ഇടപാടുകള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരില്‍ ഉള്‍പ്പെടെയാണ് ഭൂമിയിടപാടുകള്‍ നടത്തിയത്.
ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം ഇറക്കുന്നതിന് മുന്‍പായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബി.ജെ.പി വാങ്ങിക്കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ ഭൂമി.
നവംബര്‍ ആദ്യ ആഴ്ചയോടെയാണ് ബീഹാറിലും മറ്റ് നിരവധിയിടങ്ങിലുമായി ബി.ജെ.പി ഭൂമി വാങ്ങിക്കൂട്ടിയത്. നവംബര്‍ 8 ന് രാത്രി 500, 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് മോദി പ്രഖ്യാപനവും നടത്തി.
കാച്ച് ന്യൂസാണ് ബി.ജെ.പിയുടെ ഭൂമി ഇടപാടുകള്‍ പുറത്തുവിട്ടത്. ബീഹാറില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ബിജെപി ഭാരവാഹികള്‍ നടത്തിയ പത്തോളം ഭൂമിയിടപാടുകളുടെ രേഖകള്‍ ലഭിച്ചതായി കാച്ച്‌ന്യൂസ് വ്യക്തമാക്കുന്നു. ഇടപാടുകള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരില്‍ ഉള്‍പ്പെടെയാണ് ഭൂമിയിടപാടുകള്‍ നടത്തിയത്.
പാര്‍ട്ടിക്കായി ഭൂമി വാങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ദിംഗയില്‍ നിന്നുമുള്ള നിയമസഭാ അംഗം സഞ്ചീവ് ചൗരസിയും ഉള്‍പ്പെടുന്നു. ബീഹാറില്‍ മാത്രമല്ല ഇത്തരത്തില്‍ ഭൂമിവാങ്ങിയതെന്ന് ഇദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട്.
നിരവധിയിടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. അതിനായുള്ള പണം പാര്‍ട്ടിയില്‍ നിന്നും വരുന്നതാണ്. പാര്‍ട്ടി ഓഫീസും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മറ്റ് കെട്ടിടങ്ങള്‍ പണിയാനുമാണ് ഭൂമി വാങ്ങിയത്. നവംബര്‍ ആദ്യവാരമാണ് ഭൂമിയിടപാട് നടത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
പണമായിട്ടാണോ ചെക്കായിട്ടാണോ നല്‍കിയതെന്ന ചോദ്യത്തിന് പണമിടപാടുകളെല്ലാം വിവിധ വിധേനയാണ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ചൗരസിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് ഉടനീളം ബി.ജെ.പി ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് തന്നെയാണ്. അത്തരത്തില്‍ വരുമ്പോള്‍ നോട്ട് അസാധുവാക്കല്‍ നടപടി മോദി വേണ്ടപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നു എന്ന വാദത്തെ കൂടിയാണ് ബലപ്പെടുത്തുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഒരു ഏക്കര്‍, അര ഏക്കര്‍ തുടങ്ങി എട്ട് ലക്ഷം മുതല്‍ 1.16 കോടി രൂപ വരെയാണ് ഓരോ ഇടപാടുകള്‍ക്കുമായി പാര്‍ട്ടി ചിലവാക്കിയത്.