ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു; ഇന്ത്യയ്‌ക്കെതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍
Sports News
ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു; ഇന്ത്യയ്‌ക്കെതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th July 2022, 9:14 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ വെച്ച് നടന്നപ്പോള്‍ ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് വഴിയൊരിക്കിയരുന്നു.

ജസ്പ്രീത് ബുംറയുടെ ഇന്‍ക്രഡിബിള്‍ ബാറ്റിങ്ങും ചൊറിയാന്‍ ചെന്ന വിരാടിന്റെ നെഞ്ചത്തിട്ട് കൊട്ടി ജോണി ബെയര്‍സ്‌റ്റോ നേടിയ സെഞ്ച്വറിയുമെല്ലാം ക്രിക്കറ്റ് ലോകം ഏറെ ആഘോഷിച്ചിരുന്നു.

എന്നാല്‍ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ചില സംഭവങ്ങളും എഡ്ജ്ബാസ്റ്റണില്‍ നടന്നിരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ ഇംഗ്ലണ്ട് ആരാധകര്‍ നടത്തിയ വംശീയ അധിക്ഷേപമായിരുന്നു അത്.

രൂക്ഷവിമര്‍ശനമായിരുന്നു പല കോണുകളില്‍ നിന്നും ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ ഉയര്‍ന്നത്. ഇതാദ്യമായിട്ടല്ല ഇംഗ്ലണ്ട് ആരാധകര്‍ നിലവിട്ടുപെരുമാറുന്നത്.

ഇപ്പോഴിതാ, ടെസ്റ്റിനിടെ നടന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു സംഭവം നടന്നത് നിരാശാജനകമാണെന്നായിരുന്നു സ്‌റ്റോക്‌സ് പറഞ്ഞത്.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘പിച്ചിലെ പ്രകടനത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ഇത് മികച്ച ഒരു ആഴ്ച തന്നെയായിരുന്നു, എന്നാല്‍ വംശീയ അധിക്ഷേപത്തിന്റെ റിപ്പോര്‍ട്ടുകള്‍ കേട്ടതോടെ ഞാന്‍ നിരാശനായിരിക്കുകയാണ്. ക്രിക്കറ്റില്‍ വംശീയ അധിക്ഷേപത്തിന് ഒരിക്കലും സ്ഥാനമില്ല.

വൈറ്റ് ബോള്‍ പരമ്പരയില്‍ ആരാധകര്‍ക്ക് മികച്ച സമയം ലഭിക്കുമെന്നും ഒരു പാര്‍ട്ടി അന്തരീക്ഷം തന്നെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് എന്നുപറഞ്ഞാല്‍ അതാണ്,’ സ്റ്റോക്‌സ് ട്വീറ്റ് ചെയ്തു.

ഇന്ത്യ – ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പരകള്‍ വ്യാഴാഴ്ച ആരംഭിക്കും. മൂന്ന് ടി-20യും അത്രതന്നെ ഏകദിനങ്ങളുമാണ് ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ ഉള്ളത്.

ബാറ്റിങ്ങിന് അനുകൂലമായ റോസ് ബൗളിലാണ് ആദ്യ ടി-20 മത്സരം അരങ്ങേറുന്നത്. ക്യാപ്റ്റന്‍ ജോ റൂട്ടും വമ്പനടി വീരന്‍ ലിയാം ലിവിങ്സ്റ്റണും തിരിച്ചെത്തുന്നതാണ് ഇംഗ്ലീഷ് പടയുടെ കരുത്ത്.

അതേസമയം, ഇന്ത്യയെ നയിക്കാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും തിരിച്ചെത്തുന്നത് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

Content highlight: Ben Stokes about racial abuse at Edgbaston