| Friday, 13th June 2025, 9:42 am

ഛോട്ടാ മുംബൈ 2 നടക്കില്ല; അതേ മൂഡിലുള്ള മറ്റൊരു സിനിമയെ പറ്റി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആഘോഷമാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് ഛോട്ടാ മുംബൈ. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ റീ-റിലീസ് ചെയ്യപ്പെടുകയും തിയേറ്ററുകളില്‍ വീണ്ടും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.

ബെന്നി പി. നായരമ്പലമായിരുന്നു ഈ സിനിമക്ക് തിരക്കഥ എഴുതിയത്. ഇപ്പോള്‍ ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഇനി നടക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവരില്‍ പലരും ഇന്നില്ലെന്നും അന്നത്തെ മോഹന്‍ലാലിന്റെ പ്രായമല്ല ഇന്നത്തെ മോഹന്‍ലാലിനെന്നും ബെന്നി പറയുന്നു.

രണ്ടാം ഭാഗം ചെയ്യണമെങ്കില്‍ ഛോട്ടാ മുംബൈ റിലീസായിട്ട് രണ്ട് വര്‍ഷത്തിന് ശേഷം തന്നെ ചെയ്യണമായിരുന്നെന്നും എന്നാല്‍ അതേ ടീമിനെ വെച്ച് ആ മൂഡിലുള്ള മറ്റൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.

‘ഒരുപാട് സിനിമകളുടെ രണ്ടാം ഭാഗത്തിന് സ്‌കോപ്പുണ്ടെന്ന് പറഞ്ഞിട്ട് ആളുകള്‍ ഫേസ്ബുക്കിലും മറ്റും എഴുതുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ രണ്ടാം ഭാഗമെന്നത് വളരെ റിസ്‌ക്കാണ്.

ഇപ്പോള്‍ ഛോട്ടാ മുംബൈ വളരെയേറെ ആഘോഷിക്കപെടുന്നുണ്ടല്ലോ. ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പലരും പറയുന്നത് കേള്‍ക്കാം. അങ്ങനെയൊരു സിനിമ വരുന്നത് ആലോചിച്ചു നോക്കിക്കേ.

ആ സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവരില്‍ പലരും ഇന്നില്ല. അന്നത്തെ ലാലേട്ടന്റെ പ്രായമല്ല ഇന്നത്തെ ലാലേട്ടന്. 18 വര്‍ഷത്തെ വ്യത്യാസമുണ്ട്. ലാലേട്ടന്റെ രൂപമെല്ലാം മാറിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിത്തം മാറി, പക്വത വന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ബോഡി നല്ല ഫിറ്റാണ്. മുമ്പ് ചെയ്ത കഥാപാത്രത്തെ നിലനിര്‍ത്തിയിട്ട് വേണ്ടേ അതിനെ വീണ്ടും ചെയ്യാന്‍. ഛോട്ടാ മുംബൈ രണ്ടാം ഭാഗം ചെയ്യണമെങ്കില്‍ ആ പടം റിലീസായിട്ട് രണ്ട് വര്‍ഷത്തിന് ശേഷം തന്നെ ചെയ്യണമായിരുന്നു.

അങ്ങനെ വന്നിരുന്നെങ്കില്‍ ആ ഫ്‌ളേവറില്‍ തന്നെ പിടിക്കാമായിരുന്നു. പക്ഷെ ഇവരെ വെച്ചിട്ട് ആ മൂഡ് ഉള്ള മറ്റൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് ഞാന്‍ ആലോചിക്കുന്നുണ്ട്.

ഛോട്ടാ മുംബൈയുടെ ആ ട്രെന്‍ഡിലുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത്. അതുപോലെയുള്ള പാട്ടും ഡാന്‍സുമൊക്കെ ഉള്ള പരിപാടി ആലോചിക്കുന്നുണ്ട്. നടക്കുമോയെന്ന് അറിയില്ല. അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.


Content Highlight: Benny P Nayarambalam Talks About Chotta Mumbai 2nd Part

We use cookies to give you the best possible experience. Learn more