മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു അണ്ണൻ തമ്പി . ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
താൻ ഒരു പടം കഴിയാതെ മറ്റൊരു കഥ ആലോചിക്കാനോ എഴുതാനോ പോകില്ലെന്ന് മമ്മൂട്ടിക്ക് അറിയാമെന്നും ‘ഓ താനിനി പോസ്റ്ററും കൂടി ഒട്ടിച്ചല്ലേ അടുത്ത പരിപാടി ആലോചിക്കുകയുള്ളു’ എന്ന് പറഞ്ഞ് മമ്മൂട്ടി തന്നെ കളിയാക്കുമെന്നും ബെന്നി പറയുന്നു.
താൻ ഒരു പടം ഇറക്കി വിജയിച്ച് കഴിഞ്ഞ്, മനസ് ശാന്തമായതിന് ശേഷം മാത്രമാണ് അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും ആ സമയത്ത് തന്നെ മമ്മൂട്ടി തന്നെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ദിവസം മമ്മൂക്കയെ കണ്ടപ്പോൾ ഇനി എന്ത് കഥാപാത്രം ചെയ്യാനാണെന്ന് ചോദിച്ചെന്നും ഇനി ചെയ്യാത്ത കഥാപാത്രങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചെന്നും ബെന്നി പറഞ്ഞു. അപ്പോൾ താൻ ഊമയായിട്ടുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അത്തരത്തിലുള്ള കഥാപാത്രത്തെക്കുറിച്ച് ആലോചിക്കെന്ന് മമ്മൂട്ടി പറഞ്ഞെന്നും ബെന്നി വ്യക്തമാക്കി.
ആ ഒരു വാക്കിൻ്റെ പുറത്താണ് അണ്ണൻ തമ്പി എന്ന സിനിമയെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഒരു പടം കഴിയാതെ വേറെ കഥ ആലോചിക്കാനോ എഴുതാനോ പോകില്ലെന്ന് മമ്മൂക്കക്ക് അറിയാം. അപ്പോള്‍ എന്നോട് ‘ഓ താനിനി പോസ്റ്ററും കൂടി ഒട്ടിച്ചല്ലേ അടുത്ത പരിപാടി ആലോചിക്കുകയുള്ളു’ എന്ന് കളിയാക്കും.
നമ്മളൊരു പടം ഇറക്കി സക്‌സസ് ആയി, എല്ലാ കാര്യങ്ങളും എന്‍ജോയ് ചെയ്തതിന് ശേഷം ഫ്രീ മൈന്‍ഡിലെ അടുത്ത പരിപാടി ആലോചിക്കൂ. അപ്പോള്‍ മമ്മൂട്ടി എന്നെ വിളിക്കും ‘അടുത്ത കഥ ആലോചിക്കുന്നില്ലേ, മടി പിടിച്ച് ഇരിക്കുവാണോ’ എന്ന് ചോദിക്കും.
അപ്പോള്‍ ഞാനൊരു ദിവസം കണ്ടപ്പോള്‍ ചോദിച്ചു ‘മമ്മൂക്കയെ വെച്ചിട്ട് ഇനി എന്ത് കഥാപാത്രം ചെയ്യാനാണ്. ലോകത്തുള്ള സകല വേഷവും ചെയ്തിട്ടുണ്ട്. ഇനി ചെയ്യാത്തത് എന്തെങ്കിലും ഉണ്ടോ’ എന്ന്.
മമ്മൂക്ക പറഞ്ഞു ‘ശരിയാണല്ലോ. ഞാന്‍ ഊമ ചെയ്തിട്ടില്ല. സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാളായി ആലോചിക്ക്’ എന്ന് പറഞ്ഞു. ആ ഒരു വാക്കിന്റെ പുറത്താണ് അണ്ണന്‍ തമ്പി ആലോചിക്കുന്നത്,’ ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam talking about Mammootty and Annan Thambi Cinema