വനിതാ ടി-20 ചലഞ്ചിന് ഇന്ന് തുടക്കം; മിതാലി രാജും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീതും നേര്‍ക്കുനേര്‍
T-20
വനിതാ ടി-20 ചലഞ്ചിന് ഇന്ന് തുടക്കം; മിതാലി രാജും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീതും നേര്‍ക്കുനേര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2019, 10:14 am

ജയ്പ്പൂര്‍: വനിത ടി-20 ചലഞ്ചിന് ഇന്ന് ജയ്പ്പൂരില്‍ തുടക്കം. മൂന്ന് ടീമുകളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമുകളായ സൂപ്പര്‍ നോവാസും ട്രെയിന്‍ബേസേഴ്‌സിനും പുറമേ മിതാലി രാജ് നയിക്കുന്ന വെലോസിറ്റിയും പുതുതായി മത്സരിക്കുന്നുണ്ട്.

ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയുമാണ് സൂപ്പര്‍ നോവയും ട്രെയിന്‍ബേസേഴ്‌സും യഥാക്രമം നയിക്കുന്നത്.

മേയ് 6 മുതല്‍ പതിനൊന്ന് വരെയാണ് മത്സരം നടക്കുന്നത്. ആദ്യ റൗണ്ട് മത്സരത്തിന് ശേഷം സെലക്ട് ചെയ്യപ്പെടുന്ന രണ്ട് സ്ഥാനക്കാര്‍ മേയ് 11നു നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നാലുകളികളാണ് ടൂര്‍ണമെന്റില്‍ നടക്കുന്നത്.

ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസ് ട്രെയിന്‍ബേസേഴ്‌സിനെ നേരിടും, 8 ന് ട്രെയിന്‍ബേസേഴ്‌സ് വെലോസിറ്റിയെയും 9 ന് വെലോസിറ്റിയും സൂപ്പര്‍ നോവാസും മത്സരിക്കും. ഇതില്‍ വിജയികളാവുന്ന രണ്ട് ടീമുകളാണ് 11 ന് ഫൈനലില്‍ ഏട്ടുമുട്ടുക.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മത്സരങ്ങള്‍ രാത്രി 7.30നാണ് നടക്കുന്നത്. ഒരു മത്സരം ഉച്ചയ്ക്ക് 3.30നും നടക്കും. കഴിഞ്ഞ വര്‍ഷം ഉച്ചയ്ക്ക് 2 മണിക്കായിരുന്നു മത്സരം നടന്നത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ചാമരി അട്ടപ്പട്ടു (ശീലങ്ക) നത്താലി സ്‌കിവര്‍, സോഫി എക്‌സെല്‍സ്റ്റോണ്‍ (ഇംഗ്ലണ്ട്) സകീര സീമാന്‍, സ്റ്റെഫാനി ടെയിലര്‍, ഹെയിലി മാത്യൂസ് (വെസ്റ്റ് ഇന്റീസ്)അമേലിയ കെര്‍ (ന്യുസിലാന്‍റ്) ജഹനാര അലം ബംഗ്ലാദേശ് എന്നിവരാണ് ടൂര്‍ണ്ണമെന്റിലെ പുതിയ താരങ്ങള്‍

അതേസമയം ഓസ്‌ട്രേലിയന്‍ താരങ്ങളായ മെഗ് ലാന്നിംഗ്, എല്‍സെ പെറി, അലീസ ഹീലി, ബെത്ത് മൂണി, മെഗാന്‍ ഷൂട്ട് എന്നിവര്‍ ഈപ്രാവശ്യം മത്സരത്തിനില്ല.

DoolNews Video