ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക് നല്‍കാതെ കൊണ്ടുപോയ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സെക്കിയ.
പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയില്‍ നിന്നും ഏഷ്യന്‍ ക്രിക്കറ്റ് കിരീടം സ്വീകരിക്കേണ്ടതില്ല എന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തിന് പിന്നാലെയാണ് നഖ്‌വി ട്രോഫിയുമായി പോയത്.
‘പാകിസ്ഥാന്റെ പ്രധാന നേതാക്കളില്‍ ഒരാള്‍ കൂടിയായ എ.സി.സി ചെയര്‍മാനില്‍ നിന്നും ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതിനര്‍ത്ഥം ആ ട്രോഫിയുമായി അദ്ദേഹത്തിന് പോയ്ക്കളയാം എന്നല്ല,’ ട്രോഫിയില്ലാതെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ട്രോഫി സെലിബ്രേഷന്‍ നടത്തിയതിന് പിന്നാലെ സെക്കിയ അഭിപ്രായപ്പെട്ടു.
‘ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. എത്രയും പെട്ടെന്ന് തന്നെ മെഡലുകളും ട്രോഫിയും ഞങ്ങള്‍ക്ക് തിരികെ തരുമെന്നാണ് വിശ്വസിക്കുന്നത്,’ സെക്കിയ കൂട്ടിച്ചേര്‍ത്തു.
നവംബറില്‍ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കുമെന്നും സെക്കിയ പറഞ്ഞു.
ദുബായില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ അവസാന പന്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം നിലപാടെടുത്തത്.
നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. പാകിസ്ഥാന്‍ നായകനൊപ്പം ഫൈനല്‍ ഫോട്ടോഷൂട്ടിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയിരുന്നില്ല.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സാഹിബ്സാദ് ഫര്‍ഹാന്‍ (38 പന്തില്‍ 57), ഫഖര്‍ സമാന്‍ (35 പന്തില്‍ 46) എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ടീമിലെ ആദ്യ മൂന്ന് താരങ്ങള്‍ക്കൊഴികെ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ 19.4 ഓവറില്‍ പാകിസ്ഥാന്‍ 146ന് പുറത്തായി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയതോടെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (പത്ത് പന്തില്‍ 12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (അഞ്ച് പന്തില്‍ ഒന്ന്) പതിവ് തെറ്റിക്കാതെ നിരാശരാക്കി.
20/3 എന്ന നിലയില്‍ നിന്നും തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യന്‍ ടോട്ടലില് നിര്‍ണായകമായി. 24 റണ്‍സടിച്ച സഞ്ജുവിനെ മടക്കി അബ്രാര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ ശിവം ദുബെയെ (22 പന്തില്‍ 33) ഒപ്പം കൂട്ടിയും തിലക് മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 53 പന്തില്‍ പുറത്താകാതെ 69 റണ്‍സടിച്ച തിലക് വര്‍മയാണ് കളിയിലെ കേമന്‍.
Content Highlight: BCCI slams Mohsin Naqvi after Asia Cup trophy presentation fiasco