| Tuesday, 24th March 2026, 2:57 pm

ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ പേസര്‍ പുറത്ത്!

ശ്രീരാഗ് പാറക്കല്‍

വ്യക്തിപരമായ കാരണങ്ങളാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസര്‍ യാഷ് ദയാലിന് 2026 ഐ.പി.എല്‍ സീസണ്‍ മുഴുവന്‍ നഷ്ടപ്പെടും. ആര്‍.സി.ബിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2026നോട് അനുബന്ധിച്ചുള്ള ലേലത്തില്‍ ഇടംകൈയ്യന്‍ പേസറെ ഫ്രാഞ്ചൈസി 5.20 കോടി രൂപയ്ക്ക് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഐ.പി.എല്‍ 2025 ഫൈനലിന് ശേഷം താരം ക്രിക്കറ്റ് കളിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിയുടെ കിരീട നേട്ടത്തിന് പിന്നാലെ ഒരു ലൈംഗികാരോപണത്തെ തുടര്‍ന്ന് യാഷ് ദയാല്‍ വിവാദത്തിലായിരുന്നു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ദയാലിന് യു.പി ടി-20 ലീഗ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഇതോടെ ഐ.പി.എല്‍ 2026ലെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിന് വേണ്ടി താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.യാഷ് ദയാൽ

‘അദ്ദേഹം വ്യക്തിപരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹം കരാറില്‍ തുടരുന്നു. അദ്ദേഹത്തിന്റെ താത്പര്യമനുസരിച്ചതാണ് ഈ തീരുമാനം,’ മോ ബോബട്ട് ക്രിക്ക്ബസില്‍ പറഞ്ഞു.

അതേസമയം ആര്‍.സി.ബി ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റാസിഖ് ദാര്‍, അഭിനന്ദന്‍ സിങ് എന്നീ പേസര്‍മാരായിരിക്കും ദയാലിന് പകരമുള്ള ഓപ്ഷനുകള്‍.

ഐ.പി.എല്ലില്‍ 43 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകളാണ് ദയാല്‍ നേടിയത്. 33.9 എന്ന ആവറേജും 9.58 എന്ന എക്കോണമിയും താരത്തിനുണ്ട്. ആര്‍.സി.ബി കിരീടം നേടിയ കഴിഞ്ഞ സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം നേടിയത്. 2/18 എന്ന മികച്ച ബൗളിങ്ങും താരത്തിനുണ്ട്.

Content Highlight: Bengaluru Pacer Yash Dayal Ruled Out From IPL 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more