ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതിന് പിന്നാലെ സംവിധായകന്‍ അഗ്നിഹോത്രി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. കാശ്മീര്‍ ഫയല്‍സ്, വാക്‌സിന്‍ സ്റ്റോറി എന്നീ പ്രൊപ്പഗണ്ട സിനിമകള്‍ സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രി തന്റെ പരാജയചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കുകയാണ്.
കഴിഞ്ഞവര്‍ഷം റിലീസായ ദി ബംഗാള്‍ ഫയല്‍സ് എന്ന ചിത്രം സംസ്ഥാനത്തെ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യിക്കുകയാണെന്ന് കഴിഞ്ഞദിവസം അറിയിച്ചു. മമതയുടെ സര്‍ക്കാര്‍ തന്റെ സിനിമക്ക് വേണ്ട സ്‌ക്രീനുകള്‍ അനുവദിച്ചില്ലെന്നും ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞെന്നും വിവേക് അഗ്നിഹോത്രി ആരോപിച്ചു. സിനിമ നേരിടേണ്ടി വന്ന തടസങ്ങളും വെല്ലുവിളികളും വളരെ കടുപ്പമേറിയതാണെന്നായിരുന്നു സംവിധായകന്റെ വാദം.
‘ഞങ്ങളുടെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു. ഞങ്ങളെ ആക്രമിക്കുകയും ചെയ്തു. എനിക്കെതിരെ ഡസന്‍കണക്കിന് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. ബംഗാളില്‍ എന്റെ പ്രകടനം റദ്ദാക്കി. ഗവര്‍ണറില്‍ നിന്ന് എനിക്ക് അവാര്‍ഡ് വാങ്ങാന്‍ പോലും സാധിച്ചില്ല. പക്ഷേ, ഞങ്ങള്‍ ഒരിക്കലും തളര്‍ന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ബംഗാളില്‍ ഭൂരിഭാഗം ആളുകളിലേക്ക് ഞങ്ങളുടെ സിനിമ എത്തിക്കാന്‍ ശ്രമിച്ചു. തളരാതെ, സ്വന്തമായ രീതിയില്‍ പോരാടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.
2025 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ബംഗാള്‍ ഫയല്‍സിന്റെ റിലീസ്. മുസ്‌ലിം വിരോധം പച്ചക്ക് വരച്ചിടുന്ന ഡയലോഗുകളും സീനുകളും കൊണ്ട് നിറഞ്ഞ ചിത്രമായിരുന്നു ബംഗാള്‍ ഫയല്‍സ്. ബംഗാളിന്റെ തകര്‍ച്ചക്ക് കാരണം മുസ്‌ലിങ്ങളാണെന്ന് പറയുന്ന ഡയലോഗെല്ലാം ട്രെയ്‌ലറിലുണ്ടായിരുന്നു. കശ്മീര്‍ ഫയല്‍സ് പോലെ വമ്പന്‍ വിജയമാക്കാന്‍ ശ്രമിച്ച ചിത്രം അമ്പേ പരാജയമായി മാറി.
45 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം വെറും 14 കോടി മാത്രമായിരുന്നു കളക്ഷന്‍ നേടിയത്. ബംഗാളില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം ചിത്രം റീ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ തന്റെ എക്‌സ് പേജിലൂടെയാണ് അറിയിച്ചത്. ഒരുവട്ടം പരാജയപ്പെട്ട പ്രൊപ്പഗണ്ട ചിത്രം വീണ്ടുമെത്തുമ്പോള്‍ പഴയ ഫലം തന്നെയാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവും വിവേക് അഗ്നിഹോത്രി തന്നെയാണ്. ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയപ്പെട്ടതില്‍ സംവിധാകന്‍ നിരാശ പ്രകടിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി, അനുപം ഖേര്‍, രാജേഷ് ഖേര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
NEVER AGAIN.
For those who don’t know, @MamataOfficial cancelled me in Bengal after the release of #TheKashmirFiles. The film was taken out of cinema halls, and she said I would NOT BE ALLOWED TO ENTER Bengal.