ബംഗാളും കേരളവും - താത്വികമല്ലാത്ത ഒരു വിശകലനം
D' Election 2019
ബംഗാളും കേരളവും - താത്വികമല്ലാത്ത ഒരു വിശകലനം
ഫാറൂഖ്
Thursday, 30th May 2019, 11:12 pm
നിപയായാലും പ്ലേഗ് ആയാലും ഒരു പരിധി കഴിയുമ്പോള്‍ സ്വയം നശിക്കും. മാഫിയകള്‍ക്കും കുറ്റവാളി സംഘങ്ങള്‍ക്കും അതെ പോലെ തന്നെ പരിമിതമായ ആയുസ്സാണ്. മാഫിയ പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അതെ പോലെ സ്വയം നശിക്കും, അങ്ങനെയാണ് ചരിത്രം. കെ.കെ.കെയും നാസികളുമൊക്കെ കാലം നശിപ്പിച്ച വിദ്വേഷ ഗ്രൂപ്പുകളാണ്. ആര്‍.എസ്.എസ്സ് നശിക്കുന്നത് വരെ പൊരുതി നില്‍ക്കുവാന്‍ കേരളത്തിന് കഴിയുമോ ?

ബംഗാളും ത്രിപുരയും ബി.ജെ.പി പിടിച്ചു. സ്വാഭാവികമായും അടുത്തത് കേരളമാണെന്നു ബി.ജെ.പി ക്കാരും അതിവിടെ നടക്കില്ലെന്ന് മറ്റുള്ളവരും ആണയിടുന്നു. കാരണമായി മതസൗഹാര്‍ദ്ദം, നവോത്ഥാനം, കമ്മ്യൂണിസം, മാനുഷിക വിഭവ സൂചിക തുടങ്ങി താത്വികമായി എന്തൊക്കെ വിശകലനം ചെയ്യാമോ അതൊക്കെ ചര്‍ച്ച ചെയ്തു. അതിനിടയില്‍ മിക്കവരും വിട്ടു പോയ രണ്ടു ഘടകങ്ങളുണ്ട് – ഒന്ന് പണം, രണ്ടു മാഫിയ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം.

ഏകദേശം 50000 കോടി ചിലവഴിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്, അതില്‍ 45000 കോടി ചെലവാക്കിയത് ഒരു പാര്‍ട്ടിയും ബാക്കി 5000 കോടി മറ്റെല്ലാ പാര്‍ട്ടികളും കൂടിയും. ഏകദേശ കണക്കാണ്, കൃത്യമായ കണക്ക് ഒരിക്കലും വരില്ല. നല്ല ആദര്‍ശവും കാഴ്ചപ്പാടുകളും പ്രകടന പത്രികയും ഒക്കെ ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് പണം എന്നാണ് ചോദ്യമെങ്കില്‍ യുട്ടോപ്യ എന്ന രാജ്യത്താണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് കരുതേണ്ടി വരും.

ഒരു വലിയ തെരഞ്ഞെടുപ്പ് റാലിക്ക് ചെലവ് 10 കോടിക്ക് മുകളില്‍ വരും, ചെറിയ റാലികള്‍ക്ക് അതാതിന്റെ വലിപ്പം പോലെ 10 ലക്ഷം മുതല്‍ ഒരു കോടി വരെ. പണ്ടത്തെ പോലെ 500 രൂപയും ചിക്കന്‍ ബിരിയാണിയും കൊടുത്താലൊന്നും ആളെ കൂട്ടാന്‍ കഴിയില്ല. 3000 മുതല്‍ 5000 വരെയാണ് ഏജന്റുമാരുടെ കമ്മീഷന്‍ അടക്കം ഉത്തരേന്ത്യയിലെ റേറ്റ്. ഇത് പോലത്തെ ആയിരക്കണക്കിന് റാലികളാണ് നടത്തേണ്ടത്.

