തലകീഴായി കെട്ടിത്തൂക്കിയിട്ട് കത്തിക്കുന്നു; വൈറലായി കാട്ടാളനിലെ ബി.ടി.എസ് വീഡിയോ
Malayalam Cinema
തലകീഴായി കെട്ടിത്തൂക്കിയിട്ട് കത്തിക്കുന്നു; വൈറലായി കാട്ടാളനിലെ ബി.ടി.എസ് വീഡിയോ
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 30th May 2026, 7:55 pm

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി 2024ല്‍ പുറത്തിറങ്ങിയ മാര്‍ക്കോയുടെ വിജയത്തിലൂടെ വലിയ മാര്‍ക്കറ്റാണ് വയലന്റ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ തുറന്ന് കിട്ടിയത്. ഇതിനെ കൃത്യമായി മുതലെടുക്കാന്‍ തന്നെയായിരുന്നു മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് തങ്ങളുടെ രണ്ടാമത്തെ ചിത്രമായ കാട്ടാളനുമായി തിയേറ്ററുകളിലെത്തിയത്.

കാട്ടാളന്‍. Photo: District

മാര്‍ക്കോയ്ക്ക് സമാനമായി ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റായിരുന്നു കാട്ടാളനും ലഭിച്ചിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും പലയിടങ്ങളിലായി ഉള്ള ആക്ഷന്‍ രംഗങ്ങള്‍ക്കെല്ലാം വലിയ കൈയടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഒരു ഫൈറ്റ് അസിസ്റ്റന്റിന്റെ വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വില്ലനെ കെട്ടിത്തൂക്കിയിട്ട് കത്തിക്കുന്ന സീനില്‍ ഡ്യൂപ്പായി പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 

ഇയാള്‍ തലകീഴായി കെട്ടിത്തൂങ്ങി കിടക്കുന്നതും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത ജഗദീഷ് ഇയാളുടെ മേല്‍ തീക്കൊളുത്തുന്നതും പിന്നീട് ശരീരമാകെ തീ ആളിപ്പടരുന്നതുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ തീ ശരീരമാകെ ആളിപ്പടരുന്നതും മറ്റുള്ളവര്‍ ഓടിയെത്തി തീയണക്കുന്നതും വീഡിയോയിലുണ്ട്. പൊള്ളലേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സെറ്റിലുണ്ടായിരുന്നവര്‍ ഒട്ടാകെ ആര്‍ട്ടിസ്റ്റിനെ കൈയടിച്ച് അഭിനന്ദിക്കുന്നതും കാണാം. ചിത്രത്തിലെ നായകനായ ആന്‍ണി വര്‍ഗീസിനെയും ജഗദീഷിനെയും കൂട്ടത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

കാട്ടാളന്‍ സെറ്റില്‍ നിന്നും. Photo: Screen grab/ Kalaixdc/ instagram.com

കലൈ എക്‌സ്.ഡി.സി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നുമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടനവധി പേരാണ് അഭിനന്ദനമറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സിനിമ കാണുന്നവരാരും തന്നെ ഇവരുടെ പ്രയത്‌നങ്ങളെ കുറിച്ച് അറിയുന്നില്ലെന്നും ഇവരാണ് സിനിമയിലെ യഥാര്‍ത്ഥ നായകന്മാരെന്നും പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്രയും ടെക്‌നോളജികളുള്ള കാലത്ത് ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്നും അഭിപ്രായമറിയിക്കുന്നവരുണ്ട്.

 

Content Highlight: Behind the scene video of  Kattalan movie goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.