'ഫസ്റ്റ് സീൻ തന്നപ്പോൾ ഞാൻ കാരവനിൽ ഇരുന്നു വിറച്ചു പോയി, സിങ്ക് സൗണ്ടാണെന്ന് അപ്പോഴാണ് അറിയുന്നത്': ബീന ആന്റണി
Malayalam Cinema
'ഫസ്റ്റ് സീൻ തന്നപ്പോൾ ഞാൻ കാരവനിൽ ഇരുന്നു വിറച്ചു പോയി, സിങ്ക് സൗണ്ടാണെന്ന് അപ്പോഴാണ് അറിയുന്നത്': ബീന ആന്റണി
കെ.എസ് ഷാബിന
Friday, 26th June 2026, 5:30 pm

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. മിനിസ്ക്രീനിലെ അമ്മ, നായിക, പ്രതിനായിക വേഷങ്ങളിലൂടെ മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമാണ് താരം.

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവാണ് ബീന ആന്റണി നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ഷംനാത്ത’ എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകരുടെയും സിനിമാമേഖലയിലുള്ളവരുടെയും വലിയ കയ്യടിയാണ് നേടിക്കൊണ്ടിരിക്കുന്നത്.

ബീന ആന്റണി.Photo:MalayalamNews

വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചും, ‘ബാലൻ’ സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ബീന ആന്റണി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബാലന്റെ പ്രിവ്യൂ ഷോ കാണാൻ എനിക്ക് വലിയ പേടിയായിരുന്നു. ഗണപതിയൊക്കെ വന്ന് വിളിച്ചതാണ്, എങ്കിലും ഞാൻ ചെയ്തത് സ്ക്രീനിൽ കാണുമ്പോൾ ഒരു ഭയം തോന്നിയിരുന്നു. കൂടാതെ ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമ ചെയ്യുന്നത്. ആദ്യത്തെ സീൻ കൈയിൽ തന്നപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ കാരവനിൽ ഇരുന്ന് വിറക്കുകയായിരുന്നു, ഇത് എങ്ങനെ ചെയ്യും എന്നോർത്ത്. ചിത്രം സിങ്ക് സൗണ്ട് ആണെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത്.

ബീന ആന്റണി.Photo:Screengrab/Youtube

സീരിയലുകളിൽ സാധാരണ പ്രോംപ്റ്റ് ചെയ്യുമ്പോൾ അത് കേട്ട് പറയുകയാണല്ലോ പതിവ്. അതുകൊണ്ട് അവിടെ പേടിക്കേണ്ട കാര്യമില്ല. എനിക്ക് 35 വർഷത്തെ അഭിനയ പരിചയം ഉള്ളതുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ സാധാരണ ടെൻഷനില്ല. പക്ഷേ സിങ്ക് സൗണ്ട് ആകുമ്പോൾ ഡയലോഗുകൾ കാണാപാഠം പഠിച്ച് പറയണം, സഹായിക്കാൻ ആരുമുണ്ടാകില്ല. എനിക്ക് തന്ന ആദ്യ സീനിലാണെങ്കിൽ ഫുൾ ‘ഷംനാത്ത’ മാത്രമാണ് സംസാരിക്കുന്നത്, നായികയ്ക്ക് വെറും ‘ഉം’ എന്ന് മൂളുക മാത്രമാണുള്ളത്.

എന്റെ ടെൻഷൻ കണ്ട് ചിദംബരവും ഗണപതിയുമൊക്കെ കാരവനിൽ കയറിവന്നു. ‘മോനേ എനിക്ക് പേടിയാവുന്നു’ എന്ന് പറഞ്ഞപ്പോൾ, ‘എന്റെ പൊന്നു ചേച്ചി ഒന്ന് മിണ്ടാതിരിക്ക്, ചേച്ചിക്ക് പേടിയോ’ എന്ന് പറഞ്ഞ് അവർ എന്നെ കളിയാക്കിയിട്ട് പോയി. ആദ്യ ടേക്കിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ ഒന്ന് രണ്ട് ടേക്ക് കഴിഞ്ഞ് കാര്യങ്ങൾ മനസിലായതോടെ, പിന്നീട് എല്ലാ സീനുകളും ഒറ്റ ടേക്കിൽ തന്നെ ചെയ്ത് തീർക്കാൻ പറ്റി’,ബീന ആന്റണി പറഞ്ഞു.

Content Hihghlight:Beena Antony talks about Balan Movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.