| Tuesday, 17th June 2025, 8:59 am

ഛോട്ടാ മുംബൈ കാരണം ഉണ്ടായതാണ് ആ മമ്മൂട്ടി ചിത്രം: ബെന്നി.പി.നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. ചട്ടമ്പിനാട്, കല്യാണരാമന്‍, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി.

ഇപ്പോള്‍ ഛോട്ടാ മുംബൈ കാരണം ഉണ്ടായ സിനിമയാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന് ബെന്നി പി. നായരമ്പലം പറയുന്നു.

ഛോട്ടാ മുംബൈയുടെ ഷൂട്ടിങ് ലൊക്കേഷനില്‍, ലൊക്കേഷന്‍ മാനേജറിന്റെ സഹായിയായി ഒരാളുണ്ടായിരുന്നുവെന്നും അദ്ദേഹം അവിടുത്തെ ഏതോ ഗ്യാങ്ങിന്റെ കൂടെയൊക്കെ ഉണ്ടായിരുന്ന ആളാണെന്നും അദ്ദേഹം പറയുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഈ വ്യക്തിയെ താന്‍ ഡബ്ബിങിന് വെച്ച് കണ്ടുവെന്നും താന്‍ ഇപ്പോള്‍ സിനിമയിലൊക്കെയാണ്, അഭിനയിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞുവെന്നും ബെന്നി.പി.നായരമ്പലം പറഞ്ഞു.

പഴയ ചുറ്റികളിയൊക്കെ നിര്‍ത്തിയോ എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചുവെന്നും ഇപ്പോള്‍ സിനിമാനടനാണ് കുടുംബമൊക്കെയായി അങ്ങനെ പോകുന്നുവെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്നയാള്‍ കലകൊണ്ട് എത്രത്തോളം മാറുമെന്ന് താന്‍ അപ്പോള്‍ ചിന്തിച്ചുവെന്നും ആ ഐഡിയയില്‍ നിന്നാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ പ്ലോട്ട് ഉണ്ടാകുന്നതെന്നും ബെന്നി.പി.നായരമ്പലം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛോട്ടാ മുംബൈ കാരണം ഉണ്ടായ സിനിമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഒരു കക്ഷിയുണ്ടായിരുന്നു. ലൊക്കേഷന്‍ മാനേജറിനെയൊക്കെ സഹായിക്കാന്‍ വേണ്ടി വന്നിരുന്ന കൂട്ടത്തില്‍ ഒരു കഷിയുണ്ടായിരുന്നു. അപ്പോള്‍ പുള്ളി ഒരു ചെറിയ ഗ്യാങ്ങിന്റെ കൂടെ കേറി നിന്ന് അവിടെയും ഇവിടെയുമൊക്കെ തല കാണിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ്, ഞാന്‍ ലാല്‍ മീഡിയയുടെ ഡബ്ബിങ്ങിന് ചെന്നപ്പോള്‍ ഇദ്ദേഹം ഡബ്ബ് ചെയ്തിട്ട് ഇറങ്ങി വരുന്നു.

ഞാന്‍ ‘എന്താണ് ഇവിടെ’എന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ ‘സാറെ ഞാന്‍ ഇവിടെ ഡബ്ബിങ്ങിന് വന്നതാണ്’ എന്ന് പറഞ്ഞു. ഏതൊ ഒരു പടത്തിന്റെ പേരു പറഞ്ഞു. അതിനകത്ത് രണ്ട് സീനുണ്ടായിരുന്നു, രണ്ട് ഡയലോഗുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. ‘ഒന്ന് രണ്ട് പടത്തിലൊക്കെ തലകാണിച്ചു ഇങ്ങനെ പോകുന്നു’ എന്ന് പറഞ്ഞു. ഇപ്പോള്‍ പഴയ ചുറ്റികളികളൊക്കെ നിര്‍ത്തിയോ എന്ന് ഞാന്‍ ചോദിച്ചു.

‘ ഇപ്പോള്‍ കുടുംബമായിട്ടൊക്കെ പോകുന്നു. പിന്നെ ആള്‍ക്കാരൊക്കെ തിരിച്ചറിയുമല്ലോ, സിനിമാനടനായില്ലേ. അത് കാരണം മര്യാദക്ക് നടക്കുകയാണ്’ എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് സ്‌ട്രൈക്ക് ചെയ്തത്. ഒരു ക്രിമിനല്‍ സ്വഭാവമുള്ള ആളായിരുന്നു പിന്നീട് അയാള്‍ ഒരു കലകൊണ്ട് പ്യൂരിഫിക്കേഷന്‍ ആകുന്നു. ഇത് നല്ലൊരു പ്ലോട്ടാണെന്ന് തോന്നി. അങ്ങനെ ഒരു ഐഡിയ കിട്ടിയതാണ് പിന്നീട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായി മാറിയത്.’ ബെന്നി പി. നായരമ്പലം പറയുന്നു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവുമെഴുതി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് 2013 പുറത്തുവന്ന ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മമ്മൂട്ടിക്ക് പുറമെ ഹണി റോസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തെസ്‌നി ഖാന്‍, അജു വര്‍ഗീസ്, രെജിത്ത് മേനോന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Content Highlight: Benny P. Nayarambalam says that Daivathinte Swantham Cleetus is a film that was born because of Chhota Mumbai.

We use cookies to give you the best possible experience. Learn more