 

അതിനു പുറമെ പോസ്റ്ററുകള്‍, കട്ട്-ഔട്ട്, റോഡ്-ഷോകള്‍, റേഡിയോ, ടി വി പരസ്യങ്ങള്‍, ഫേസ്ബുക്, ട്വിറ്റര്‍ മറ്റു ഓണ്‍ലൈന്‍ പരസ്യങ്ങള്‍, പെയ്ഡ് ന്യൂസിന് വേണ്ടി ചിലവാക്കേണ്ട തുക, ഐ.ടി സെല്‍ എന്ന പേരില്‍ വ്യാജവാര്‍ത്തകളും കേട്ട്‌കേള്‍വിയും അപവാദങ്ങളും പ്രചരിപ്പിക്കാന്‍ ശമ്പളം കൊടുത്തു നിര്‍ത്തേണ്ട നൂറു കണക്കിനാളുകളുടെയും പാര്‍ട്ട് ടൈം ആയി ചെയ്യുന്ന ആയിരങ്ങളുടെയും ശമ്പളം , ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, സര്‍വേകള്‍ തുടങ്ങിയക്കുള്ള ചിലവുകള്‍ തുടങ്ങി പറന്നു നടക്കുന്ന നൂറുകണക്കിന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും വേണ്ട വാടകയും ഇന്ധന ചിലവും വരെ.

ശരിക്കുള്ള ചെലവ് ഇതൊന്നുമല്ല, കെട്ടു കെട്ടുകളായി മുകളില്‍ നിന്ന് താഴേക്ക് വരണ്ട നോട്ടുകള്‍. തിരഞ്ഞെടുപ്പ് സമയത്തു നമ്മുടെയടുത്തു പിരിവിനു വരുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നമ്മള്‍ കൊടുക്കുന്ന പണം അവിടെത്തന്നെ തീരും, മുകളിലോട്ടോ താഴോട്ടോ പോകില്ല. മുകളില്‍ നിന്ന് പണം വരാതെ പ്രാദേശിക നേതാക്കന്മാര്‍ അനങ്ങളില്ല, പ്രാദേശിക നേതാക്കള്‍ അനങ്ങിയില്ലെങ്കില്‍ വോട്ടും വരില്ല. ചാക്ക് കെട്ടുകളായി മുകളില്‍ നിന്ന് വരുന്ന പണമാണ് വോട്ടായിട്ടു മടങ്ങി വരേണ്ടത്.

പ്രാദേശിക നേതാക്കള്‍ക്ക് കാശു കൊടുക്കുന്നത് ഇന്ത്യ മുഴുവന്‍ കാലങ്ങളായി നടക്കുന്ന ഏര്‍പ്പാടാണെങ്കിലും വോട്ടര്‍മാര്‍ക്ക് നേരിട്ട് കാശു കൊടുക്കുന്ന രീതിയും വ്യാപകമായി വരുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിക്കാരുള്ള രാജ്യമാണ് നമ്മുടേതെന്നത് മറക്കരുത്.

 

