വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ എതിരാളികളുടെ തട്ടകത്തില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
ഇപ്പോള്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പ്. ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലിയെ ഏറെ മിസ് ചെയ്യുമെന്നും വിരാട് ലോകക്രിക്കറ്റില്‍ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുവെന്നും പോപ്പ് പറഞ്ഞു.
‘ഇന്ത്യ തീര്‍ച്ചയായും വിരാട് കോഹ്‌ലിയുടെ ഓറ മിസ് ചെയ്യും. ഈ പരമ്പരയില്‍ വിരാട് കളിക്കുന്നില്ല എന്നത് ഏറെ ദുഃഖമുണ്ടാക്കുന്നതാണ്. ലോകക്രിക്കറ്റില്‍ വിരാട് കോഹ്‌ലി ഏറെ ബഹുമാനം നേടിയെടുത്തു,’ പോപ്പ് പറഞ്ഞു.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും വിരാടിന്റെ അഭാവത്തെ കുറിച്ച് സംസാരിച്ചിരുന്നു.
‘ഈ പരമ്പരയില്‍ വിരാട് കോഹ്‌ലിക്കെതിരെ കളിക്കാന്‍ സാധിക്കില്ല എന്നത് ഏറെ സങ്കടകരമാണെന്ന് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. എനിക്കെതിരെ കളിച്ചവരില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട്.
അദ്ദേഹം എല്ലാ തരത്തിലുള്ള അഭിനന്ദനവും അര്‍ഹിക്കുന്നു. ജേഴ്‌സി നമ്പര്‍ 18 തന്റേതാക്കി മാറ്റാനും വിരാട് കോഹ്‌ലിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ ജയിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും കോംപിറ്റേറ്റീവ് സ്പിരിറ്റും ഇന്ത്യ തീര്‍ച്ചയായും മിസ് ചെയ്യും,’ എന്നായിരുന്നു സ്റ്റോക്‌സ് പറഞ്ഞത്.
ജൂണ്‍ 20നാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലീഡ്സിലെ ഹെഡിങ്ലിയാണ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.