ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ അടുത്തകാലത്തായി ഇരു താരങ്ങളും ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഓസ്‌ട്രേലിയക്ക് എതിരെയായിരിക്കും ഇരുവരുടെയും വിടവാങ്ങല്‍ മത്സരം എന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ല. ഇരുവരും വിരമിച്ചിട്ടില്ലെന്നും ഇപ്പോഴും ഏകദിനം കളിക്കുന്നുണ്ടെന്നും ശുക്ല പറഞ്ഞു. മാത്രമല്ല ബി.സി.സി.ഐ ഒരിക്കലും ഒരു കളിക്കാരനെയും വിരമിക്കല്‍ നിര്‍ബന്ധിക്കില്ലെന്നും താരങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ എപ്പോഴാണ് വിരമിച്ചത്? രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇപ്പോഴും ഏകദിനങ്ങള്‍ കളിക്കുന്നുണ്ട്. ബി.സി.സി.ഐ ഒരിക്കലും ഒരു കളിക്കാരനെയും വിരമിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. തീരുമാനം കളിക്കാരുടേതാണ്, സ്വതന്ത്രമായി തീരുമാനമെടുക്കേണ്ടത് അവരാണ്,’ രാജീവ് ശുക്ല പറഞ്ഞു.
അതേസമയം 2025 ഏഷ്യാ കപ്പ് സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് ആരംഭിക്കുന്നത്.