ഭരണ കക്ഷിയാണെങ്കില്‍ അഴിമതിയിലൂടെയും, പ്രതിപക്ഷമാണെങ്കില്‍ ഭാവിയില്‍ അഴിമതി നടത്തി തിരിച്ചു തരാം എന്ന് വാഗ്ദാനംനല്‍കിയുമാണ് ഈ പണമൊക്കെ സംഘടിപ്പിക്കുന്നത്. പാര്‍ട്ടി തുടങ്ങിയ കാലത്തു കെജ്രിവാള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് പിരിവെടുത്തായിരുന്നു പ്രചാരണം നടത്തിയിരുന്നത്, ഇപ്പോള്‍ മാറി.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് പ്രധാനമായും രണ്ടു രീതിയിലാണ് പണം വരിക, ആയുധം വാങ്ങുന്നതിലുള്ള കമ്മീഷനും പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വ്യവസായികള്‍ക്ക് സംഘടിപ്പിച്ചു കൊടുക്കുന്ന ഒരിക്കലും തിരിച്ചടക്കേണ്ടാത്ത വായ്പയിലുള്ള കമ്മീഷനും. ആയുധ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ കേട്ട ബോഫോഴ്‌സും റാഫേലും മാത്രമല്ല, പട്ടാളക്കാര്‍ക്കുള്ള ബൂട്ടും ഗൂഗിള്‍സും മുതല്‍ ശവപ്പെട്ടി വാങ്ങുന്നതിനു വരെ കമ്മിഷന്‍ ആണ്.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് പൊതുവെ ഭൂമി പതിച്ചു കൊടുക്കല്‍, അബ്കാരി, വിദ്യാഭ്യാസം, തുടങ്ങിയതിലാണ് കമ്മീഷന്‍. കേരള കോണ്‍ഗ്രെസ്സുകാരൊക്കെ റീടൈല്‍ ആയി ചെയ്യുമ്പോള്‍ ബി.ജെ.പി യും കോണ്‍ഗ്രെസ്സുമൊക്കെ വോള്‍സെയില്‍ ആണ്. വാദ്രക്കും പതഞ്ജലിക്കും ഒക്കെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് അങ്ങനെ ലഭിച്ചത്. കൃഷ്ണ ഗോദാവരി റിവര്‍ ബേസിനിലുള്ള എണ്ണ ഖനനം മുകേഷ് അംബാനിക്കും തുറമുഖങ്ങള്‍ അദാനിക്കും മറിച്ചു കൊടുത്തു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കി റെക്കോര്‍ഡിട്ടത്.

 

ഈ പണത്തിന്റെ സംഭരണവും ഗതാഗതവുമാണ് അടുത്ത പ്രശ്‌നം. വര്‍ഷങ്ങളായി ശേഖരിക്കുന്ന കള്ളപ്പണം സൂക്ഷിക്കുന്നതിനും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും കാലങ്ങളായി പാര്‍ട്ടികള്‍ സ്വീകരിച്ചു പോരുന്ന ചില രീതികളുണ്ട്. പാര്‍ട്ടിക്ക് വളരെ വിശ്വാസമുള്ള ചില വ്യവസായികളുണ്ടാകും, ചില പാര്‍ട്ടി നേതാക്കന്മാര്‍ തന്നെ വ്യവസായികളായിട്ടും ഉണ്ടാവും, ഇവരാണ് പാര്‍ട്ടികളുടെ പണം സൂക്ഷിക്കുന്നത്. ഉദാഹരണത്തിന് ബി.ജെ.പിക്ക് ഗഡ്കരി, പിയുഷ് ഗോയല്‍, ജയ് ഷാ, കോണ്‍ഗ്രസിന് നവീന്‍ ജിണ്ടാല്‍, എ.എ.പിക്ക് ശൂഷില്‍ ഗുപ്ത തുടങ്ങിയവര്‍.

ആരുടെയൊക്കെ കയ്യില്‍ എത്ര പണം ഉണ്ടെന്നും അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കാന്‍ വളരെ വിശ്വസ്തരായ വേറെ ചിലരും ഉണ്ടാവും. പൊതുവെ രാജ്യസഭാ അംഗങ്ങളായിരിക്കും ഇവര്‍, കോണ്‍ഗ്രസില്‍ എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, എ.എ.പിയില്‍ നരേന്‍ ദാസ് ഗുപ്ത, ബി.ജെ.പി യില്‍ റാം മാധവ് തുടങ്ങിയവര്‍.

