ബാങ്ക് ടെസ്റ്റ് എഴുതാന്‍ പോയപ്പോള്‍ ചാന്‍സ് കിട്ടിയ സിനിമ, നാനയില്‍ എന്റെ ഫോട്ടോ വന്നപ്പോഴാണ് അഭിനയം സീരിയസായത്: ബീന ആന്റണി
Malayalam Cinema
ബാങ്ക് ടെസ്റ്റ് എഴുതാന്‍ പോയപ്പോള്‍ ചാന്‍സ് കിട്ടിയ സിനിമ, നാനയില്‍ എന്റെ ഫോട്ടോ വന്നപ്പോഴാണ് അഭിനയം സീരിയസായത്: ബീന ആന്റണി
അമര്‍നാഥ് എം.
Monday, 13th July 2026, 8:08 am

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ബീന ആന്റണി. ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് ശ്രദ്ധ നേടിയ താരം സീരിയല്‍ രംഗത്ത് നിറഞ്ഞുനിന്നു. തിയേറ്ററില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയ ബാലനിലും ശക്തമായ വേഷം ബീന ആന്റണി കൈകാര്യം ചെയ്തിട്ടുണ്ട്. ഷംനാത്ത എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ബീന കാഴ്ചവെച്ചത്.

സിനിമാലോകത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന ബീന ആന്റണി തന്റെ സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. കരിയറില്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത് കനല്‍ക്കാറ്റിലായിരുന്നെന്ന് ബീന ആന്റണി പറഞ്ഞു. ആ സിനിമയില്‍ അവസരം ലഭിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും താരം പറഞ്ഞു.

ബീന ആന്റണി Photo: Screen grab/ Reporter Films

ബാങ്ക് ടെസ്റ്റ് എഴുതാനായി കലൂരില്‍ പോയപ്പോള്‍ അവിടെ ഒരു ഷൂട്ടിങ് സെറ്റ് കണ്ടെന്നും ടെസ്റ്റ് കഴിഞ്ഞ് ഷൂട്ട് കാണാനായി അങ്ങോട്ട് ചെന്നെന്നും ബീന കൂട്ടിച്ചേര്‍ത്തു. വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമോ എന്ന് പേടിയുണ്ടായിരുന്നെന്നും രണ്ടും കല്‍പിച്ച് സെറ്റിലേക്ക് പോയെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ബീന ആന്റണി.

‘പപ്പക്ക് ഇമ്മാതിരി കാര്യങ്ങളൊന്നും ഇഷ്ടമല്ല. സെറ്റില്‍ പോയി ഷൂട്ട് കാണമല്ലോ എന്ന ചിന്തയില്‍ പോയതാണ്. അവിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖന്‍ ചേട്ടന്‍ ഇരിപ്പുണ്ടായിരുന്നു. പുള്ളിയോട് കുറച്ചുനേരം സംസാരിച്ചിട്ട് വീട്ടിലേക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഷണ്മുഖന്‍ ചേട്ടന്‍ വീട്ടിലേക്ക് വണ്ടിയയച്ചു. പടത്തില്‍ ഒരു റോളുണ്ട്, വന്ന് ചെയ്യാമോ എന്ന് ചോദിച്ചാണ് വണ്ടിയയച്ചത്.

കനല്‍ക്കാറ്റ് Photo: Screen grab/ New Malayalam Movies

വീട്ടില്‍ ആ സമയത്ത് പപ്പയുണ്ടായിരുന്നില്ല. ആളുകളെ വിട്ട് പപ്പയെ വിളിച്ചുവരുത്തി. ആദ്യം പുള്ളി സമ്മതിച്ചില്ല. പിന്നീട് എന്റെ കരച്ചിലൊക്കെ കണ്ടിട്ട് പപ്പ സമ്മതിച്ചു. പറവൂര്‍ ഭരതന്‍ ചേട്ടന്റെ മകളുടെ റോളായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ 500 രൂപയും കിട്ടി. രണ്ടാഴ്ച കഴിഞ്ഞ് എന്റെ പടം നാനയില്‍ അച്ചടിച്ചുവന്നു. മമ്മൂക്കയും ഞാനും നില്‍ക്കുന്ന ഫോട്ടോയായിരുന്നു. പപ്പക്ക് അത് കണ്ടപ്പോള്‍ സന്തോഷമായി. പക്ഷേ, പുറത്ത് കാണിച്ചില്ല,’ ബീന ആന്റണി പറയുന്നു.

കനല്‍ക്കാറ്റിന് ശേഷം ശ്രീനിവാസന്‍ നായകനാകുന്ന നെറ്റിപ്പട്ടത്തിലേക്ക് തന്നെ വിളിച്ചെന്നും ബീന ആന്റണി പറഞ്ഞു. രേഖ, ജഗതി ശ്രീകുമാര്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരായിരുന്നു ആ സിനിമയിലുണ്ടായിരുന്നതെന്നും നല്ല ടെന്‍ഷനുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയെ സീരിയസായി എടുക്കാന്‍ തുടങ്ങിയത് അപ്പോഴായിരുന്നെന്നും ബീന പറയുന്നു.

Content Highlight: Beena Antony shares her experience in Kanalkaattu movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം