സോളോയുടെ പരാജയം ഇന്നും വലിയ വേദന; വീണ്ടും ഒരു മലയാള സിനിമ ചെയ്യാത്തതിന്റെ കാരണം അത്: ബിജോയ് നമ്പ്യാര്‍
Malayalam Cinema
സോളോയുടെ പരാജയം ഇന്നും വലിയ വേദന; വീണ്ടും ഒരു മലയാള സിനിമ ചെയ്യാത്തതിന്റെ കാരണം അത്: ബിജോയ് നമ്പ്യാര്‍
ഐറിന്‍ മരിയ ആന്റണി
Sunday, 8th March 2026, 4:21 pm

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ പരാജയം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. റിലീസിന് മുമ്പ് സിനിമയുടെ ഴോണര്‍ എന്താണെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ഒരു മാസ് എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ചാണ് തിയേറ്ററിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ദുല്‍ഖറിനെ ചെന്നൈയില്‍ വെച്ച് കണ്ടപ്പോഴാണ് ഞാന്‍ ഈ സിനിമയെ പറ്റി സംസാരിക്കുന്നത്. ആന്തോളജിയെ പറ്റിയുള്ള ഐഡിയ ഞങ്ങളുടെ അടുത്തുണ്ട്. എല്ലാ സ്റ്റോറിയും ഞാന്‍ ദുല്‍ഖറിന്റെ അടുത്ത് വിവരിച്ചിരുന്നു. അദ്ദേഹം നല്ല എക്‌സൈറ്റഡായിരുന്നു ഈ സിനിമ ചെയ്യാന്‍. തമിഴിലും മലയാളത്തിലും നമുക്കിത് ചെയ്യാമെന്ന് ദുല്‍ഖറാണ് പറഞ്ഞത്.

അന്ന് ഇന്നത്തെ പോലെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല. ഇത് നാല് കഥയാണ്, ദുല്‍ഖര്‍ സിനിമയില്‍ നാല് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത് എന്ന് നമുക്ക് ശരിക്കും പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. എന്ത് തരം സിനിമയാണ് സോളോ എന്നതിനെ പറ്റി, അവര്‍ക്ക് ഒരു ധാരണയില്ലായിരുന്നു. ഇന്നാണ് സോളോ റിലീസ് ചെയ്തതെങ്കില്‍ പ്രേക്ഷകര്‍ക്ക് സിനിമയെ പറ്റി ഒരു ഐഡിയ ഉണ്ടായേനേ,’ ബിജോയ് നമ്പ്യാര്‍ പറയുന്നു.

സോളോ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഷോക്കാണ് സമ്മാനിച്ചതെന്നും ബോക്‌സ് ഓഫീസില്‍ സിനിമ പരാജയമായി മാറിയെന്നും ബിജോയ് നമ്പ്യാര്‍ പറയുന്നു. സിനിമയുടെ പരാജയം തന്നെ നിരാശനാക്കിയെന്നും ഇന്ന് സിനിമയെ പറ്റി നല്ല പ്രതികരണങ്ങള്‍ വരുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയുടെ പരാജയം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും പിന്നീട് ഒരു മലയാള സിനിമ ചെയ്യാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് സോളയുടെ പരാജയമായിരുന്നുവെന്നും ബിജോയ് പറഞ്ഞു.

ബിജോയ് നമ്പ്യാര്‍ സഹ-രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സോളോ. ആന്തോളജി വിഭാഗത്തില്‍പ്പെട്ട ഈ സിനിമ അന്ന് ബോക്‌സ് ഓഫീസില്‍ പരാജയമായി. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരിച്ച സിനിമയിലെ റോഷമോന്‍ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.

Content Highlight:  Bejoy Nambiar says the failure of Solo hurt him a lot 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.