പ്രമോദ് മഹാജന്‍ കൊല്ലപ്പെട്ടപ്പോള്‍ ബി.ജെ.പി അഞ്ചു കൊല്ലം കൊണ്ടുണ്ടാക്കിയ പണത്തിന്റെ ഡാറ്റബേസ് നഷ്ടപ്പെട്ടു എന്ന സംസാരമുണ്ടായിരുന്നു, അതിനെ തുടര്‍ന്ന് ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് ഫണ്ട് മാനേജര്‍മാരായി ഒന്നില്‍ കൂടുതല്‍ പേരുണ്ടാകും, മരണം തടയാന്‍ അധികാരം കൊണ്ട് പറ്റില്ലല്ലോ. എ.എ.പി യുടെ ആകെ മൂന്നു രാജ്യസഭാ മെമ്പര്‍മാരുള്ളതില്‍ രണ്ടു പേരും ഫണ്ട് മാനേജര്‍മാരാണ്.

 

 

ചില ഒറ്റ-നേതാവ് പാര്‍ട്ടികളില്‍ നേതാവോ അവരുടെ അടുത്ത ബന്ധുക്കളോ തന്നെയാണ് പണം സൂക്ഷിക്കുന്നത്, അവര്‍ക്ക് മറ്റാരെയും വിശ്വാസം കാണില്ല. ഉദാഹരണത്തിന് മായാവതി, ജഗന്‍ മോഹന്‍ റെഡ്ഢി, കെ.എം മാണി തുടങ്ങിയവര്‍. ജഗന്റെ പ്രഖ്യാപിത സ്വത്ത് 375 കോടിയാണ്, മായാവതിയുടേത് 112 കോടിയും അവരുടെ സഹോദരന്റെത് 1300 കോടിയും. പലരും വിദേശത്തുള്ള ബന്ധുക്കളിലേക്ക് ഹവാല വഴി പണം കടത്തി ആവശ്യമുള്ളപ്പോള്‍ തിരിച്ചു നിയമ വിധേയമായ വഴികളിലൂടെ തിരിച്ചെത്തിക്കും. അജിത് ഡോവലിന്റെ മകന്‍, റാം മാധവിന്റെ ബന്ധുക്കള്‍ തുടങ്ങിയവരാണ് അതിന്റെ ഉദാഹരണങ്ങള്‍.

തെരഞ്ഞെടുപ്പ് സമയത്തു ഈ പണമൊക്കെ ആവശ്യക്കാരുടെ കയ്യിലെത്തിക്കുകയാണ് അടുത്ത ജോലി. ആദ്യമൊക്കെ ട്രെയിനിലും കാറുകളിലുമൊക്കെ പോസ്റ്ററുകളുടെയും ബാനറുകളുടേയുമൊക്കെ കൂടെ പണം കൊണ്ട് വരുന്നതായിരുന്നു രീതി. 2009 ല്‍ കോഴിക്കോട്ടേക്ക് പണം കൊണ്ട് വന്ന ഒരു നേതാവ് പകുതിയേ തനിക്കു തന്നുള്ളൂ എന്ന് കോഴിക്കോട്ടെ അന്നത്തെ സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പരാതി നല്‍കിയത് അക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു.

ഇന്ന് ട്രെയിനിലും ട്രക്കുകളിലും കൂടാതെ നേതാക്കന്മാര്‍ പറന്നു നടക്കുന്ന വിമാനങ്ങളിലും ഹെലികോപ്റ്ററുകളും വരെ പണം കൊണ്ട് പോകുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിമാനം പരിശോധിച്ച ഉദ്യോഗസ്ഥനെ പുറത്തിക്കിയതായി വാര്‍ത്തയുണ്ടായിരുന്നു, വിമാനങ്ങളില്‍ നിന്ന് പെട്ടികള്‍ ഇറക്കി കാറില്‍ കൊണ്ട് പോകുന്നതിന്റെ വിഡിയോയും കണ്ടിരുന്നു.

