ഐ.പി.എല്‍ പുനരാരംഭിക്കുന്നു; കാര്യങ്ങള്‍ ഇങ്ങനെ...
Sports News
ഐ.പി.എല്‍ പുനരാരംഭിക്കുന്നു; കാര്യങ്ങള്‍ ഇങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th May 2025, 1:27 pm

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കാന്‍ ബി.സി.സി.ഐ. മെയ് 16നോ 17നോ മത്സരങ്ങള്‍ തുടങ്ങുമെന്നാണ് സ്‌പോര്‍ട്‌സ് തക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയായിരിക്കും ഐ.പി.എല്‍ തുടങ്ങുക. ഇന്ന് (തിങ്കള്‍) നടക്കുന്ന ചര്‍ച്ചയില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനങ്ങള്‍.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.പി.എല്‍ ഗവേര്‍ണിങ് ബോഡിയും ഫ്രാഞ്ചൈസികളെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഫ്രാഞ്ചൈസികള്‍ മടങ്ങിപ്പോയ വിദേശ താരങ്ങളെ എത്രയും പെട്ടന്ന് തിരിച്ച് വിളിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം പ്ലേഓഫുകളുടെ വേദികളില്‍ മാറ്റമുണ്ടാകും. ക്വാളിഫയര്‍ 1, 2, എലിമിനേറ്റര്‍ എന്നിവയുടെ വേദി മാറ്റിയിട്ടില്ലെങ്കിലും ഫൈനല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് അഹമ്മദാബാദിലെ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കാം. ഫൈനല്‍ മെയ് 30 അല്ലെങ്കില്‍ ജൂണ്‍ ഒന്നിന് നടക്കും. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മെയ് എട്ടിന് പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് കളിക്കാരെയും കാണികളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതമായി സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കുക ആയിരുന്നു. പിന്നാലെ ഒരാഴ്ചത്തേക്ക് ഐ.പി.എല്‍ താത്കലികമായി ബി.സി.സി.ഐ നിര്‍ത്തിവെക്കുകയായിരുന്നു.

ഐ.പി.എല്ലില്‍ ഇനി 16 മത്സരങ്ങളാണ് ബാക്കിയുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്താണ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ടീം നേടിയത്. രണ്ടാം സ്ഥാനത്ത് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് നേടി ബെംഗളൂരുവും ഉണ്ട്. നെറ്റ് റണ്‍ റേറ്റിന്റെ കുറവ് മൂലമാണ് ബെംഗളൂരു രണ്ടാമതെത്തിയത്.

Content Highlight: BCCI to resume IPL, which was suspended due to War between India and Pakistan