ഒരേസമയം രണ്ട് വ്യത്യസ്ത ടീമുകളെ കളത്തിലിറക്കാന്‍ ബി.സി.സി.ഐ; നീക്കം ചരിത്രത്തില്‍ മൂന്നാം തവണ
Sports News
ഒരേസമയം രണ്ട് വ്യത്യസ്ത ടീമുകളെ കളത്തിലിറക്കാന്‍ ബി.സി.സി.ഐ; നീക്കം ചരിത്രത്തില്‍ മൂന്നാം തവണ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th February 2022, 8:14 pm

ഒരേസമയം രണ്ട് വ്യത്യസ്ത ടീമുകളെ കളത്തിലിറക്കാന്‍ പദ്ധതിയുമായി ബി.സി.സി.ഐ. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരകള്‍ തീര്‍ക്കുന്നതിനായാണ് ബി.സി.സി.ഐ ഇത്തരത്തിലൊരു ഉപായത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിന് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പര്യടനമുണ്ട്. ഏഷ്യാ കപ്പിനും പങ്കെടുക്കേണ്ടതിനാല്‍ അയര്‍ലാന്‍ഡിനേയും സിംബാബ്‌വേയും നേരിടാന്‍ രണ്ടാം സംഘത്തെയാവും ബി.സി.സി.ഐ അയക്കുക.

ടൈസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലാന്‍ഡിനൊപ്പവും ഇംഗ്ലണ്ടിനൊപ്പവും ഒരേ സമയമായിരിക്കും ഇന്ത്യയുടെ മത്സരം ഉണ്ടാവുക. ഇതെല്ലാം കണക്കിലെടുത്താവും രണ്ട് വ്യത്യസ്ത ടീമുകള്‍ എന്ന ആശയവുമായി ബി.സി.സി.ഐ മുന്നോട്ടു പോവുന്നത്.

‘മത്സരങ്ങളുടെ ഷെഡ്യൂളുകളെ കുറിച്ച് താരങ്ങളെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ അവധിയെ കുറിച്ചോ ഇടവേളകളെ കുറിച്ചോ താരങ്ങള്‍ നേരത്തെ അറിയിക്കണം. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്‍പ് ഏഷ്യാ കപ്പും ചില പര്യടനങ്ങളും നടക്കാനുണ്ട്.

ഇന്ത്യയുടെ പ്രധാന സംഘം ഏഷ്യാ കപ്പില്‍ കളിക്കുമ്പോള്‍ രണ്ടാം സംഘം സിംബാബ്‌വേയോടേറ്റുമുട്ടും,’ ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ പുതിയ പര്യടനങ്ങളെ കുറിച്ച് ബി.സി.സി.ഐ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല. നിലവില്‍ ശ്രീലങ്കയുമായുള്ള പരമ്പരയിലാണ് ഇന്ത്യ. ശേഷം ഐ.പി.എല്ലും വരാനുണ്ട്.

ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്കെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെയും ഇന്ത്യ നേരിടും. ഇതേസമയം തന്നെയായിരിക്കും ഇന്ത്യയുടെ രണ്ടാമത്തെ ടീം സിംബാബ്‌വേയെയും അയര്‍ലാന്‍ഡിനെയും നേരിടുന്നത്.

രണ്ട് തവണയായിരുന്നു ഇന്ത്യ ഒരേസമയം രണ്ട് വ്യത്യസ്ത ടീമുകളെ കളത്തിലിറക്കിയത്. 2021ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോള്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള രണ്ടാം സംഘം ശ്രീലങ്കയെ നേരിട്ടിരുന്നു.

1998ലായിരുന്നു ബി.സി.സി.ഐ ആദ്യമായി ഇത്തരമൊരു ഈ നീക്കം നടത്തിയത്. ഒരു ടീം കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ രണ്ടാം ടീം സഹാറ കപ്പിലും പങ്കെടുത്തിരുന്നു.

Content Highlight: BCCI likely to field two teams simultaneously for the third time in history