സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ വാര്‍ത്ത സമ്മേളനത്തില്‍ ബി.സി.സി.ഐ അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്. വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം കൊല്‍ക്കത്ത പിച്ചിനെതിരെ നടത്തിയ പരാമര്‍ശത്തിലും അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ സ്വരത്തിലും ഉള്ളടക്കത്തിലും ഇന്ത്യന്‍ മാനേജ്‌മെന്റിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോള്‍ പരിശീലകനെ ബി.സി.സി.ഐ പിന്തുണച്ചിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ടി – 20 ലോകകപ്പിലെ ടീമിന്റെ പ്രകടനത്തിന് അനുസരിച്ചായിരിക്കും ഗംഭീറിന്റെ പരിശീലക ഭാവിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് ആതിഥേയത്വം വഹിക്കുന്ന ടി – 20 ലോകകപ്പിന് ഇന്ത്യ ടീമിന് മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ ഗംഭീറിന് ഇപ്പോള്‍ ലഭിക്കുന്ന ബി.സി.സി.ഐ പിന്തുണ നഷ്ടമാവാന്‍ സാധ്യതയുണ്ട്.
ഗൗതം ഗംഭീർ ടി – 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം Photo: BCCI/x.com
നേരത്തെ, പ്രോട്ടിയാസിനെതിരെയുള്ള ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഗംഭീറിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പരിശീലകന്‍ ഗംഭീറിനെ ഇന്ത്യന്‍ മാനേജ്‌മെന്റ് പിന്തുണക്കുകയും അദ്ദേഹം തന്നെ പരിശീലകനായി തുടരുമെന്നും അറിയിച്ചിരുന്നു.
മത്സരത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോല്‍വിയില്‍ താനടക്കമുള്ള എല്ലാവരും കുറ്റക്കാരാണെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. ഒപ്പം ഇതൊരു യുവടീമാണെന്നും അവര്‍ക്ക് മികവിലേക്ക് ഉയരാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ. താനാണ് ടീമിന് ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടി കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ അത് എല്ലാവരും അത് പെട്ടെന്ന് മറക്കുന്നുവെന്നുമാണ് ഗംഭീര്‍ പറഞ്ഞിരുന്നു. ഇതെല്ലം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.
നേരത്തെ, ഒന്നാം ടെസ്റ്റില്‍ തോറ്റതിന് ശേഷം കൊല്‍ക്കത്ത പിച്ചിനെ കുറിച്ചും ഗംഭീര്‍ നടത്തിയ പരാമര്‍ശവും വലിയ വിവാദമായിരുന്നു.
കൂടാതെ, വിവിധ ഫോര്‍മാറ്റില്‍ ഗംഭീര്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങളുണ്ട്. താരങ്ങളുടെ ബാറ്റിംഗ് സ്ഥാനങ്ങള്‍ നിരന്തരമായി മാറ്റുന്നതും അര്‍ഹരായ പല താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.