'ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഭരണാധികാരി, ജനങ്ങളെ വോട്ടവകാശത്തില്‍ നിന്ന് അകറ്റുന്നു': ട്രംപിനെതിരെ സാന്‍ഡേഴ്‌സ്
World News
'ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഭരണാധികാരി, ജനങ്ങളെ വോട്ടവകാശത്തില്‍ നിന്ന് അകറ്റുന്നു': ട്രംപിനെതിരെ സാന്‍ഡേഴ്‌സ്
സിജൊ
Tuesday, 30th June 2026, 6:02 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ബെര്‍ണി സാന്‍ഡേഴ്‌സ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത പ്രസിഡന്റാണ് ട്രംപെന്ന് സാന്‍ഡേഴ്‌സ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമായ എക്‌സിലായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം.

ട്രംപിനെ സ്വേച്ഛാധിപതിയെന്നും സാന്‍ഡേഴ്‌സ് വിശേഷിപ്പിച്ചു. തന്റെ മോശം ഭരണത്തെ പ്രതിരോധിക്കാന്‍ പോലും ശ്രമിക്കാതെ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനായി ജനങ്ങളെ വോട്ടവകാശത്തില്‍ നിന്ന് അകറ്റുകയാണ് ട്രംപ്. അമേരിക്കന്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ആ സ്വേച്ഛാധിപതിയെ അനുവദിക്കില്ലെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

‘ദൗര്‍ഭാഗ്യവശാല്‍ നമുക്ക് ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഒരു പ്രസിഡന്റാണുള്ളത്. അയാള്‍ അയാളുടെ വളരെ മോശം ഭരണകാലത്തെ ന്യായീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം കഠിനമാക്കാന്‍ ശ്രമിക്കുകയാണ്.’ സാന്‍ഡേഴ്‌സ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘ഇല്ല. അമേരിക്കന്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ആ സ്വേച്ഛാധിപതിയെ അനുവദിക്കില്ല,’ ബെര്‍ണി സാന്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ടെക്‌സസിലെ കോര്‍പസ് ക്രിസ്റ്റിയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനിലും സാന്‍ഡേഴ്‌സ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രംപ് ശതകോടീശ്വരന്‍മാരെയാണ് സ്‌നേഹിക്കുന്നതെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.

ഇറാനില്‍ യുദ്ധം നടത്തി കുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയ യുദ്ധത്തിനായി ദശലക്ഷങ്ങള്‍ ട്രംപ് ഭരണകൂടം ചെലവാക്കി. യു.എസില്‍ ഇന്ധന വില കുതിച്ചുയരുകയാണെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

ട്രംപ് കള്ളം പറഞ്ഞ് ശീലിച്ചയാളാണ്. തന്റെ കയ്യിലേക്ക് കൂടുതല്‍ അധികാരം വന്നു ചേരണം എന്ന് കരുതുന്ന ഒരു സ്വേച്ഛാധിപതിയാണ് ട്രംപ്. ഇന്ന് ശതകോടീശ്വരന്മാരും കോര്‍പറേറ്റുകളും ആണ് മാധ്യമങ്ങളില്‍ ഓഹരി നേടുന്നത്.

ഇന്ന് ശതകോടീശ്വരന്‍മാര്‍ നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലമാക്കി നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശതകോടികള്‍ ചെലവാക്കുന്നു. ശതകോടീശ്വരന്മാരെ ജനാധിപത്യത്തില്‍ നിന്ന് പുറത്താക്കണമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

Content highlight: Berney Sanders against trump