പാര്‍ട്ടി നേതൃത്വം വേട്ടയാടുന്നു; പുല്‍പ്പള്ളി പഞ്ചായത്തിലെ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തെ എതിര്‍ത്ത കോണ്‍ഗ്രസ് മെമ്പര്‍
Kerala
പാര്‍ട്ടി നേതൃത്വം വേട്ടയാടുന്നു; പുല്‍പ്പള്ളി പഞ്ചായത്തിലെ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തെ എതിര്‍ത്ത കോണ്‍ഗ്രസ് മെമ്പര്‍
രാഗേന്ദു. പി.ആര്‍
Saturday, 10th January 2026, 10:29 am

മാനന്തവാടി: പാര്‍ട്ടി നേതൃത്വം തന്നെ വേട്ടയാടുന്നുവെന്ന് പുല്‍പ്പള്ളി പഞ്ചായത്തിലെ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തെ എതിര്‍ത്ത കോണ്‍ഗ്രസ് മെമ്പര്‍ എം.ടി. കരുണാകരന്‍.

നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്നും കരുണാകരന്‍ ആവര്‍ത്തിച്ചു. യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തെ എതിര്‍ത്ത് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി ആറിന് ചേര്‍ന്ന മണ്ഡലം കമ്മിറ്റിയിലാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശമുണ്ടായതെന്നും കരുണാകരന്‍ പറഞ്ഞു.

ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍, പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് ജോണി പരത്തനാല്‍, മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് മണി പാമ്പനാല്‍, ബ്ലോക്ക് സെക്രട്ടറി സി.പി കുരിയാച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് മൂന്ന് സ്ഥിരം സമിതി പിടിച്ചെടുക്കണമെന്നായിരുന്നു നിര്‍ദേശം. ആര്‍ക്കെല്ലാം വോട്ട് ചെയ്യണമെന്ന് എഴുതി നല്‍കിയിരുന്നുവെന്നും കരുണാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി അംഗങ്ങളുടെ വോട്ട് കൊണ്ടാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജയിച്ചതെന്നും വെളിപ്പെടുത്തലുണ്ട്. ഗീത കുഞ്ഞിക്കണ്ണന്‍, സെലിന്‍ മാനുവല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കരുണാകരന്റെ പ്രതികരണം.

പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് താന്‍ വോട്ട് ചെയ്തതെന്നും തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടാണ് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ മറനീക്കിയതെന്നും എം.ടി. കരുണാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനായും ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്നും കരുണാകരന്‍ ആരോപിച്ചു. ഇതിലൂടെ നേതാക്കളുടെ കച്ചവട താത്പര്യമാണ് പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളില്‍ യു.ഡി.എഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടിയാണ് ബി.ജെ.പി പ്രതിനിധികള്‍ ജയിച്ചത്.

തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി പറഞ്ഞിട്ടാണ് താന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്നായിരുന്നു കരുണാകരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

എന്നാല്‍ കോണ്‍ഗ്രസ് സംഘടനയുടെ ജില്ലാ നേതാവ് കൂടിയായ കരുണാകരനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. എല്‍.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും ബി.ജെ.പിയ്ക്ക് നാലുമായിരുന്നു കക്ഷിനില.

Content Highlight: Being hunted by the leadership; Congress member who opposed the UDF-BJP alliance in Pulpally panchayat

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.