ഇക്കാര്യങ്ങളിലൊക്കെ പാര്‍ട്ടികള്‍ തമ്മില്‍ നല്ല രീതിയില്‍ അഡ്ജസ്റ്റ്‌മെന്റുകളും നടന്നിരുന്നു ഈയടുത്ത കാലം വരെ, കൃത്യമായി പറഞ്ഞാല്‍ അമിത്ഷാ കള്ളപ്പണം ഇനി മുതല്‍ ബി.ജെ.പി തീരുമാനിക്കുന്നവര്‍ കൈകാര്യം ചെയ്താല്‍ മതി എന്ന് തീരുമാനിക്കുന്നത് വരെ. മറ്റൊരു പാര്‍ട്ടി അഴിമതി നടത്തുന്നതോ കള്ളപ്പണം സൂക്ഷിക്കുന്നതോ എതിര്‍പാര്‍ട്ടിക്കാര്‍ തടയാറില്ലായിരുന്നു. അത്യാവശ്യം അഴിമതി ആരോപണങ്ങള്‍ തമ്മില്‍ തമ്മില്‍ ഉന്നയിക്കുമെങ്കിലും ആരും പരസ്പരം ദ്രോഹിക്കാറുണ്ടായിരുന്നില്ല. മിക്കവാറും പാര്‍ട്ടികള്‍ക്കും എതിര്‍ പാര്‍ട്ടികളുടെ ഫണ്ട് മാനേജര്‍മാരുടെ വിവരങ്ങള്‍ കൃത്യമായി അറിയുമായിരുന്നിട്ടും ആരും അത് പുറത്തു പറയാറും ഉണ്ടായിരുന്നില്ല.

മുകുള്‍ റോയ്

 

മുകുള്‍ റോയ് – 2006 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി യാണ്, കൂടാതെ യു.പി.എ രണ്ടില്‍ റെയില്‍വേ മന്ത്രിയുമായിരുന്നു. മമതാ ബാനര്‍ജിയുടെ വലംകയ്യായിരുന്നു, പക്ഷെ ഇപ്പോള്‍ ബി.ജെ.പി യിലാണ്. മമതാ ബാനര്‍ജിയുടെ പേരില്‍ സ്വത്തൊന്നുമില്ല, മൂന്നാലു കോട്ടണ്‍ സാരികളും 4 ലക്ഷത്തിനു താഴെ ബാങ്ക് നിക്ഷേപവുമാണ് അവസാനമായി ഡിക്ലയര്‍ ചെയ്തത്. ബംഗാളിനെ പിടിച്ചു കുലുക്കിയ ആയിരക്കണക്കിന് കോടികളുടെ ശാരദ ചിറ്റ് ഫണ്ട് അഴിമതി കേസിലെ മുഖ്യ പ്രതികളായിരുന്നു മുകുള്‍ റോയിയും ആസ്സാമിലെ ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ഹേമന്ത ബിശ്വാസ് ശര്‍മയും. ഇനിയും മനസ്സിലാകാത്തവര്‍ക്കായി തെളിച്ചു പറയാം, മമതാ ബാനര്‍ജിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനായിരുന്നു മുകുള്‍ റോയ്.

മുകുള്‍ റോയിയേയും ഹേമന്ത ബിശ്വാസ് ശര്‍മയേയും 2014 മുതല്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും നിരന്തരം ചോദ്യം ചെയ്തു. അറസ്റ്റും ജയിലും ഉറപ്പായപ്പോള്‍ 2016 മെയില്‍ ഹേമന്ത ബിശ്വാസ് ശര്‍മയും 2017 ഒക്ടോബറില്‍ മുകുള്‍ റോയിയും ബി.ജെ.പി യില്‍ ചേര്‍ന്നു, അതോടെ ചോദ്യം ചെയ്യലും നിന്നു. ആസ്സാമില്‍ ഹേമന്ത ബിശ്വാസ് ശര്‍മ്മ സൂക്ഷിച്ചിരുന്ന കോണ്‍ഗ്രസിന്റെ കള്ളപ്പണവും ബംഗാളില്‍ മുകുള്‍ റോയ് സൂക്ഷിച്ചിരുന്ന തൃണമൂലിന്റെ കള്ളപ്പണവും അതോടെ ബി.ജെ.പി യിലെത്തി. ഈ രണ്ടു പേര്‍ മുന്‍നിര നേതാക്കളായിരുന്നത് കൊണ്ട് എല്ലാവര്‍ക്കും അറിയാം എന്നേയുള്ളൂ, ഒട്ടനവധി സംസ്ഥാന ജില്ലാ നേതാക്കളും ഇങ്ങനെ ബി.ജെ.പി യിലെത്തി. 2016 ലെ നോട്ടു നിരോധനവും 2017 ലെ മുകുള്‍ റോയിയുടെ കാലുമാറ്റവും തൃണമൂലിന്റെ നല്ലൊരു പങ്ക് പണവും ബി.ജെ.പി യിലെത്തിച്ചു.

ഹേമന്ത ബിശ്വാസ് ശര്‍മ

തൃണമൂലിന്റെ കയ്യില്‍ ഇനി കാര്യമായി കള്ളപ്പണം ഇല്ലെന്ന് ഉറപ്പാക്കി, സംഭാവന കൊടുക്കാന്‍ സാധ്യതയുള്ള വ്യവസായികളെ ഭീഷണിപ്പെടുത്തി, മുകുള്‍ റോയിയെ പോലെ നിരവധി പേരെ സി.ബി.ഐ യെയോ എന്‍ഫോഴ്സ്മെന്റിനെയോ ഉപയോഗിച്ച ബി.ജെ.പി യിലെത്തിച്ച ശേഷമായിരുന്നു അമിത് ഷാ യുടെ ശരിക്കുള്ള ഓപ്പറേഷന്‍. ആംബുഷ് അഥവാ വളഞ്ഞിട്ട് ആക്രമണം എന്ന് യോഗേന്ദ്ര യാദവ് വിശേഷിപ്പിച്ച രീതിയിലായിരുന്നു പിന്നീട് ബി.ജെ.പി യുടെ പ്രവര്‍ത്തനം. താഴെ തട്ടിലേക്ക് പണത്തിന്റെ ഒഴുക്കായിരുന്നു പിന്നീട്. ആയിരവും രണ്ടായിരവും കൈക്കൂലി വാങ്ങുന്ന താഴെ തട്ടിലുള്ള രാഷ്ട്രീയക്കാര്‍ക്ക് പാര്‍ട്ടി ഭേദമന്യേ ലക്ഷങ്ങളുടെ ഓഫറുകളായിരുന്നു മറ്റ് സംസ്ഥാനങ്ങളില്‍ വന്നു പഞ്ചായത്തുകള്‍ തോറും തമ്പടിച്ച ആര്‍.എസ്സ്.എസ്സുകാര്‍ നല്‍കിയത്.

പണം മാത്രമല്ല, പദവികള്‍, മോട്ടോര്‍ ബൈക്കുകള്‍, കുറച്ചു കൂടി സ്വാധീനമുള്ള പ്രാദേശിക നേതാക്കളാണെങ്കില്‍ കാര്‍, മക്കള്‍ക്ക് വിദ്യാഭ്യാസം തുടങ്ങി ഓരോ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനും ലോട്ടറിയായിരുന്നു 2017 മുതല്‍ 2019 വരെ ബംഗാളില്‍. നല്ലൊരു ശതമാനം പ്രാദേശിക നേതാക്കളും കൂറ് മാറി ബി.ജെ.പി യിലെത്തി, ആശയ ദൃഢതയും നിസ്വാര്‍ത്ഥതയും മാത്രമുള്ള വളരെ കുറച്ചു രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒഴികെ, അത്തരം എത്ര പേര്‍ ഉണ്ടാകുമെന്ന് ഇന്ത്യയില്‍ ജീവിക്കുന്ന ഒരാളോട് വിശദീകരിക്കേണ്ടതില്ല. ടെലിവിഷന്‍ ചാനലുകളെ മുഴുവന്‍ വിലക്ക് വാങ്ങി, ഒരു ജനാധിപത്യമാവുമ്പോള്‍ കുറച്ചു മാധ്യമങ്ങള്‍ എതിര്‍ പക്ഷത്തും വേണമെല്ലോ എന്ന് കണക്കാക്കി ഒന്നോ രണ്ടോ ചാനലുകളെ ഒഴിച്ച്. ഡല്‍ഹിയിലുള്ള മുഴുവന്‍ ചാനലുകളും ബംഗാളില്‍ തമ്പടിച്ചു ബി.ജെ.പി യുടെ മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി.

