| Wednesday, 18th June 2025, 12:37 pm

ഞാന്‍ ഗുരുതുല്യനായ കാണുന്ന വ്യക്തിയാണ് ആ നടന്‍: ബെന്നി. പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ നര്‍മബോധമുള്ള വില്ലനായി അറിയപ്പെടുന്ന നടനാണ് രാജന്‍ പി.ദേവ്. പ്രൊഫഷണല്‍ നാടക നടനായും പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു അദ്ദേഹം. ഇപ്പോള്‍ രാജന്‍ പി. ദേവിനെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി. പി. നായരമ്പലം

രാജന്‍ പി.ദേവ് തനിക്ക് ഗുരുതുല്യനായിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹത്തോട് തനിക്കുള്ള ബന്ധം വിവരിക്കാന്‍ കഴിയില്ലെന്നും ബെന്നി.പി.നായരമ്പലം പറയുന്നു. അദ്ദേഹം തനിക്ക് ഗുരുവും, സുഹൃത്തും, ജേഷ്ടനുമെല്ലാമാണെന്നും എല്ലാ അര്‍ത്ഥത്തിലും വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജന്‍ പി. ദേവിന്റെ കൂടെയാണ് താന്‍ ആദ്യമായി നാടകം ചെയ്യുന്നതെന്നും അദ്ദേഹം നാടകമെടുക്കുകയും താനും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും ബെന്നി.പി.നായരമ്പലം പറഞ്ഞു.

രണ്ട് വര്‍ഷം താന്‍ രാജന്‍ പി. ദേവിന്റെ കൂടെ അഭിനയിച്ചുവെന്നും പിന്നീട് അഭിനയം നിര്‍ത്തി എഴുത്തുമാത്രം ആക്കിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ സിനിമയില്‍ വരുന്നതിന് മുമ്പ് രാജന്‍ പി. ദേവ് സിനിമാനടനാണെന്നും അപ്പോഴും താന്‍ അദ്ദേഹത്തിന് വേണ്ടി നാടകം എഴുതിയിട്ടുണ്ടെന്നും ബെന്നി.പി.നായരമ്പലം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജേട്ടന്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ഗരുതുല്യനായിട്ടുള്ള വ്യക്തിയാണ്. ആ ബന്ധം എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്കറിയില്ല. ഒരു സുഹൃത്തായിരുന്നു, ഒരു ജേഷ്ടനായിരുന്നു. ഗുരുവാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഭയങ്കര അടുപ്പമുള്ള മനുഷ്യനാണ്. എനിക്ക് 19 വയസുള്ളപ്പോഴാണ് ഞാന്‍ നാടകത്തിലേക്ക് ചെല്ലുന്നത്. അതാണ് എന്റെ ആദ്യത്തെ നാടകം. അദ്ദേഹം എടുക്കുന്നു, അഭിനയിക്കുന്നു, കൂടെ ഞാനും അഭിനയിക്കുന്നു. വര്‍ഷങ്ങളോളം ഞാന്‍ തന്നെ പുള്ളിക്ക് വേണ്ടി നാടകം എഴതിയിട്ടുണ്ട്. രണ്ട് വര്‍ഷം ഞാന്‍ കൂടെ അഭിനയിച്ചു.

അതിന് ശേഷം അഭിനയം നിര്‍ത്തിയിട്ട് എഴുത്ത് മാത്രമാക്കി. പക്ഷേ ആ ബന്ധം ഒരു അച്ഛന്‍ മകന്‍ എന്നൊക്കെ പറയുന്നതുപോലുള്ള ബന്ധമായി തന്നെ പോയിരുന്നു. എന്നെ വഴക്ക് പറയും. ചില കാര്യങ്ങളില്‍ ഞാന്‍ പരിഭവിച്ച് പലപ്പോഴും പോയിട്ടുണ്ട്. അങ്ങനെ മരണം വരെ ആ ബന്ധം നല്ല രീതിയില്‍ സൂക്ഷിച്ചിരുന്നു. ഞാന്‍ സിനിമയിലേക്ക് കേറുന്നതിന് മുമ്പ് തന്നെ രാജേട്ടന്‍ ഇന്ദ്രജാലം എന്ന സിനിമയിലൂടെ സിനിമാതാരമായിട്ട് മാറി. അപ്പോഴും ഞാന്‍ അദ്ദേഹത്തിന് വേണ്ടി നാടകം എഴുതുന്നുണ്ട്,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content highlight: Benny.P. Nayarambalam about Rajan P. Dev

We use cookies to give you the best possible experience. Learn more