മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
ചിത്രത്തിന്റെ ആദ്യ ഷോ കണ്ട അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. തന്റെ എല്ലാ സിനിമകളും ആദ്യദിവസം തന്നെ തിയേറ്ററില്‍ നിന്ന് കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഛോട്ടാ മുംബൈയുടെ ആദ്യ ഷോ താന്‍ ഒരുപാട് പ്രേക്ഷകരുടെ ഇടയിലിരുന്നാണ് കണ്ടതെന്നും കോമഡിയും ഫൈറ്റുമെല്ലാം കൃത്യമായി വര്‍ക്കൗട്ടായെന്നും ബെന്നി പിയ നായരമ്പലം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സിനിമ അവസാനിച്ചപ്പോള്‍ ചിലര്‍ക്ക് തൃപ്തി തോന്നിയില്ലെന്നും അവര്‍ തന്നോട് അക്കാര്യം പറഞ്ഞെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന്റെ സിനിമയായതുകൊണ്ട് കുറച്ച് ഹെവിയായിട്ടുള്ള സിനിമയാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്ന് അവര്‍ തന്നോട് പറഞ്ഞെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഛോട്ടാ മുംബൈ എല്ലാവര്‍ക്കും വര്‍ക്കാകുമെന്ന് ഉറപ്പായിരുന്നു. ആദ്യത്തെ ദിവസം ആദ്യത്തെ ഷോ തന്നെ ഞാന്‍ കണ്ടു. അത്യാവശ്യം നല്ല തിരക്കൊക്കെ ഉണ്ടായിരുന്നു. എന്റെ എല്ലാ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാറുണ്ട്. ഈ പടത്തിലെ കോമഡിയും ഫൈറ്റുമൊക്കെ നന്നായി വര്‍ക്കൗട്ടായി. എല്ലാവരും ചിരിക്കുകയും കൈയടിക്കുകയും ചെയ്തു.
പക്ഷേ, പടം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒന്നുരണ്ട് പേര്‍ എന്നോട് ‘പടം പോര’ എന്ന് പറഞ്ഞു. ‘ലാലേട്ടന്റെ പടം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇത്തിരി ഹെവി സിനിമ വിചാരിച്ചു’ എന്നായിരുന്നു അവര്‍ പറഞ്ഞത്. അവരുടെ വാദം ന്യായമായിരുന്നു. ആ സമയത്ത് ലാലേട്ടന്‍ ചെയ്ത പടങ്ങളെല്ലാം ഹെവി ഹീറോയിസമുള്ള പടങ്ങളായിരുന്നു.
ആ കൂട്ടത്തിലേക്കാണ് അദ്ദേഹത്തെ തലയായി പ്രസന്റ് ചെയ്തത്. കോമഡിയും ആക്ഷനുമൊക്കെ ഉണ്ടെങ്കിലും ആളുകള്‍ കുറച്ചുകൂടെ പ്രതീക്ഷിച്ചു. പോരാത്തതിന് ഛോട്ടാ മുംബൈ എന്ന് പേരും. അപ്പോള്‍ കുറച്ച് ഡാര്‍ക്ക് പരിപാടിയാണെന്ന് കുറച്ച് പേര്‍ ചിന്തിച്ചു. അവരെയും കുറ്റം പറയാന്‍ പറ്റില്ല,’ ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam shares the audience response of Chotta Mumbai on its first day