കൂടുമാറ്റം, കുതിരക്കച്ചവടം, വര്‍ഗീയത; ബംഗാളില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ വിജയിക്കുമോ?
West Bengal Election 2021
കൂടുമാറ്റം, കുതിരക്കച്ചവടം, വര്‍ഗീയത; ബംഗാളില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ വിജയിക്കുമോ?
അന്ന കീർത്തി ജോർജ്
Sunday, 20th December 2020, 6:07 pm

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്, 2021ലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്. ബംഗാള്‍ ഇലക്ഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ അഥവാ മമത ബാനര്‍ജിയും അമിത് ഷായും തമ്മിലുള്ള തുറന്ന പോരായിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അടുത്ത കാലത്ത് സംസ്ഥാന തലത്തില്‍ നടന്ന മറ്റേതൊരു തെരഞ്ഞെടുപ്പിനേക്കാളും പ്രാധാന്യത്തിലാണ് ബി.ജെ.പി ബംഗാള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്.

എന്തായിരിക്കും അതിന് കാരണം? പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന തൃണമൂലിനെയും മമത ബാനര്‍ജിയെയും പുറന്തള്ളാന്‍ ബി.ജെ.പിയുടെ അടവുനയങ്ങള്‍ക്കും അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കും സാധിക്കുമോ? സംഘപരിവാറിന് ഒരു കാലത്തും മേല്‍ക്കോയ്മ നേടാന്‍ സാധിച്ചിട്ടില്ലാത്ത ബംഗാള്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയ്ക്ക് ആധിപത്യമുറപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമോ?

പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും സംസ്ഥാനത്ത് ഇതുവരെയും ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്ന ബി.ജെ.പിക്കും വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് ശേഷം അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും ഒരുപോലെ പ്രധാനമാണ് 2021 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്. നിലവില്‍ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഗുരുതരമായ തര്‍ക്കങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രാധാനപ്പെട്ടതാണ് ബംഗാള്‍ തെരഞ്ഞെടുപ്പ്.

എന്തുകൊണ്ടാണ് ബി.ജെ.പി ബംഗാളിലെ അധികാരം പിടിച്ചെടുക്കാനായി ഇത്രമേല്‍ കിണഞ്ഞു ശ്രമിക്കുന്നത്. പ്രാദേശിക തലത്തില്‍ ബി.ജെ.പിക്ക് മുന്നിലെ ഏറ്റവും അജയ്യയായ എതിരാളിയാണ് മമത ബാനര്‍ജി, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ പശ്ചിമ ബംഗാളിലൂടെ ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ അധികാരം സ്ഥാപിക്കാന്‍ ബി.ജെ.പി പരിശ്രമിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ഹിന്ദി ഹൃദയഭൂമി കയ്യടക്കിവെച്ചിരിക്കുന്ന ബി.ജെ.പി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്വാധീനം ഉറപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായാണ് ബംഗാളിനെ കാണുന്നത്. അതുകൊണ്ടാണ് അമിത് ഷായും മറ്റു നേതാക്കളും നിരന്തരം ബംഗാളിലെത്തുന്നത്.

2011മുതലുള്ള ബി.ജെ.പിയുടെ ബംഗാളിലെ പെര്‍ഫോമന്‍സ് പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകും. 2011ല്‍ ആകെയുള്ള 294 സീറ്റുകളില്‍ 289 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റ് പോലും ബി.ജെ.പിക്ക് പിടിച്ചെടുക്കാനായിരുന്നില്ല. 4 ശതമാനം വോട്ടായിരുന്നു അന്ന് അവര്‍ക്ക് ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടിയ ബി.ജെ.പി വോട്ടിംഗ് ശതമാനം 10.6 ശതമാനത്തിലേക്കുയര്‍ത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ 42 സീറ്റുകളില്‍ 18 സീറ്റ് നേടിയ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം 40.64 ആയിരുന്നു.

