| Saturday, 21st June 2025, 9:31 am

ഫണ്‍ എന്റെര്‍ടെയ്നര്‍ എന്ന് പറഞ്ഞിട്ട് ഇത് മൊത്തം കൊലപാതകമാണല്ലോ എന്ന് ലാലേട്ടന്‍; കഥ കേട്ട് ആദ്യം അദ്ദേഹത്തിന് വര്‍ക്കായില്ല: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. 4ഗ സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.

ഛോട്ടാ മുംബൈയുടെ കഥ പറയാന്‍ മോഹന്‍ലാലിന്റെ അടുത്ത് പോയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം. ഒരു ഫണ്‍ എന്റെര്‍ടെയ്നര്‍ എന്ന രീതിയിലാണ് മോഹന്‍ലാലിനോട് സിനിമയെ പറ്റി പറഞ്ഞെതെന്നും എന്നാല്‍ ആദ്യം കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് അതത്ര വര്‍ക്കായില്ലെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടനോട് ഛോട്ടാ മുംബൈയുടെ കഥ പറഞ്ഞപ്പോള്‍ ഒരു ഫണ്‍ എന്റെര്‍ടെയ്നര്‍ എന്നാണ് പറഞ്ഞത്. സീന്‍ ഓര്‍ഡര്‍ ഉണ്ടാകുന്നതിന് മുമ്പ് ഒരു കഥയുടെ രൂപമായിരുന്നു. കോമഡിയൊന്നും ഇല്ലാതെ കണ്ടന്റ് മാത്രം വെച്ചിട്ട് പറഞ്ഞുപോകുകയായിരുന്നു. അങ്ങനെ ഞാനും അന്‍വറും കൂടി കോഴിക്കോട് ലാലേട്ടന്റെ അടുത്തപോയി കഥ പറഞ്ഞിരുന്നു. മണിയന്‍പിള്ള ചേട്ടനും കൂടെ ഉണ്ടായിരുന്നു.

കഥയുടെ ഫ്രെയിം ആണ് ഞങ്ങള്‍ പറഞ്ഞത്. അത് പറയുമ്പോള്‍ കോമഡിയൊന്നും ഇല്ലല്ലോ. ആദ്യം തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ കഥാപാത്രത്തെ കുത്തിക്കൊല്ലുന്നു..അത് കഴിഞ്ഞ് അടി നടക്കുന്നു.. അടുത്ത കൊലപാതകം നടക്കുന്നു. ഇത് കണ്ട് ലാലേട്ടന്‍ അന്തംവിട്ട് നോക്കിനില്‍ക്കുകയായിരുന്നു. കാരണം ഫണ്‍ എന്റെര്‍ടെയ്നര്‍ എന്ന് പറഞ്ഞിട്ട് നാല് കൊലപാതകം.

ഇത് എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് നമ്മുടെ മനസിലുണ്ട്. ഞാന്‍ പറഞ്ഞു ‘ചേട്ടാ, കഥ പറയുമ്പോള്‍ ഇങ്ങനെ മര്‍ഡര്‍ ഒക്കെ ഉണ്ടാകും. എന്നാല്‍ കഥ നടക്കുമ്പോള്‍ ഈ കൊലപാതകങ്ങളോ വയലന്‍സോ ഒന്നും ഫീല്‍ ചെയ്യില്ല. കോമഡിയായിട്ടാണ് നമ്മള്‍ എല്ലാ സീനുകളും എടുക്കാന്‍ ഉദ്ദേശിക്കുന്നത്’ എന്ന്. എന്നാല്‍ അങ്ങനെ പിടിക്ക് ലാലേട്ടന്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് കഴിയട്ടെ എന്ന രീതിയിലായിരുന്നു. കഥകേട്ടിട്ട് വലിയ രീതിയില്‍ ഒക്കെ ആയപോലെ ഒന്നും ഉണ്ടായിരുന്നില്ല,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam Talks About Chotta Mumbai Movie

We use cookies to give you the best possible experience. Learn more