സൗന്ദര്യമുള്ള സ്ത്രീകള്‍ പുരുഷനില്‍ അസ്വസ്ഥതയുണ്ടാക്കും, പിന്നീടത് ബലാത്സംഗമാകും; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എം.എല്‍.എ
India
സൗന്ദര്യമുള്ള സ്ത്രീകള്‍ പുരുഷനില്‍ അസ്വസ്ഥതയുണ്ടാക്കും, പിന്നീടത് ബലാത്സംഗമാകും; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എം.എല്‍.എ
രാഗേന്ദു. പി.ആര്‍
Saturday, 17th January 2026, 6:08 pm

ജയ്പൂര്‍: പിന്നോക്ക സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ പുണ്യം ലഭിക്കുമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ ഫൂല്‍ സിങ് ബരൈയ.

തീര്‍ത്ഥാടനത്തിന് പോകാന്‍ കഴിയാത്തവര്‍ പിന്നോക്ക വിഭാഗങ്ങളിലുള്ള സ്ത്രീകളുമായി ബന്ധപ്പെടുമെന്നും അതിനവര്‍ സമ്മതിച്ചില്ലെങ്കില്‍ വെളിച്ചത്തോ ഇരുട്ടിലോ വെച്ച് ബലാത്സംഗം ചെയ്യുമെന്നും കോണ്‍ഗ്രസ് എം.എല്‍.എ പറയുന്നു.

സാധാരണയായി പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെയും മറ്റു പിന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നത്. ഈ വിഭാഗത്തിലുള്ളവരെ ബലാത്സംഗം ചെയ്താല്‍ തീര്‍ത്ഥാടനപുണ്യം ലഭിക്കുമെന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നതിനാലാണ് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നതെന്നും ഫൂല്‍ സിങ് ബരൈ പറഞ്ഞു.

ഇക്കാരണത്താലാണ് കുട്ടികള്‍ അടക്കം അക്രമിക്കപ്പെടുന്നതെന്നും ഫൂല്‍ സിങ് പറയുന്നു. നിലവില്‍ സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും അധിക്ഷേപിച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

സൗന്ദര്യമുള്ള സ്ത്രീയെ കാണുമ്പോള്‍ വഴിയിലൂടെ നടന്നുപോകുന്ന ഒരു പുരുഷന് പീഡിപ്പിക്കാന്‍ തോന്നുമെന്നും പരാമര്‍ശമുണ്ട്. സ്ത്രീയുടെ സൗന്ദര്യം പുരുഷനില്‍ അസ്വസ്ഥതയുണ്ടാക്കും. പുരുഷനെ ശല്യപ്പെടുത്തുകയും ചെയ്യും. ഇത് പിന്നീട് ബലാത്സംഗത്തിനും കാരണമാകുമെന്നാണ് ഫൂല്‍ സിങ് ബരൈയ പറഞ്ഞത്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള സ്ത്രീകള്‍ സുന്ദരികളെങ്കിലും അവരാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗത്തിന് ഇരയാകുന്നതെന്നും കോണ്‍ഗ്രസ് എം.പി പറയുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫൂല്‍ സിങ്ങിന്റെ വാദങ്ങള്‍.

സംഭവത്തില്‍ ഇതുവരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. മലിനജലം കുടിച്ച് 18 പേര്‍ മരിച്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി നേരിട്ട് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഫൂല്‍ സിങ്ങിന്റെ പ്രസ്താവന വിവാദമാകുന്നത്.

കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം ലൈംഗികമായ വൈകൃതമാണ് തുറന്നുകാട്ടുന്നതെന്ന് ബി.ജെ.പി വിമര്‍ശിച്ചു. ഫൂല്‍ സിങ്ങിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പി പ്രതികരിച്ചു. ഫൂല്‍ സിങ് സാമൂഹിക വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

Content Highlight: Beautiful women make men uncomfortable, which later leads to abuse; Congress MLA makes controversial remark

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.