| Sunday, 12th January 2025, 8:07 pm

പോത്തന്‍ വാവയിലേക്ക് ഉഷാ ഉതുപ്പിനെ നിര്‍ദേശിച്ചത് ആ സൂപ്പര്‍സ്റ്റാര്‍, കഥ കേട്ടതും അവരുടെ കണ്ണ് നിറഞ്ഞു: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോത്തന്‍ വാവ. മമ്മൂട്ടി നായകനായെത്തിയ ചിത്രം വലിയ ഹിറ്റായിരുന്നു. പോപ് ഗായിക ഉഷാ ഉതുപ്പ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണ് പോത്തന്‍ വാവ. ചിത്രത്തിലേക്ക് ഉഷാ ഉതുപ്പ് എത്തിയ കഥ വിവരിക്കുകയാണ് ബെന്നി പി. നായരമ്പലം.

ചിത്രത്തിന്റെ കഥ പൂര്‍ത്തിയായപ്പോള്‍ തനിക്ക് ഉണ്ടായ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍ വക്കീലമ്മ എന്ന കഥാപാത്രം ആര് ചെയ്യുമെന്നായിരുന്നെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു. കഥ കേട്ടപ്പോള്‍ മോഹന്‍ലാലിന് വളരെ ഇഷ്ടമായെന്നും വക്കീലമ്മ എന്ന ക്യാരക്ടര്‍ ഇതുവരെ ചെയ്യാത്ത ആരെങ്കിലും ചെയ്യണമെന്ന് നിര്‍ദേശിച്ചെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

ഗോഡ്ഫാദര്‍ എന്ന സിനിമയിലെ അഞ്ഞൂറാനെപ്പോലെ ശക്തമായ കഥാപാത്രമാണ് വക്കീലമ്മയെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടെന്നും ബെന്നി പറഞ്ഞു. ഉഷാ ഉതുപ്പിന്റെ പേര് മോഹന്‍ലാല്‍ തന്നെയാണ് നിര്‍ദേശിച്ചതെന്നും തങ്ങള്‍ രണ്ടുപേരും ഉഷാ ഉതുപ്പിനെ കോണ്ടാക്ട് ചെയ്ത് കഥ വിവരിച്ചെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു.

കഥ മുഴുവന്‍ കേട്ടപ്പോള്‍ ഉഷാ ഉതുപ്പ് കരഞ്ഞെന്നും കഥ കേട്ട് ഇമോഷണലായിട്ടാണ് കരഞ്ഞതെന്ന് തങ്ങള്‍ വിചാരിച്ചെന്നും ബെന്നി പറഞ്ഞു. എന്നാല്‍ അവരും ഇന്റര്‍കാസ്റ്റ് മാരേജാണ് ചെയ്തതെന്നും കഥ കേട്ടപ്പോള്‍ അത് ഓര്‍മ വന്നതുകൊണ്ടാണ് കരഞ്ഞതെന്ന് ഉഷാ ഉതുപ്പ് പറഞ്ഞെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.

‘പോത്തന്‍വാവയുടെ സ്‌ക്രിപ്റ്റ് എല്ലാം എഴുതി ക്യാരക്ടേഴ്‌സിനെയെല്ലാം ഉറപ്പിച്ചു. അപ്പോഴും വക്കീലമ്മ എന്ന ക്യാരക്ടറായി ആരെ അഭിനയിപ്പിക്കുമെന്ന് സംശയമായി. അവിചാരിതമായി ഈ കഥ മോഹന്‍ലാലും കേട്ടു. പുള്ളിക്കും കഥ ഇഷ്ടപ്പെട്ടു. വക്കീലമ്മ എന്ന ക്യാരക്ടര്‍ പുതിയ ഒരാള്‍ ചെയ്യുന്നതാണ് നല്ലതെന്ന് ലാലേട്ടനും അഭിപ്രായപ്പെട്ടു. ഗോഡ്ഫാദറിലെ അഞ്ഞൂറാനെപ്പോലെ സ്‌ട്രോങ്ങാണ് ആ ക്യാരക്ടറെന്നും ലാലേട്ടന്‍ പറഞ്ഞു.

പുള്ളി തന്നെയാണ് ഒടുവില്‍ ഉഷാ ഉതുപ്പിന്റെ പേര് സജസ്റ്റ് ചെയ്തത്. ഞാനും ലാലേട്ടനും കൂടിയാണ് ഉഷാ ഉതുപ്പിനോട് കഥ പറഞ്ഞത്. കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു. കഥയിലെ ഇമോഷണല്‍ സംഗതി വര്‍ക്കായതുകൊണ്ട് കരഞ്ഞതാണെന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷേ അതല്ലായിരുന്നു കാരണം. ഉഷാ ഉതുപ്പും ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു. കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് ഓര്‍മ വന്നതുകൊണ്ട് കരഞ്ഞതായിരുന്നു,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam says Mohanlal suggests Usha Uthup for Pothan Vava movie

We use cookies to give you the best possible experience. Learn more