മനുഷ്യരെ ബാധിക്കുന്ന കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന മാധ്യമങ്ങള്‍ ചര്‍ച്ചകളും വാര്‍ത്തകളും മതം, ആചാരം, ന്യൂനപക്ഷ പ്രീണനം, കുടിയേറ്റം, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ മാത്രം ഒതുക്കാന്‍ തുടങ്ങി, നമ്മുടെ മണ്ഡല കാലം പോലെ. കല്‍ക്കട്ട കേന്ദ്രികരിച്ചു ഐ.ടി സെല്‍ ആരംഭിച്ചു, നൂറു കണക്കിനാളുകള്‍ ദിവസക്കൂലിക്ക് ആയിരക്കണക്കിന് വര്‍ഗീയ പോസ്റ്റുകള്‍ കലാപം ഉണ്ടാക്കാന്‍ മതിയായത്ര വിഷം ഉള്‍കൊള്ളിച്ചു പ്രചരിപ്പിക്കാന്‍ തുടങ്ങി. മതം, ജാതി, പ്രദേശങ്ങള്‍, പ്രായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ വിഭാഗങ്ങളിലും പതിനായിരക്കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍, അതിലൊക്കെ അവരവര്‍ക്ക് പറ്റിയ രീതിയിലുള്ള വിഷം, ഈ വിഷത്തിന്റെ ഒഴുക്ക് കണ്ട് അന്തം വിട്ടു നില്‍ക്കാനേ മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് കഴിഞ്ഞുള്ളു.

 

വിഷത്തിന്റെ ഒഴുക്ക് ആവശ്യത്തിനായപ്പോള്‍ അമിത് ഷാ അടുത്ത ഘട്ടം തുടങ്ങി. പ്രാദേശിക കലാപങ്ങള്‍, കൊച്ചു കൊച്ചു സംഘര്‍ഷങ്ങള്‍. ഇലക്ഷന് തൊട്ടു മുന്‍പുള്ള മാസങ്ങളില്‍ ആയിരക്കണക്കിന് സംഘര്‍ഷങ്ങളും അക്രമങ്ങളുമാണ് ബംഗാളില്‍ നടന്നത്. ആര്‍.എസ്.എസ്സിന് ആവശ്യത്തിന് ഗുണ്ടകള്‍ ഇല്ലാത്ത സംസ്ഥാനം എന്ന നിലയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ സംസ്ഥാനത്തിന്റെ തന്നെ മറ്റു ഭാഗങ്ങളില്‍ നിന്നോ വന്നവരായിരുന്നു സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത്. തെരഞ്ഞടുപ്പ് ഏഴു ഘട്ടങ്ങളിലാക്കി ഇലക്ഷന്‍ കമ്മിഷന്‍ ഗുണ്ടകളുടെ ജില്ലാന്തര ക്രമീകരണത്തിനു സൗകര്യം ചെയ്തു കൊടുത്തു, ഓരോ ഘട്ടം കഴിയുമ്പോഴും ഗുണ്ടകള്‍ മുഴുവന്‍ അടുത്ത ഘട്ടം പോളിങ് നടക്കുന്ന ജില്ലകളിലേക്ക് നീങ്ങുകയായിരുന്നു. ഏകദേശം ബംഗാളിന്റെ അത്ര തന്നെ വലിപ്പമുള്ള ആന്ധ്രയില്‍ ഒരേ ഒരു ദിവസമായിരുന്നു പോളിങ് എന്നോര്‍ക്കണം.

