ധത്തിലെ വിവിധ ഘട്ടങ്ങളും ദുല്‍ഖര്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ തെലുങ്കിലും ഹിറ്റ് ചാര്‍ട്ടില്‍ തന്റെ പേര് ചേര്‍ക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. മഹാനടിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് (തെലുങ്ക്) അദ്ദേഹത്തെ തേടിയെത്തി.
ലക്കി ഭാസ്‌കര്‍ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള ദുല്‍ഖറിന്റെ ആദ്യ പടി സമ്മാനിച്ച ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖറിന്റെ കരിയറിലെ ആദ്യത്തെ നൂറ് കോടി സമ്മാനിച്ച ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്കി ഭാസ്‌കറിന്റെ വമ്പന്‍ വിജയത്തോടെ തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ നേടാനും ദുല്‍ഖര്‍ സല്‍മാന് സാധിച്ചു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രത്തിലെ ഭാസ്‌കര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലാണ്. മികച്ച നടനുള്ള തെലങ്കാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലക്കി ഭാസ്‌കറിലൂടെ ഡി.ക്യൂ സ്വന്തമാക്കി.
റൊമാന്റിക് ഹീറോയായും കലക്കന്‍ യൂത്തനായും പ്രേക്ഷകര്‍ കണ്ടിട്ടുള്ള ദുല്‍ഖറിന്റെ മറ്റൊരു മുഖം കാണിച്ച ചിത്രമായിരുന്നു ചുപ്: റെവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്. ബാല്‍ക്കി സംവിധാനം ചെയ്ത ചിത്രത്തിലെ ഡി.ക്യൂവിന്റെ വേഷം അദ്ദേഹത്തിന്റെ കരിയര്‍ തന്നെ വെല്ലുവിളി നിറഞ്ഞതും ശക്തവുമായ വേഷങ്ങളിലൊന്നാണ്. സണ്ണി ഡിയോള്‍, പൂജ ഭട്ട് തുടങ്ങിയ അഭിനയകുലപതികള്‍ ഉണ്ടായിട്ടും ചുപ്പില്‍ തിളങ്ങിയത് ദുല്‍ഖറാണ്.
Content Highlight: Best 5 Performance Of Dulqure Salmaan