അതേസമയം 2011 മുതലുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ തൃണമൂലിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവല്ലാതെ കാര്യമായ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ല. 2019ലെ ലോക്‌സഭാ ഇലക്ഷനില്‍ സീറ്റുകളുടെ എണ്ണം 22 ആയി ചുരുങ്ങിയെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ വലിയ കുറവ് വന്നിരുന്നില്ല. പക്ഷെ ലോക്‌സഭയാണെന്നും മോദി പ്രഭാവമാണെന്നും ഇത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാവില്ലെന്നും തൃണമൂലും മറ്റു പാര്‍ട്ടികളും പറയുന്നുണ്ടെങ്കിലും 2019ലെ തെരഞ്ഞെടുപ്പ് ഫലത്തെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വോട്ടിംഗ് ശതമമാനത്തില്‍ നാലിരട്ടി വര്‍ധനവാണ് ബി.ജെ.പി കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നേടിയത്.

നിലവില്‍ 294ല്‍ 220 സീറ്റ് ഭൂരിപക്ഷം നേടിക്കൊണ്ടാണ് തൃണമൂല്‍ ഭരിക്കുന്നത്. കോണ്‍ഗ്രസിന് 23 ഉം സി.പി.ഐ.എമ്മിന് 19 ഉം സീറ്റാണുള്ളത്. 16 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ഈ 16ല്‍ നിന്നും 200 സീറ്റുകള്‍ എന്ന നിലയിലേക്ക് ബി.ജെ.പി വളരുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഇക്കഴിഞ്ഞ കുറച്ചു നാളുകളായി ബംഗാളില്‍ നടക്കുന്ന സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ ഏതു വിധേനെയും ബംഗാളിനെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും.

കഴിഞ്ഞ ദിവസമാണ് ഏറെ നാളായി തൃണമൂലുമായി ഇടഞ്ഞു നിന്നിരുന്ന സംസ്ഥാനത്തെ ഗതാഗതമന്ത്രി കൂടിയായിരുന്ന സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത്. അമിത് ഷാ നേരിട്ടെത്തിയായിരുന്നു സുവേന്തുവിന് അംഗത്വം നല്‍കിയത്. സുവേന്തു അധികാരിയോടൊപ്പം തൃണ
മൂലിന്റെ പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്നും അംഗത്വം സ്വീകരിച്ചത്. സുവേന്തു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

തൃണമൂല്‍ ചീഞ്ഞളിഞ്ഞിരിക്കുകയാണെന്നും ബംഗാളും തൃണമൂലും ആരുടെയും സ്വത്തല്ലെന്നുമടക്കമുള്ള കടുത്ത ആരോപണങ്ങളാണ് സുവേന്തു ഉന്നയിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ബംഗാളിനെ രക്ഷിക്കണമെങ്കില്‍ സംസ്ഥാനത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കൈയ്യിലേല്‍പ്പിക്കണമെന്നായിരുന്നു ബി.ജെ.പി അംഗത്വം സ്വീകരിച്ച ഉടനെ സുവേന്തു വേദിയില്‍ പറഞ്ഞത്.

നേതാക്കളടക്കം ആയിരക്കണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പിയുടെ ബംഗാള്‍ ചുമതല വഹിക്കുന്ന കൈലാഷ് വിജയവര്‍ഗിയ അവകാശപ്പെട്ടിരുന്നു. സി.പി.ഐയിലേയും സി.പി.ഐ.എമ്മിലേയും കോണ്‍ഗ്രസിലെയും നേതാക്കള്‍ കൂടി ബി.ജെ.പിയിലെത്തുമെന്നാണ് വിജയവര്‍ഗിയയുടെ അവകാശവാദം. എന്നാല്‍ ആരെയൊക്കെ സ്വീകരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വരെ വിജയവര്‍ഗിയ പറഞ്ഞിരുന്നു.

മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയി നേരത്തെ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സുവേന്തു അധികാരി കൂടി തങ്ങളുടെ ക്യാംപിലെത്തുന്നതോടെ ഇലക്ഷനില്‍ തൃണമൂലിനെ തകര്‍ക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍. തൃണമൂലില്‍ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കളെ എത്തിക്കുന്നതോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ ബി.ജെ.പി അവസരമാക്കിയെടുത്തതും ഏറെ ചര്‍ച്ചയായിരുന്നു.

ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ ബംഗാളിലെ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഉടന്‍ തന്നെ ഡല്‍ഹിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ ഇടപെടല്‍ നിയമപരമല്ല, അതനുസരിക്കുന്ന പ്രശ്‌നമില്ല എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉടന്‍തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

ഈ സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ബംഗാളിലെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍, സംസ്ഥാനത്തെ ക്രമസമാധാനനില ഇപ്പോഴല്ല മുമ്പേ തന്നെ തകര്‍ന്നതാണെന്ന പരസ്യപ്രസ്താവന നടത്തുകയും ആ രീതിയില്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും രൂക്ഷമായ ഒരു കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്കാണ് ഇത് നീങ്ങുന്നത്.

സമാനമായ രീതിയില്‍ തന്നെ മമതയും മോദി സര്‍ക്കാറും പരസ്പരം പോരടിച്ച അനേകം സന്ദര്‍ഭങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു. ആധാര്‍, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ നടപടികളെ തങ്ങള്‍ അനുസരിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച് ഫെഡറല്‍ ജനാധിപത്യത്തിന്റെ സവിശേഷാധികാരത്തെ മമത പല തവണ മുറുകെ പിടിച്ചിട്ടുണ്ട്.

നേരത്തെ ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ അറസ്റ്റുചെയ്യാന്‍ സി.ബി. ഐ. സംഘം എത്തിയപ്പോള്‍ സംസ്ഥാനത്തുണ്ടായത് വലിയ കോലഹലങ്ങളായിരുന്നു. അന്ന് ബംഗാള്‍ പൊലീസ് വന്ന് സി.ബി.ഐ ഉദ്യോഗസ്ഥരെ ഉപരോധിക്കുകയും സി.ബി.ഐ. സംഘത്തിലെ ചിലരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. മമത ബാനര്‍ജി നേരിട്ട് തന്നെയാണ് അന്ന് കേന്ദ്രത്തിനെതിരേ സത്യാഗ്രഹം നടത്തിയത്. ഇതേ തുടര്‍ന്നുള്ള കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നെട്ടോട്ടമോടിച്ചതിന് പിന്നാലെയാണ് മുകുള്‍ റോയി ബി.ജെ.പിയിലെത്തുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്തു അധികാരിയും എന്‍ഫോഴ്‌സമെന്റ് നൂലമാലകളില്‍ പെട്ടുകിടക്കുയായിരുന്നു.

ഇപ്പോള്‍ ജെ.പി നദ്ദ സംഭവത്തില്‍ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ഫെഡറല്‍ വ്യവസ്ഥയെ തന്നെ തകിടം മറിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇത്തരത്തില്‍ മറ്റു പാര്‍ട്ടി നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവന്നും അന്വേഷണ ഏജന്‍സികളിലൂടെയും ഭരണഘടനാ സ്ഥാപനങ്ങളിലൂടെയും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചും വര്‍ഗീയത നിറഞ്ഞ പ്രചാരണതന്ത്രങ്ങളിലൂടെയും ഏതുവിധേനെയും പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നടത്തിയ ഒരു പ്രസ്താവനയുണ്ട്. ‘നിങ്ങള്‍ മൂന്ന് ദശാബ്ദം കോണ്‍ഗ്രസിനും 27 വര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ക്കും 10 വര്‍ഷം മമതയ്ക്കും അവസരം നല്‍കി. അഞ്ച് വര്‍ഷം ബി.ജെ.പിയ്ക്ക് തന്നാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റാം’ എന്നായിരുന്നു ആ പ്രസ്താവന. വര്‍ഷങ്ങളായി തങ്ങള്‍ മുന്നില്‍ കാണുന്ന ഈ ലക്ഷ്യത്തിലേക്കെത്തെനാണ് ബി.ജെ.പിയുടെ ശ്രമം.

രാഷ്ട്രീയരംഗത്തും അധികാരകേന്ദ്രങ്ങളിലും ബി.ജെ.പിയോട് പോരാടുന്നതിനൊപ്പം തന്നെ പാര്‍ട്ടികക്കത്ത് തന്നെയുള്ള പ്രശ്‌നങ്ങളെയും സി.പി.ഐ.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള എതിര്‍പ്പുകളെയും കൂടിയാണ് മമതക്ക് ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ നേരിടാനുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal Election 2020, BJP Amit Shah and Trinamool Congress Mamata Banerjee

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.