സംഘര്‍ഷങ്ങള്‍ ബി.ജെ.പി യും തൃണമൂലും തമ്മിലായിരുന്നെങ്കിലും അത് പരമാവധി ഹിന്ദു മുസ്ലിം സംഘര്‍ഷം ആക്കാനുള്ള തന്ത്രങ്ങളുമായിട്ടായിരുന്നു ഗുജറാത്തിലെയും യു.പിയിലെയും ആര്‍.എസ്.എസ്സുകാര്‍ ബംഗാളിലേക്ക് വന്നത്. തൃണമൂലുകാരെ ആക്രമിക്കുമ്പോള്‍ അത് തൃണമൂലിലെ മുസ്‌ലിംകളെ തന്നെയാണെന്ന് അവര്‍ ഉറപ്പ് വരുത്തി.

മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു ട്രൈബല്‍ ആനിമല്‍ ആണ്, സംഘര്‍ഷ സമയത്തു സ്വന്തം ആളുകളുടെ ഇടയിലേക്ക് ചുരുങ്ങുകയെന്നതാണു മനുഷ്യ പ്രകൃതം. സ്ഥിരമായ സംഘര്‍ഷങ്ങള്‍, കലാപ വാര്‍ത്തകള്‍, വിഷം വമിക്കുന്ന വാട്‌സാപ്പ് മെസ്സേജുകള്‍ – ബംഗാള്‍ മതാടിസ്ഥാനത്തില്‍ പിരിഞ്ഞു. മറ്റു പാര്‍ട്ടികള്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ബി.ജെ.പി ബംഗാള്‍ നേടി. മാധ്യമങ്ങളുടെ ഭാഷയില്‍ അമിത് ഷായുടെ ചാണക്യ തന്ത്രം.

 

ബംഗാള്‍ പോലെയായിരുന്നു എന്നും കേരളം. ബംഗാളില്‍ രാജാറാം മോഹന്റോയിയും ഈശ്വര ചന്ദ്ര വിദ്യാസാഗറും, കേരളത്തില്‍ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും. ബംഗാളില്‍ രവീന്ദ്ര നാഥ ടാഗോര്‍, കേരളത്തില്‍ കുമാരനാശാന്‍. ബംഗാളില്‍ ജ്യോതി ബസു, കേരളത്തില്‍ ഇ.എം.എസ് ബംഗാളില്‍ സത്യജിത് റേയും ക്രിഥ്വിക് ഘട്ടക്കും കേരളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ അബ്രഹാമും. ഇന്നിപ്പോള്‍ ബംഗാള്‍ അമിത്ഷായുടേതാണ്, ബംഗാളിലും ത്രിപുരയിലും അസ്സമിലുമൊക്കെ നടത്തി വിജയിപ്പിച്ച മാഫിയാ രാഷ്ട്രീയ പ്രവര്‍ത്തനവുമായി അമിത്ഷാ വരും. കേരളത്തിന് എത്രത്തോളം പൊരുതി നില്ക്കാന്‍ കഴിയും ?

നിപയായാലും പ്ലേഗ് ആയാലും ഒരു പരിധി കഴിയുമ്പോള്‍ സ്വയം നശിക്കും. മാഫിയകള്‍ക്കും കുറ്റവാളി സംഘങ്ങള്‍ക്കും അതെ പോലെ തന്നെ പരിമിതമായ ആയുസ്സാണ്. മാഫിയ പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അതെ പോലെ സ്വയം നശിക്കും, അങ്ങനെയാണ് ചരിത്രം. കെ.കെ.കെയും നാസികളുമൊക്കെ കാലം നശിപ്പിച്ച വിദ്വേഷ ഗ്രൂപ്പുകളാണ്. ആര്‍.എസ്.എസ്സ് നശിക്കുന്നത് വരെ പൊരുതി നില്‍ക്കുവാന്‍ കേരളത്തിന് കഴിയുമോ ?

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