12 മുതല്‍ 14 ലക്ഷം വരെ; വന്‍ സാലറി ഹൈക്കുമായി ബി.സി.സി.ഐ
Cricket
12 മുതല്‍ 14 ലക്ഷം വരെ; വന്‍ സാലറി ഹൈക്കുമായി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd December 2025, 10:58 pm

ആഭ്യന്തര ക്രിക്കറ്റിലെ വനിത താരങ്ങളുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും ശമ്പളം വര്‍ധിപ്പിച്ച് ബി.സി.സി.ഐ. ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. വനിത താരങ്ങളുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും ശമ്പളത്തില്‍ ഇരട്ടടിയിലധികമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ക്രിക്കറ്റില്‍ കൂടുതല്‍ തുല്യമായ വേതന ഘടന സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന വിവരം. ഈ വര്‍ധനവിന് ബി.സി.സി.ഐയുടെ കമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇന്ത്യൻ വനിതാ ടീം ഏകദിന ലോകകപ്പുമായി. Photo; BCCI women/x.com

പുതുക്കിയ ശമ്പള ഘടന പ്രകാരം ആഭ്യന്തര ക്രിക്കറ്റിലെ സീനിയര്‍ വനിതാ താരങ്ങള്‍ക്ക് പ്രതിദിനം 50000 മുതല്‍ 60000 രൂപ വരെ ലഭിക്കും. നിലവില്‍ ഒരു ദിവസത്തിന് 20000 രൂപയായിരുന്നു. റിസര്‍വ് താരങ്ങള്‍ക്കിത് 10000 രൂപയും.

കൂടാതെ, ഏകദിനത്തിലും മള്‍ട്ടി ഡേ ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ക്കും ശമ്പളത്തില്‍ മാറ്റം വന്നിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് ഒരു ദിവസം 50000 രൂപ ലഭിക്കും. ടീമിലുള്ള റിസര്‍വ് താരങ്ങള്‍ക്ക് ഇവരുടെ പകുതി തുക അഥവാ 25000 രൂപ ശമ്പളമാണുള്ളത്.

ദേശീയ ടി -20 ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് ഒരു മത്സര ദിനത്തിന് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയും ലഭിക്കും.

ഇതിനൊപ്പം തന്നെ അണ്ടര്‍ 23, അണ്ടര്‍ 19 താരങ്ങളുടെയും ശമ്പളത്തിലും വര്‍ധനവുണ്ട്. പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ 25000 ഒരു ദിവസം നേടുമ്പോള്‍ റിസര്‍വ് താരങ്ങള്‍ 12500 രൂപയും കീശയിലാക്കും.

ഈ ശമ്പള ഘടന പ്രകാരം എല്ലാ ടൂര്‍ണമെന്റിലും കളിക്കുന്ന സീനിയര്‍ വനിതാ താരങ്ങള്‍ക്ക് 12 ലക്ഷം മുതല്‍ 14 ലക്ഷം വരെ ഒരു സീസണില്‍ നേടാന്‍ സാധിക്കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

താരങ്ങളുടെ വര്‍ധനവിനൊപ്പം തന്നെ റഫറിമാരുടെയും അമ്പയര്‍മാരുടെയും ശമ്പളത്തില്‍ മാറ്റമുണ്ട്. ഒരു ദിവസം മാച്ച് റഫറിമാര്‍ 40000 രൂപയും നോക്ക്ഔട്ട് മത്സരങ്ങളില്‍ 50000 മുതല്‍ 60000 രൂപയുമാണ് ലഭിക്കുക.

Content Highlight: BCCI makes huge salary hike for Domestic Women cricketers and match officials