കണ്ണൂർ സെൻട്രൽ ജയിലിൽ കയറിയപ്പോൾ വല്ലാത്തൊരു വിറയലായിരുന്നു : ബീന ആന്റണി
മലയാള മിനിസ്ക്രീനിലെ സുപരിചിത മുഖമാണ് ബീന ആന്റണി. വർഷങ്ങളായി സീരിയൽ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരം, ഏറെ നാളുകൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’യിലൂടെ വീണ്ടും സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഷംനാത്ത എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകരുടെയും സിനിമാ മേഖലയിലുള്ളവരുടെയും കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആദ്യമായി കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിക്കേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബീന ആന്റണി. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംസാരിക്കുകയായിരുന്നു നടി.

ബീന ആന്റണി.photo.mathrbhumi English
‘ഒരു വലിയ ഗ്യാപ്പിന് ശേഷമാണ് ഞാൻ വീണ്ടും സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് കുറച്ച് ആങ്‌സൈറ്റി ഉണ്ടായിരുന്നു. സിനിമയിലെ സംഭാഷണങ്ങൾ സിങ്ക് സൗണ്ടിൽ ചെയ്യുന്നതിനെക്കുറിച്ചും പേടിയുണ്ടായിരുന്നു. അതുപോലെ ‘മഞ്ഞുമ്മൽ ബോയ്സ്’ പോലൊരു സൂപ്പർഹിറ്റ് സിനിമ ഒരുക്കിയ ചിദംബരത്തിന്റെ അടുത്ത ചിത്രമാണ് ഇത്. അതുകൊണ്ട് നമ്മൾ ചെയ്ത കഥാപാത്രം മോശമാകരുതല്ലോ എന്ന ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ രണ്ടോ മൂന്നോ റിഹേഴ്സൽ കഴിഞ്ഞപ്പോഴേക്കും എല്ലാം സെറ്റായി.
പിന്നീട് ജയിലിലെ സീനുകൾ ചിത്രീകരിക്കാൻ കണ്ണൂർ സെൻട്രൽ ജയിലിൽ പോയത് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരുന്നു. ജയിൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ ഒന്ന് ഭയന്നു. ഇതുവരെ പത്രങ്ങളിലൂടെയോ സിനിമകളിലൂടെയോ മാത്രമാണ് ജയിൽ കണ്ടിട്ടുള്ളത്. ജയിലിന്റെ പുറത്തെ വലിയ കവാടം തുറന്ന് ആളുകൾ അകത്തേക്കും പുറത്തേക്കും പോകുന്നത് കണ്ടപ്പോൾ തന്നെ എനിക്കും എന്റെ അസിസ്റ്റന്റിനും വല്ലാത്ത വിറയലായിരുന്നു. അകത്തേക്ക് പ്രവേശിക്കാനും ഒരുപാട് ഫോർമാലിറ്റികളുണ്ടായിരുന്നു. പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത്, ക്യൂവിൽ നിന്ന് വിളിച്ചാൽ മാത്രമേ അകത്തേക്ക് കടക്കാൻ പറ്റുകയുള്ളൂ.
അകത്തേക്ക് കയറിയിട്ടും എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. വലിയ കേസുകളിലെയും സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ കേസുകളിലെയും പ്രതികൾ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ വീണ്ടും പേടി തോന്നി. പിന്നീട് അവിടെ കഴിയുന്ന തടവുകാരെ കണ്ടപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു.
ഇതിന് മുമ്പ് അപ്പച്ചനൊപ്പം ഒരു പരിപാടിയുടെ ഭാഗമായി പൂജപ്പുര സെൻട്രൽ ജയിലിൽ പോയിട്ടുണ്ട്. അന്നും പേടിയുണ്ടായിരുന്നു. എന്നാൽ അവിടെ വെച്ച് യാദൃശ്ചികമായി അപ്പച്ചന്റെ ഒരു സുഹൃത്തിനെ കണ്ടത് ഇന്നും ഓർമയുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതൽ ടെൻഷൻ എനിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ പോയപ്പോഴായിരുന്നു. പക്ഷെ കുറ്റവാളികളെ നേരിട്ട് കണ്ടിട്ടൊന്നും ഇല്ലായിരുന്നു ഞങ്ങളുടെ ഷൂട്ടിങ് വേറെ ഭാഗത്തായിരുന്നു.
എന്നാലും അവിടെയുള്ള തടവുകാരെ കണ്ടപ്പോൾ ഒരുപാട് ചിന്തകൾ മനസ്സിലൂടെ കടന്നുപോയി. അവർ കുറ്റം ചെയ്തവരാണെങ്കിലും, അവരുടെ ജീവിതത്തിലെ എത്രയോ വർഷങ്ങളാണ് ആ ജയിലിനുള്ളിൽ കഴിയുന്നത്. ചിലരൊക്കെ തങ്ങൾ ചെയ്ത കാര്യങ്ങളിൽ ആത്മാർഥമായി പശ്ചാത്തപിക്കുന്നവരായിരിക്കുമല്ലോ എന്നൊക്കെ ഞാൻ ആലോചിച്ചു. അങ്ങനെ ഒരുപാട് മുഖങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാണാൻ സാധിച്ചു ബീന’ ആന്റണി പറഞ്ഞു.

ബീന ആന്റണി.photo.The Times Of India
Content Highlight: Beena Antony talks about her experience in visiting kannur central jail for shooting