അഞ്ച് ഇന്ത്യന്‍ താരങ്ങളെ ഏഷ്യാ കപ്പിന് അയക്കില്ല; പ്രസ്താവനയുമായി ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍
Cricket
അഞ്ച് ഇന്ത്യന്‍ താരങ്ങളെ ഏഷ്യാ കപ്പിന് അയക്കില്ല; പ്രസ്താവനയുമായി ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th August 2025, 8:39 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ലെ ഏഷ്യാ കപ്പിനാണ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദുബായില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. മാത്രമല്ല നാല് റിസര്‍വ് താരങ്ങളേയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം റിസര്‍വ് കളിക്കാരായ യശസ്വി ജെയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നീ താരങ്ങള്‍ ബി.സി.സി.ഐ ഏഷ്യാ കപ്പിനായി ദുബായിലേക്ക് അയക്കില്ലെന്നാണ് അറിയുന്നത്. ബി.സി.സി.ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഈ കാര്യം പറഞ്ഞത്.

‘ജെയ്‌സ്വാള്‍, പ്രസീദ്ധ്, സുന്ദര്‍, പരാഗ്, ജുറെല്‍ എന്നിവര്‍ ദുബായിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ല. എല്ലാ കളിക്കാരും സെപ്റ്റംബര്‍ നാലിന് ദുബായില്‍ എത്തും, ആദ്യ പരിശീലന സെഷന്‍ സെപ്റ്റംബര്‍ അഞ്ചിനാണ്. തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് ദുബായിലേക്ക് പറക്കും,’ ബി.സി.സി.ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: BCCI Senior Officer Talking About Indian Reserve Players In Asia Cup